കൊച്ചി: കേരളത്തിൽ പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് സർക്കാർ സ്വന്തം നിലയിൽ പെൻഷൻ നൽകുന്നില്ല. പി എസ് സി വഴി പരീക്ഷ എഴുതി കയറുന്നവർക്ക് പങ്കാളിത്ത പെൻഷാനാണ് കിട്ടുക. അതായത് വയസ്സാം കാലത്ത് പെൻഷൻ നൽകാനുള്ള തുക അവരുടെ ശമ്പളത്തിൽ നിന്നു തന്നെ പിടിക്കും. സർവ്വീസിൽ നിന്ന് റിട്ടയർ ചെയ്യുമ്പോൾ അത് പെൻഷനായി നൽകും. അങ്ങനെ സൗജന്യ പെൻഷൻ സർക്കാർ ജീവനക്കാർ നിഷേധിക്കുമ്പോൾ ആ സൗകര്യം പറ്റുന്നത് ഒരു കൂട്ടം രാഷ്ട്രീയ പിന്തുണയുള്ളവരാണ്. അതുകൊണ്ട് തന്നെ പെൻഷനൻ വിവാദത്തിലെ കോടതി നിലപാട് നിർണ്ണായകമാകും.

മന്ത്രിമാർ, ചീഫ് വിപ്, പ്രതിപക്ഷ നേതാവ് എന്നിവരുടെ പഴ്‌സനൽ സ്റ്റാഫ് അംഗങ്ങളുടെ സ്‌പെഷൽ റൂൾസ് പ്രകാരമുള്ള നിയമനം, പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഭരണഘടനാവിരുദ്ധമാണെന്നും പൊതുതാൽപര്യത്തിന് എതിരാണെന്നും ആരോപിച്ചു ഹൈക്കോടതിയിൽ ഹർജി എത്തുകയാണ്. ഇതിന്റെ ന്യായന്യായങ്ങളിലേക്ക് കോടതി കടന്നാൽ അത് പൊതു സമൂഹത്തിൽ വലിയ ചർച്ചയാകും. സർക്കാർ ജീവനക്കാർക്ക് നൽകുന്ന പെൻഷന്റെ ചുവടു പിടിച്ചാണ് പേഴ്‌സനൽ സ്റ്റാഫുകൾക്ക് പെൻഷൻ കൊടുക്കാൻ തുടങ്ങിയത്.

സാമ്പത്തിക ബാധ്യത തിരിച്ചറിഞ്ഞ് ജീവനക്കാരുടെ പെൻഷൻ ആനുകൂല്യം പുതിയ മോഡലിലേക്ക് മാറ്റി. ധനമന്ത്രിയായിരിക്കെ കെഎം മാണിയാണ് പങ്കാളിത്ത പെൻഷൻ അവതരിപ്പിച്ചത്. അതിന് ശേഷം മന്ത്രിമാർ, ചീഫ് വിപ്, പ്രതിപക്ഷ നേതാവ് എന്നിവരുടെ പഴ്‌സനൽ സ്റ്റാഫ് അംഗങ്ങൾക്ക് സ്‌പെഷൽ റൂൾസ് പ്രകാരമുള്ള നിയമനവും പെൻഷനും കിട്ടുന്നു. പത്തുകൊല്ലം സർവ്വീസുണ്ടെങ്കിൽ മാത്രമേ മാന്യമായ പെൻഷൻ പോലും സർക്കാർ ജീവനക്കാർക്ക് കിട്ടൂ. എന്നാൽ പേഴ്‌സനൽ സ്റ്റാഫുകൾ രണ്ടു കൊല്ലം കൊ്ണ്ട് അത് നേടിയെടുക്കുന്നു.

ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയിലെ ഹർജി നിർണ്ണായകമാകുന്നത്. ഗോവ സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവും ഒറ്റപ്പാലം സ്വദേശിയുമായ ദിനേശ് മേനോൻ ആണ് ഹർജി നൽകിയത്. പരമാവധി പാർട്ടി പ്രവർത്തകർക്കു പെൻഷൻ ലഭിക്കാൻ മന്ത്രിമാരുടെ പഴ്‌സനൽ സ്റ്റാഫിനെ രണ്ടുവർഷംകൂടുമ്പോൾ മാറ്റുന്നതു ചോദ്യം ചെയ്ത ഗവർണറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണു ഹർജി. ഹൈക്കോടതി ഇക്കാര്യത്തിൽ സർക്കാരിൽ നിന്നും ഗവർണ്ണറിൽ നിന്നും വിശദീകരണം തേടിയേക്കും. മറ്റ് സംസ്ഥാനങ്ങളിലേയും കേന്ദ്ര സർക്കാരിലേയും രീതികളും പരിശോധിക്കാൻ ഇടയുണ്ട്.

കേരളത്തിൽ മാത്രമാണ് പേഴ്‌സനൽ സ്റ്റാഫിന് പെൻഷനുള്ളത്. പല സംസ്ഥാനത്തും രാഷ്ട്രീയ അടിസ്ഥാനത്തിൽ പേഴ്‌സനൽ സ്റ്റാഫ് നിയമനവുമില്ല. കേരളം കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ 21 മന്ത്രിമാർക്കും ചീഫ് വിപ്പിനുമായി 362 പഴ്‌സനൽ സ്റ്റാഫ് അംഗങ്ങളെയാണു നിയമിച്ചിരിക്കുന്നത്. ഇവർക്ക് ഒരു മാസം ശമ്പളം നൽകാൻ കുറഞ്ഞത് 1.12 കോടി രൂപവേണം. മുൻ പഴ്‌സനൽ സ്റ്റാഫ് അംഗങ്ങളായ 1,223 പേർക്കു പെൻഷൻ നൽകുന്നുണ്ട്.ഇതിനു 80 കോടി രൂപയാണ് ഒരു വർഷം ചെലവ്.

തെലങ്കാന പോലെയുള്ള ഭൂരിഭാഗം സംസ്ഥാനങ്ങളിലും നിയമനം സർക്കാർ സർവീസിൽനിന്നു സ്ഥലംമാറ്റം വഴിയുള്ള ഡപ്യൂട്ടേഷനാണ്. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും പഴ്‌സനൽ സ്റ്റാഫിനു പെൻഷൻ നൽകുന്നില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതെല്ലാം വരും ദിവസങ്ങളിൽ വലിയ ചർച്ചയായി മാറും.