തൃശൂർ: തൃശൂർ നെല്ലിക്കുന്ന് മന്ദകൻ വീട്ടിൽ ഷാജന്റെ മകൻ സനീഷ് ബോഡി ബിൽഡിംഗിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും ജില്ലാ-സംസ്ഥാനതല മത്സരങ്ങളിലും ജേതാവായിരുന്നു. ഇയാൾക്ക് റെയിൽവേയുടെ സ്പോർട്സ് ക്വാട്ടയിൽ ക്ലർക്ക് തസ്തികയിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് മുൻ എംപി.പീതാംബരക്കുറുപ്പ് പണം തട്ടിയെടുത്തതെന്നാണ് പരാതി. ഒല്ലൂർ മുൻ എംഎൽഎ ആയിരുന്ന എംപി. വിൻസെന്റാണ് പീതാംബരക്കുറുപ്പിനെ പരിചയപ്പെടുത്തിയതെന്നും പരാതിക്കാരനായ ഷാജൻ പറയുന്നു.

റെയിൽവേ ബോർഡിൽ അംഗമായ എംപിക്ക് സ്പോർട്സ് ക്വാട്ടയിൽ ഒരാളെ നിയമിക്കാനാകുമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു മുൻ എംഎൽഎ വിൻസന്റും എംപിയും ശിങ്കിടികളും. പല സുഹൃത്തുക്കളുടെ കൈയിൽനിന്നും കടമായാണ് ഇത്രയും പണം സംഘടിപ്പിക്കുന്നതെന്ന് പറഞ്ഞപ്പോൾ, ജോലി കിട്ടിയാൽ ഉടൻ റെയിൽവേയിൽ നിന്നും 30 ലക്ഷം രൂപ ലോൺ എടുക്കാം എന്നും ഒട്ടും പേടിക്കേണ്ടതില്ലെന്നും പീതാംബരക്കുറുപ്പ് ആശ്വസിപ്പിച്ചു.35,000 രൂപയാണ് ശമ്പള ലഭിക്കുക. സുകൃതം ചെയ്ത അച്ഛനും ഭാഗ്യമുള്ള മകനുമാണ് നിങ്ങളെന്ന് കാലിൽവീണ യുവാവിനോടും പിതാവിനോടും എംപി പറഞ്ഞു.

ഇരുപത്തിരണ്ടര ലക്ഷം രൂപ അഞ്ചുതവണകളായാണ് നൽകിയത്്. എല്ലാം പീതാംബരക്കുറുപ്പ് നിർദ്ദേശിച്ചതുപോലെ തിരുവനന്തപുരത്തുള്ള കുറുപ്പിന്റെ വിശ്വസ്തൻ ഷിബുവിന്റെ കൈയിലായിരുന്നു. ബാങ്ക് വഴി ആറര ലക്ഷം രൂപയാണ് കൈമാറിയത്. അത് ഷിബുവിന്റെ ഇപ്പോഴത്തെ ഭാര്യയുടെയും കുട്ടിയുടെയും അക്കൗണ്ട് നമ്പറിലേക്കായിരുന്നു. വിൻസെന്റ എംഎൽഎയുടെ പിഎ ആയി ജലവിഭവവകുപ്പിൽ നിന്നും ഡെപ്യൂട്ടേഷനിൽ വന്നിരുന്ന അരുണും കൂട്ടത്തിലുണ്ടായിരുന്നു.

2013 അവസാനം നടന്ന സംഭവത്തിൽ ലോകായുക്തക്കാണ് ഷാജൻ പരാതി ആദ്യം നൽകിയത്. എംപി.വിൻസെന്റ് എംഎൽഎയുടെ സ്വാധീനംമൂലം തൃശ്ശൂരിലെ പൊലീസ് ഉദ്യോഗസ്ഥരിൽ വിശ്വാസമില്ലെന്നു കാണിച്ചു നൽകിയ പരാതി അന്വേഷിച്ചത് പാലക്കാട് എസ്‌പി ആയിരുന്ന മഞ്ജുനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.. ഡിവൈ.എസ്‌പി ശശിധരൻ, സിഐ സന്തോഷ് തുടങ്ങിയവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

ഭരണകക്ഷിയിലെ എംഎൽഎയും എംപിയും പ്രതിസ്ഥാനത്തുവരുന്ന തട്ടിപ്പ് കേസ്സിൽ അന്വേഷണം വേണമെന്ന് ഉദ്യോഗസ്ഥർ റിപ്പോർട്ട് തയ്യാറാക്കിയെങ്കിലും ഒന്നും നടന്നില്ല. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ്.അച്യുതാനന്ദനും മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കും പരാതിയുടെയും അന്വേഷണ റിപ്പോർട്ടിന്റെയും കോപ്പി അയച്ചിരുന്നു.പ്രതിപക്ഷ നേതാവിനു ലഭിച്ച പരാതിയുടെ കോപ്പി ഒല്ലൂർ സിഐക്ക് കൈമാറി..എന്നാൽ സ്ഥലം എംഎൽഎക്കെതിരെ നടപടിയൊന്നും സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയുമായിരുന്നില്ല.

ഇടതുമുന്നണി അധികാരത്തിലെത്തുകയും ഒല്ലുരിൽ പുതിയ സിഐ ചാർജെടുക്കുകയും ചെയ്തതിനുശേഷമാണ് ഈ കേസ്സ് വീണ്ടും ഉയർന്നുവന്നത്. തൃശ്ശൂർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലാണ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. രണ്ടാഴ്ചമുൻപ് രജിസ്റ്റർ ചെയ്ത കേസ്സിൽ രണ്ടും മൂന്നും പ്രതികളാണ് മുൻ എംപി പീതാംബരക്കുറുപ്പും മുൻ ഒല്ലൂർ എംഎൽഎ വിൻസെന്റും ഇടനിലക്കാരനായ ഷിബുടി. ബാലനാണ് ഒന്നാംപ്രതി.

ആലപ്പുഴക്കാരനായ ബാലകൃഷ്ണൻ എന്നൊരാളെ റെയിൽവേയിലെ ഉയർന്ന ഐഎഎസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് പീതാംബരക്കുറുപ്പ് വിട്ടിരുന്നുവെന്നും പരാതിക്കാരൻ പറയുന്നു. കഴിഞ്ഞ ദിവസം പരാതിക്കാരനായ ഷാജന്റെയും ഇദ്ദേഹത്തിന് സാമ്പത്തികസഹായം നൽകുകയും തിരുവനന്തപുരത്തേക്ക് കൂട്ടു പോകുകയും ചെയ്ത സുഹൃത്തുക്കളുടെയും വിശദമായ മൊഴി പൊലീസെടുത്തിരുന്നു. ഷിബു ടി. ബാലൻ, അരുൺ, ചേർത്തലയിൽ ഇപ്പോൾ ഹോട്ടൽ നടത്തുന്ന ബാലകൃഷ്ണൻ എന്നിവരെ പൊലീസ് ഉടൻ ചോദ്യം ചെയ്യും.

നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പ്രശ്നം ഒത്തുതീർപ്പിലെത്തിക്കാനായി മൂന്നുതവണ എംപി.വിൻസെന്റ് എംഎൽഎ തൃശ്ശൂരിൽ വച്ച് ഷാജനെ ചർച്ചക്ക് വിളിച്ചിരുന്നു. ആദ്യതവണ ചർച്ചക്ക് പോയപ്പോൾ ഭീഷണിയായിരുന്നു എംഎൽഎയുടെ ഭാഷ. നിന്നെ ഇല്ലാതാക്കുമെന്നും കുടുംബം തകർക്കുമെന്നും ഭീഷണി മുഴക്കി. എന്നാൽ 14 വയസ്സുമുതൽ തൃശ്ശൂരിലെ പച്ചക്കറി മാർക്കറ്റിൽ ചാക്കു ചുമന്നു ജീവിക്കുന്ന തനിക്ക് മരിക്കാൻ ഭയമില്ലെന്ന് തിരിച്ചടിച്ചു. അദ്ധ്വാനിച്ചും കടംവാങ്ങിയും നൽകിയ പണത്തിന്റെ കാര്യത്തിൽ പരിഹാരമുണ്ടാകണമെന്ന ഉറച്ച നിലപാടായിരുന്നു ഷാജന്റേത്. അപ്പോൾ അനുനയത്തിന്റെ സ്വരമായി. ഷാജന്റെ മകൾക്ക് തൃശ്ശൂർ ജില്ലയിലെ കുരിയച്ചിറ, നടത്തറ, പീച്ചി എന്നീ സഹകരണ ബാങ്കുകളിൽ ഏതിലെങ്കിലും ജോലി വാഗ്ദാനമായിരുന്നു അടുത്തത്. 20 ലക്ഷമാണ് നൽകേണ്ടത്.

പക്ഷേ 10 ലക്ഷം തന്നാൽ മതി. ബാക്കി 10 ലക്ഷം ഈ കണക്കിൽ ഉൾപ്പെടുത്താമെന്നും പറഞ്ഞു. എന്നാൽ ഷാജൻ എംഎൽഎയുടെ ഈ ഓഫർ നിരസിക്കുകയായിരുന്നു. മാത്രമല്ല വിൻസന്റിന്റെ തെരഞ്ഞടുപ്പ് കമ്മിറ്റി ഓഫീസ ഉദ്ഘാടനത്തിന് എത്തുന്ന രമേശ് ചെന്നിത്തലയെ രാമനിലയത്തിൽ പോയി കണ്ട് പീതാംബരക്കുറുപ്പിനെതിരെ പരാതി നൽകാനും നിർബന്ധിച്ചു. പരാതി എംഎൽഎ തയ്യാറാക്കി തരാമെന്നാണ് പറഞ്ഞത്. എന്നാൽ നിങ്ങളുടെ പരാതിയല്ല, തന്റെ പരാതി നൽകാൻ അനുവദിക്കുകയാണെങ്കിൽ വരാമെന്ന നിലപാടാണ് ഷാജൻ സ്വീകരിച്ചത്. ഇതിനു തയ്യാറാകാതിരുന്ന വിൻസന്റ് പിന്നീട് വിളിച്ചിട്ടില്ലെന്നും പരാതിക്കാരൻ പറയുന്നു.