ഇടുക്കി:അഗ്നിശുദ്ധി വരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തിയ ആത്മഹത്യാശ്രമവും മൂന്നാർ സമരനായിക ഗോമതി അഗസ്റ്റിനെ തുണച്ചില്ല. രാഷ്ട്രീയ കക്ഷികൾക്ക് ബദലായി ട്രേഡ് യൂണിയൻ രൂപീകരിച്ച പെമ്പിളൈ ഒരുമൈ പ്രവർത്തകർ ഗോമതിയെ പൂർണമായും അവഗണിച്ചു. ജയലളിതയുടെ പാർട്ടിയുമായി അടുക്കാൻ നടത്തിയ ശ്രമത്തിന്റെ പേരിലാണ് മൂന്നാർ സമരത്തിന്റെ മുന്നണിപ്പോരാളിയെത്തന്നെ ഒഴിവാക്കാൻ കാരണമായത്. ഇതോടെ പെമ്പിളൈ ഒരുമൈ എന്ന പുത്തൻശക്തി പിളർപ്പിന്റെ വക്കിലെത്തി.

ഔദ്യോഗിക തൊഴിലാളി പ്രസ്ഥാനമില്ലെങ്കിൽ നിലനിൽപ്പില്ലെന്ന തിരിച്ചറിവിലാണ് ട്രേഡ് യൂണിയൻ രൂപീകരിക്കാൻ പെമ്പിളൈ ഒരുമൈ തീരുമാനിച്ചത്. നേരത്തെ തന്നെ ഇക്കാര്യം സജീവ ചർച്ചാവിഷയമായിരുന്നെങ്കിലും സംഘടനക്കുള്ളിലെ ഭിന്നിപ്പുകൾ തടസമാകുകയായിരുന്നു. ഒരു തവണ ഇതിനായി യോഗം വിളിച്ചു ചേർത്തെങ്കിലും അംഗങ്ങൾ രണ്ടു ചേരിയായി നിന്നതിനാൽ അലമ്പി പിരിയുകയായിരുന്നു. ഒടുവിൽ തിങ്കളാഴ്ച അടിമാലിക്കടുത്ത് തോക്കുപാറയിൽ ചേർന്ന പെമ്പിളൈ ഒരുമൈ യോഗമാണ് ട്രേഡ് യൂണിയൻ രൂപീകരിക്കുകയും ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തത്.

ഗോമതിയെയും ഒപ്പമുള്ളവരെയും മാറ്റിനിർത്തിയാണ് യോഗം ചേർന്നതെന്നതും അവരിൽ ആരെയും ഭാരവാഹികളാക്കിയിട്ടില്ലെന്നതും കാര്യങ്ങളുടെ പോക്ക് വ്യക്തമാക്കുന്നു. പെമ്പിളൈ ഒരുമൈ എസ്‌റ്റേറ്റ് വർക്കേഴ്‌സ് ട്രേഡ് യൂണിയൻ എന്നാണ് സംഘടനയ്ക്ക് പേര് നൽകിയിരിക്കുന്നത്. രജിസ്‌ട്രേഷൻ നടപടികൾ എത്രയും വേഗം പൂർത്തീകരിക്കാൻ ലിസി സണ്ണിയെ ചുമതലപ്പെടുത്തി. മൂന്നാർ തോട്ടം സമരമുഖത്ത് ഗോമതിക്കൊപ്പം ജ്വലിച്ചുനിന്ന ലിസി സണ്ണിയെ പ്രസിഡന്റും സ്റ്റെല്ലാ മേരിയെ ട്രഷററുമായി യോഗം തെരഞ്ഞെടുത്തു. ട്രേഡ് യൂണിയൻ രജിസ്‌ട്രേഷനുവേണ്ടി ലേബർ വകുപ്പിന് കൈമാറാൻ തയാറാക്കിയ ലിസ്റ്റിൽ ഒരാൾപോലും ഗോമതിക്കൊപ്പമുള്ളവരില്ല.

കണ്ണൻ ദേവൻ കമ്പനിയിലെ തൊഴിലാളികളുടെ ബോണസ് വർധന ആവശ്യപ്പെട്ട് ട്രേഡ് യൂണിയനുകളെ ഒഴിവാക്കി സ്ത്രീകൾ മാത്രമായി സംഘടിച്ചു നടത്തിയ മൂന്നാർ റോഡ് ഉപരോധത്തിലൂടെ രൂപംകൊണ്ട സംഘടനയാണ് പെമ്പിളൈ ഒരുമൈ. ഗോമതിയും ലിസിയും ഇന്ദ്രാണിയും സ്‌റ്റെല്ലാ മേരിയുമാണ് സമരത്തിന് മുൻനിരയിലുണ്ടായിരുന്നത്. രാഷ്ട്രീയക്കാരെ ആട്ടിയകറ്റി നടത്തിയ ആദ്യഘട്ട സമരം വിജയമായതോടെ സംഘടനക്കുള്ളിൽ പ്രശ്‌നങ്ങൾ തുടങ്ങി. നേതൃത്വത്തിന്റെ ഏകോപനമില്ലായ്മയാണ് വിനയായത്. ശമ്പളവർധനയ്ക്കായി നടത്തിയ രണ്ടാം ഘട്ട സമരത്തിനിടെ ഇന്ദ്രാണിയുൾപ്പെടെയുള്ളവർ പെമ്പിളൈ ഒരുമൈ വിട്ട് അവരവരുടെ തൊഴിലാളി സംഘടനകൾക്കൊപ്പം നിലയുറപ്പിച്ചു. ഇതോടെ പെമ്പിളൈ ഒരുമൈയുടെ സമരത്തിന്റെ ശക്തിയും ക്ഷയിച്ചു.

പണവും സമ്മർദവും സ്വാധീനവും മദ്യവുമൊക്കെയായി അണികളെ പിടിച്ചുനിർത്താൻ പരമ്പരാഗത തൊഴിലാളി സംഘടനകൾ രംഗത്തിറങ്ങിയതും തിരിച്ചടിയായി. ശമ്പള വർധന തീരുമാനിക്കുന്നതിന് ചേരുന്ന പ്ലാന്റേഷൻ ലേബർ കമ്മിറ്റിയിൽ അംഗീകൃത ട്രേഡ് യൂണിയൻ പ്രതിനിധികൾക്ക് മാത്രമേ പങ്കെടുക്കാനാകൂവെന്നതിനാൽ പെമ്പിളൈ ഒരുമൈ നേതാക്കൾ സമരം മുമ്പോട്ടുകൊണ്ടുപോകാനും പ്രശ്‌നം പരിഹരിക്കാനും കഴിയാതെ കുഴങ്ങി. തൊഴിലാളികൾ പട്ടിണിയിലായിട്ടും ട്രേഡ് യൂണിയൻ നേതാക്കളുടെ തന്ത്രപരമായ ഇടപെടൽ തീരുമാനം വൈകിച്ചു. ഇതുമൂലം പെമ്പിളൈ ഒരുമൈയുടെ സമരപ്പന്തലിൽ ആളെണ്ണം കുറയാനിടയാക്കി. ഇതോടെയാണ് തങ്ങൾക്കും യൂണിയൻ വേണമെന്ന ആശയത്തിലേയ്ക്ക് പെമ്പിളൈ ഒരുമൈ എത്തിയത്.

ഇതിനിടെ തദ്ദേശ തെരഞ്ഞെടുപ്പ് എത്തിയതിനാൽ പെമ്പിളൈ ഒരുമൈയും ശക്തിപരീക്ഷണത്തിനിറങ്ങി. 48 സ്ഥാനാർത്ഥികളെ രംഗത്തിറക്കിയെങ്കിലും മൂന്നു പഞ്ചായത്തംഗങ്ങളെയും ഒരു ബ്ലോക്ക് പഞ്ചായത്ത് അംഗത്തെയും മാത്രമേ ഒരുമൈക്ക് വിജയിപ്പിക്കാനായുള്ളൂ. തെരഞ്ഞെടുപ്പ് വേളയിൽത്തന്നെ സംഘടനയിൽ ഭിന്നത ശക്തമായി. ജയലളിതയുടെ പാർട്ടിയുമായി കൂട്ടുചേരാൻ ഗോമതി ശ്രമിക്കുന്നുവെന്ന ആരോപണമാണ് വിഭാഗീയതയ്ക്ക് കാരണമായത്. ഈ നീക്കത്തെ ലിസിയടക്കമുള്ളവർ തടയുകയും ഗോമതി നല്ലതണ്ണി ഡിവിഷനിൽനിന്നു ബ്ലോക്ക് പഞ്ചായത്തംഗമായി വിജയിക്കുകയും ചെയ്തു. ഇതിനിടെ പെമ്പിളൈ ഒരുമൈയുടെ പ്രസിഡന്റായി ലിസി സണ്ണിയെ തെരഞ്ഞെടുത്തിരുന്നെങ്കിലും യോഗവിവരംപോലും ഗോമതി അറിഞ്ഞില്ല.

ഗോമതി എ.ഡി.എം.കെയുമായി അടുക്കുന്നുവെന്നു വാർത്ത പരന്നതും ലിസി ഇതിനെതിരെ പരസ്യമായി രംഗത്തുവന്നതും സംഘടനയിലെ ചേരിപ്പോര് രൂക്ഷമാക്കി. രണ്ട് ദിവസം ഗോമതിയെ കാണാതായത് കൂടുതൽ പ്രശ്‌നങ്ങൾക്ക് വഴി തെളിച്ചു. ജയലളിതയെ കാണാനായി തമിഴ്‌നാട്ടിൽ ഗോമതി എത്തിയതായും പ്രചരിച്ചു. പിന്നീട് ഗോമതി ഇത് നിഷേധിച്ചെങ്കിലും ലിസിയും കൂട്ടരും അംഗീകരിച്ചില്ല. തുടർന്ന നവംബർ 20ന് ആത്മഹത്യാശ്രമം നടത്തി ഗോമതി ആശുപത്രിയിലായി. ഭർത്താവ് നടുവേദനയ്ക്ക് കഴിക്കുന്ന ഗുളിക അമിതമായി കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തനിക്കെതിരെയുള്ള അപവാദപ്രചാരണത്തിൽ മനം നൊന്താണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് ഗോമതി പറഞ്ഞെങ്കിലും വിലപ്പോയില്ല. ആശുപത്രിയിൽ ഗോമതിയെകാണാൻ അധികം പ്രവർത്തകരും എത്തിയില്ല. ഈ സാഹചര്യം നിലനിൽക്കെയാണ് ലിസിയുടെ നേതൃത്വത്തിൽ ഗോമതിയുൾപ്പെടെയുള്ളവരെ ഒഴിവാക്കി ട്രേഡ് യൂണിയൻ രൂപീകരിച്ചിരിക്കുന്നത്.

യൂണിയൻ രൂപീകരണം മൂന്നാറിലെ പ്രധാന തൊഴിലാളി സംഘടനകളായ എഐടിയുസി, ഐഎൻടിയസി, സിഐടിയു എന്നിവയ്ക്ക് ഭീഷണിയാണെങ്കിലും പെമ്പിളൈ ഒരുമൈയിലെ പിളർപ്പ് അവർക്ക് സന്തോഷം പകരുന്നതാണ്. ഗോമതിയുടെ അടുത്ത നീക്കവും പുതിയ യൂണിയന്റെ ശക്തിപരീക്ഷണവുമാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്.