- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതൊരു കൊടുംചതിയുടെ കഥയാണ്; എന്റെ സ്ഥാനാർത്ഥിത്വം തെറിപ്പിക്കുന്നതിന് ആസൂത്രണം ചെയ്ത ഗൂഢാലോചന; നട്ടപ്പാതിരായ്ക്ക് ഒരു സ്വർണക്കട തുറപ്പിച്ചു 10 പവന്റെ നെക്ലസാണ് പാരിതോഷികം നൽകിയത്; നടിയുടെ ശരീരത്തിൽ സ്പർശിച്ചത് കുറുപ്പല്ല! കൊല്ലത്തെ പഴയ കഥയ്ക്ക് പുതിയ ഭാഷ്യവുമായി 'ഇന്നലെയുടെ തീരത്ത്'
കൊല്ലം: അഷ്ടമുടിക്കായലിൽ അരങ്ങേറിയ പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തിനിടെ ചലച്ചിത്ര നടിയോട് അന്നത്തെ എംപി എൻ.പീതാംബരക്കുറുപ്പ് അപമര്യാദയായി പെരുമാറിയെന്ന വിവാദത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് ആരോപണം. അടുത്ത തിരഞ്ഞെടുപ്പിൽ കുറുപ്പിന്റെ സ്ഥാനാർത്ഥിത്വം തെറിപ്പിക്കുന്നതിന് ആസൂത്രണം ചെയ്ത വിവാദമായിരുന്നേ്രത അത്. മുതിർന്ന കോൺഗ്രസ് നേതാവ് പ്രഫ. ജി.ബാലചന്ദ്രൻ എഴുതിയ 'ഇന്നലെയുടെ തീരത്ത്' എന്ന പുസ്തകത്തിലാണു ഈ വെളിപ്പെടുത്തൽ ഉള്ളത്. കുറുപ്പിനെ ഉദ്ദരിച്ചാണ് ആ കഥ ബാലചന്ദ്രൻ പറയുന്നത്. കോൺഗ്രസിലെ തലമുതിർന്ന നേതാക്കളിൽ ഒരാളാണഅ പ്രഫ ബാലചന്ദ്രൻ. എകെ ആന്റണിയുടെ പഴയ വിശ്വസ്തൻ.
കുറുപ്പ് പറഞ്ഞതായി പ്രഫ.ബാലചന്ദ്രൻ എഴുതുന്നത് ഇങ്ങനെ: 'അതൊരു കൊടുംചതിയുടെ കഥയാണ്. എന്റെ സ്ഥാനാർത്ഥിത്വം തെറിപ്പിക്കുന്നതിന് ആസൂത്രണം ചെയ്ത ഗൂഢാലോചന. നട്ടപ്പാതിരായ്ക്ക് ഒരു സ്വർണക്കട തുറപ്പിച്ചു 10 പവന്റെ നെക്ലസാണ് പാരിതോഷികം നൽകിയത്. കലാഭവൻ മണിയും നടിയും വന്നപ്പോൾ സദസ്സിനു ഹരമായി. കയ്യടിച്ചും ആർത്തുവിളിച്ചും അവർ മുന്നോട്ടാഞ്ഞു. അവരെ നിയന്ത്രിക്കാൻ ഞാനടക്കം സംഘാടകരെല്ലാം കിണഞ്ഞു ശ്രമിച്ചു. ആരുടെയോ കൈപ്പിഴ എന്റെ ഗ്രഹപ്പിഴയായി.
ഞാൻ പിന്നീട് അറിഞ്ഞത്, ഒരു റിട്ട. അദ്ധ്യാപകൻ ഉണ്ടാക്കിയ കുസൃതിയാണ് കറങ്ങിത്തിരിഞ്ഞ് എന്റെ തലയിലായത്. അന്നു ഡിസിസി പ്രസിഡന്റ് ജി.പ്രതാപവർമ തമ്പാനാണ്. അദ്ദേഹം സത്യാവസ്ഥ അറിയാൻ എസ്‌പിയോടൊപ്പം എല്ലാ ഫൊട്ടോഗ്രാഫർമാരുടെയും ഫോട്ടോ പരിശോധിച്ചു. അതിലെങ്ങും ഞാൻ തെറ്റു ചെയ്ത ചിത്രമില്ല. തമ്പാൻ അപ്പോൾതന്നെ പീതാംബരക്കുറുപ്പു കുറ്റവാളിയല്ലെന്നു പറഞ്ഞു പ്രസ്താവന കൊടുത്തു.
സത്യാവസ്ഥ അറിയാതെ കേട്ടപാടെ നടിക്ക് അനുകൂലമായി മഹിളാ കോൺഗ്രസ് നേതാക്കൾ പ്രസ്താവന നൽകിക്കഴിഞ്ഞിരുന്നു. കോൺഗ്രസിൽ തിരിമറികളും മറിമായങ്ങളും സാധാരണമാണ്. അപ്രതീക്ഷിതമായതിനെ രാഷ്ട്രീയക്കാരൻ എപ്പോഴും പ്രതീക്ഷിക്കണം. ഒരിക്കൽ വീണാൽ പിന്നെ പിടിച്ചുകയറാൻ പ്രയാസമാണ്'-കുറുപ്പ് പറഞ്ഞതായി പുസ്തകത്തിൽ വിശദീകരിക്കുന്നു.
2013 നവംബർ ആദ്യം അഷ്ടമുടിക്കായലിൽ ജലോത്സവം അരങ്ങേറിയപ്പോൾ ഉണ്ടായ സംഭവമാണു പിന്നീട് വിവാദമായത്. നടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തെങ്കിലും കേസ് എങ്ങുമെത്താതെ പോയി. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും പീതാംബരക്കുറുപ്പ് തന്നെ മത്സരിക്കുമെന്നു ഉറപ്പായിരുന്നുവെന്നും എന്നാൽ ഈ സംഭവത്തോടെ കുറുപ്പിനെ മാറ്റി സീറ്റ് ആർഎസ്‌പിക്കു കൊടുക്കുകയായിരുന്നുവെന്നും പ്രഫ. ബാലചന്ദ്രൻ എഴുതുന്നു.
പ്രഫ. ബാലചന്ദ്രൻ പുസ്തകത്തിൽ പറയുന്നു: 'അതിനിടയ്ക്കാണ് അഷ്ടമുടിക്കായലിൽ ഗംഭീരമായ ഒരു വള്ളംകളി മത്സരം നടത്തിയത്. ചടങ്ങ് കൊല്ലം ബോട്ടുജെട്ടിക്കു അടുത്തുവച്ചായിരുന്നു. വമ്പിച്ച ആൾക്കൂട്ടവും ആഘോഷവും. 2013 നവംബർ 3 ാം തീയതി ഒരു സിനിമാ നടിയും കലാഭവൻ മണിയും അവിടേക്കു കടന്നുവന്നു. അവരെ ക്ഷണിച്ചിരുന്നില്ല. കൂട്ടിക്കൊണ്ടുവന്നതുകൊല്ലത്തെ ഒരു ഹോട്ടലുടമയാണ്. ജനങ്ങൾ ആവേശം കൊണ്ടു ഇളകി. വിഡിയോക്കാരും ഫൊട്ടോഗ്രാഫർമാരും പത്രക്കാരും അവരെ പൊതിഞ്ഞു.
നടിയുടെ ശരീരത്തിൽ ആരോ സ്പർശിച്ചു. അവർ അരിശത്തോടെ നോക്കി. പത്രക്കാർ അതു ക്യാമറയിൽ പകർത്തി. എംപി എന്ന നിലയിൽ പ്രധാന സംഘാടകനായി പീതാംബരക്കുറുപ്പ് നിൽക്കുകയാണ്. അദ്ദേഹം അവിടെ കൂടുതൽ ഷൈൻ ചെയ്തതു സത്യമാണ്. എല്ലാവരെയും സ്വീകരിക്കാനും ഇരുത്താനും ഉത്സാഹം കാണിച്ചു. നടിക്കും കലാഭവൻ മണിക്കും ഇരിപ്പിടം കൊടുത്തു. പീതാംബരക്കുറുപ്പ് തോളിൽ ഒരു ഷാൾ ഇട്ടിരുന്നു. അതുകൊണ്ടു വിയർപ്പു തുടച്ചും കസേര തുടച്ച് അതിഥികളെ ഇരുത്തിയും ചടങ്ങിൽ നിറഞ്ഞു നിൽക്കുകയാണ്.
അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ല. ഈ ചടങ്ങുമായി ബന്ധപ്പെട്ടു ഒരു വിവാദം ഉയർന്നു വരികയുണ്ടായി. അദ്ദേഹത്തെക്കുറിച്ചു അപവാദം പ്രചരിപ്പിക്കുന്നതിൽ ചില കോൺഗ്രസുകാരും വ്യഗ്രത കാട്ടി. എതിർ പാർട്ടികൾ രാഷ്ട്രീയ പകപോക്കൽ നടത്തി. പലരും പീതാംബരക്കുറുപ്പിന്റെ കോലം കത്തിച്ചു. പിറ്റേന്നത്തെ പത്രങ്ങൾ പാവം പീതാംബരക്കുറുപ്പിന്റെ നേരെ വിരൽ ചൂണ്ടി. ഉയരത്തിൽനിന്നു കുറുപ്പ് നിലം പതിച്ചു. അടുത്ത തിരഞ്ഞെടുപ്പിലും പീതാംബരക്കുറുപ്പ് തന്നെ മത്സരിക്കുമെന്ന് ഉറപ്പായിരുന്നു. പക്ഷേ യുഡിഎഫ് തിരിച്ചും മറിച്ചും ആലോചിച്ചു.
കുറ്റാരോപിതനായ പീതാംബരക്കുറുപ്പിനെ സ്ഥാർഥിത്വത്തിൽനിന്നു മാറ്റി സീറ്റ് ആർഎസ്‌പിക്കു കൊടുത്തു. എൻ.കെ.പ്രേമചന്ദ്രൻ സ്ഥാനാർത്ഥിയായി. പീതാംബരക്കുറുപ്പിന്റെ ഇടനെഞ്ചു പൊട്ടിപ്പോയി. അദ്ദേഹത്തിന്റെ കണ്ണിലൂടെ ഒഴുകിയതു കണ്ണീരല്ല, ചോരയാണ്...' -പുസ്തകം വിശദീകരിക്കുന്നു. വിവാദത്തോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രണ്ടാമതും മത്സരിക്കാൻ അവസരം നിഷേധിക്കപ്പെട്ട എൻ.പീതാംബരക്കുറുപ്പ് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചാത്തന്നൂർ മണ്ഡലത്തിൽനിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
പ്രഫ. ജി.ബാലചന്ദ്രൻ കെപിസിസി നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസ് സ്ഥാപക ഡയറക്ടറാണ്. തോന്നയ്ക്കൽ ആശാൻ സ്മാരകം പ്രസിഡന്റ്, ആലപ്പുഴ ഡിസിസി പ്രസിഡന്റ്, സമന്വയം പത്രാധിപർ, കാപ്പെക്‌സ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ വയലാർ രാമവർമ മെമോറിയൽ ട്രസ്റ്റ് വൈസ് പ്രസിഡന്റാണ്. 1988ൽ ആലപ്പുഴ നഗരസഭ മുല്ലയ്ക്കൽ വാർഡിൽനിന്നു കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിലും മത്സരിച്ചു.
മറുനാടന് മലയാളി ബ്യൂറോ