ന്യൂഡൽഹി: പെഗസ്സസ് ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് തങ്ങളുടെ മൊബൈലുകൾ ചോർത്തിയതായി സംശയം ഉള്ളവർക്ക് സമീപിക്കാമെന്ന് സുപ്രീം കോടതി നിയോഗിച്ച സാങ്കേതിക സമിതി. തങ്ങളെ സമീപിച്ച് എല്ലാ വിവരങ്ങളും കൈമാറണമെന്ന് സമിതി അഭ്യർത്ഥിച്ചു.

മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ആർവി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ ടെക്നിക്കൽ സമിതിയാണ് വിഷയം അന്വേഷിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് അന്വേഷണ സമിതി രൂപീകരിച്ചത്. ജനുവരി ഏഴിന് മുൻപ് പരാതികൾ ഉണ്ടെങ്കിൽ അറിയിക്കണമെന്നാണ് സമിതി വ്യക്തമാക്കിയിരിക്കുന്നത്.

ഫോൺ ചോർത്തിയതായി സംശയിക്കുന്നവർ ഇ-മെയിൽ മുഖേന പരാതി നൽകണമെന്നും എന്തുകൊണ്ടാണ് സംശയിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും സമിതി അറിയിച്ചിട്ടുണ്ട്. പരാതികളിൽ കഴമ്പുണ്ടെന്ന് തോന്നിയാൽ, ഡിവൈസുകൾ പരിശോധിക്കും. ഫോണുകൾ ശേഖരിക്കുന്നതിനായി ഡൽഹിയിൽ കേന്ദ്രം ആരംഭിക്കുമെന്നും സമിതി വ്യക്തമാക്കി.

ഇസ്രയേൽ ചാരസോഫ്റ്റുവെയർ ആയ പെഗസ്സസ് ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളുടെയും സുപ്രീംകോടതി ജഡ്ജിമാരുടേയും കേന്ദ്രമന്ത്രിമാരുടെയും ഫോണുകൾ ചോർത്തിയെന്നാണ് ആരോപണം.

റോ മുൻ മേധാവി അലോക് ജോഷി, ഡോ. സുദീപ് ഒബ്രോയ്, ഡോ. നവീൻ കുമാർ ചൗധരി (ഡീൻ, നാഷനൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റി), ഡോ.പി. പ്രബാഹരൻ( കൊല്ലം അമൃത വിശ്വവിദ്യാലയം സ്‌കൂൾ ഓഫ് എൻജിനീയറിങ് പ്രഫസർ), ഡോ. അശ്വിൻ അനിൽ ഗുമസ്തെ( മുംബൈ ഐഐടി പ്രഫസർ) എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

പെഗസ്സസ് ഫോൺ ചോർത്തൽ സംബന്ധിച്ച് സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജിയുടെയോ വിരമിച്ച ജഡ്ജിയുടെയോ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുതിർന്ന മാധ്യപ്രവർത്തകരായ എൻ. റാമും ശശികുമാറും രാജ്യസഭാംഗമായ ജോൺ ബ്രിട്ടാസും നൽകിയ ഹർജിയിലാണ് സുപ്രീം കോടതി വിദഗ്ധ സമിതിയെ നിയോഗിച്ചത്.

കഴിഞ്ഞ ജൂലായിലാണ് 17 ഓളം അന്താരാഷ്ട്ര മാധ്യമസ്ഥാപനങ്ങൾ നടത്തിയ അന്വേഷണത്തിൽ പെഗസ്സസ് ചാര സോഫ്ട്വെയർ ഉപയോഗിച്ച് ഇന്ത്യയിലെ രാഷ്ട്രീയക്കാർ, ആക്ടിവിസ്റ്റുകൾ, മാധ്യമപ്രവർത്തകർ എന്നിവരുടേതടക്കം ഫോൺ ചോർത്തിയതായി കണ്ടെത്തിയത്. എന്നാൽ സർക്കാർ ഏജൻസികൾ അനധികൃത ഇടപെടലുകളൊന്നും നടത്തിയിട്ടില്ലെന്നും പുറത്തു വന്ന റിപ്പോർട്ട് വസ്തുതകൾക്ക് നിരക്കാത്തതാണെന്നും, മുൻകൂട്ടി തീരുമാനിച്ച നിഗമനങ്ങളിൽ അധിഷ്ടിതമാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു