തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമമായി ഭിന്നലിംഗക്കാർക്ക് പെൻഷൻ അനുവദിച്ചുകൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ചത്. 60 കഴിഞ്ഞ ഭിന്നലിംഗക്കാർക്ക് പെൻഷൻ അനുവദിച്ചുകൊണ്ടാണ് സർക്കാർ ഒരു പുതിയ കീഴ്‌വഴക്കം സൃഷ്ടിച്ചത്. ഇത് കൂടാതെ സ്ത്രീ സൗഹൃദമാക്കാനുള്ള ശ്രമങ്ങളും മന്ത്രി നടത്തി. ട്രാൻസ്‌ജെൻഡേഴ്‌സിന്റെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്നവരുടെ പ്രവർത്തനങ്ങൾക്ക് ഊർജം നൽകുന്ന പ്രഖ്യാപനമാണ് ധനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. കൂടാതെ ഭിന്നലിംഗക്കാരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സഹായം അനുവദിക്കും.

സ്ത്രീകളുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് സ്ഥാപിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി അറിയിച്ചു. ഇനി മുതൽ ബജറ്റിന്റെ പത്ത് ശതമാനം സ്ത്രീകളുടെ സുരക്ഷയ്ക്കും ഉന്നമനത്തിനും വേണ്ടി നീക്കി വെക്കും. ഹൈടെക് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളിൽ സ്ത്രീ സൗഹൃദ ടോയ് ലറ്റ് സ്ഥാപിക്കും. സ്‌കൂളുകളിൽ ഗേൾസ് ഫ്രണ്ട്ലി ശുചിമുറികൾ ഉറപ്പാക്കും. മാർക്കറ്റുകൾ,ടൂറിസ്റ്റ് കേന്ദ്രങ്ങൾ പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ മൂത്രപ്പുര, മുലയൂട്ടൽ കോർണറുകൾ എന്നിവയടങ്ങിയ ഫ്രഷ്അപ് സെന്ററുകൾ തുടങ്ങും. കുടുംബശ്രീക്കാവും ഇതിന്റെ മേൽനോട്ടം. ജൻഡർ പാർക്കുകൾ പുനഃസ്ഥാപിക്കും. എല്ലാ രംഗത്തും സ്ത്രീ പരിഗണന ഉറപ്പാക്കും. ബജറ്റ് രേഖകൾക്കൊപ്പം ജെൻഡർ ഓഡിറ്റ് റിപ്പോർട്ടും ഹാജരാക്കും. നിർഭയ ഷോർട്ട് സ്റ്റേ ഹോമുകൾക്ക് 12.5 കോടി രൂപ വകയിരുത്തി.

കുടുംബശ്രീയുടെ പുനരുദ്ധാരണം നടപ്പാക്കും. കുടുംബശ്രീക്കായി 200 കോടി രൂപ വകയിരുത്തി. നാല് ശതമാനം പലിശയിൽ കുടുംബശ്രീക്ക് വായ്പ അനുവദിക്കും. തിനായി 50 കോടി രൂപ വകയിരുത്തി.