കോഴിക്കോട്: നിപ്പാ വൈറസ് കാരണം ആളുകൾ മരിക്കാനിടയായ സാഹചര്യത്തിൽ പനി പടരുന്നത് മൃഗങ്ങളിൽ കൂടിയാണെന്ന് വിശ്വസിച്ച് നാട്ടുകാർ വളർത്തു മൃഗങ്ങളെ തെരുവിൽ ഉപേക്ഷിക്കുന്നു. പേരാമ്പ്ര ചേനോളി കനാൽ പലാത്തിന് സമീപമാണ് ഇന്നലെ രാത്രി പത്തോളെ വളർത്തു മുയലുകളെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വൈറസ് പടരാൻ മുയലുകൾ കൂടി കാരണമാണെന്ന പ്രചാരണം നടക്കുന്നതിനിടയിലാണ് ഇന്നലെ മുയലുകളെ ഉപേക്ഷിച്ച രീതിയിൽ കണ്ടെത്തിയത്.

മുയലുകളെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത് കനാൽപാലത്തിന് സമീപത്തുള്ളവരെയും ഭീതിയിലാക്കി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പേരാമ്പ്ര പൊലീസെത്തി മുയലുകളെ കസ്റ്റഡിയിലെടുത്തു. പിടികൂടിയ മുയലുകളെ രാത്രി തന്നെ വനം വകുപ്പിന് കൈമാറി. പൊലീസിന് പിടിക്കാൻ കഴിയാത്ത മുയലുകൾ സമീപ പ്രദേശങ്ങളിൽ ഇനിയുമുണ്ടെന്നാണ് വിവരം. ആരാണ് മുയലുകളെ പൊതുസ്ഥലത്ത് ഉപേക്ഷിച്ചതെന്ന് കണ്ടെത്തിയിട്ടില്ല. ഇതേ ആശങ്കയുടെ പേരിൽ വീടുകളിലെ മറ്റു വളർത്തുജീവികളെയും ആളുകൾ ഉപേക്ഷിക്കുന്നതായും വിവരങ്ങളുണ്ട്.

പ്രാവുകളെയും തത്തകളെയും ഇത്തരത്തിൽ കൂട് തുറന്ന് വിട്ടിട്ടുണ്ട്. ഇത്തരം അബദ്ധങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രദേശത്ത് വീടുകൾ കയറി ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ ഇന്ന് മുതൽ നടക്കും.

അതേ സമയം മലപ്പുറം ജില്ലയിലെ വവ്വാലുകൾ കൂടുതലായി കാണപ്പെടുന്ന ആതവനാട് പഞ്ചായത്തിലെ ചന്ദനക്കാവ് ക്ഷേത്രം, ഗരുഡൻകാവ് ക്ഷേത്രം തുടങ്ങി പ്രധാന കാവുകളിലെല്ലാം ജോലി ചെയ്യുന്നവർക്കും ഇതിന് മീപത്തെ വീടുകളിലുമെല്ലാം ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഏറെ തീർത്ഥാടകരെത്തുന്ന ഇത്തരം കാവുകളിലെ ആൽമരങ്ങളിലെല്ലം ആയിരക്കണക്കിന് വവ്വാലുകളുടെ കേന്ദ്രങ്ങളാണ് ഈ സാഹചര്യത്തിലാണ് കാവുകൾ കേന്ദ്രീകരിച്ച് പ്രതിരോധ, ബോധവത്കരണ പ്രവർത്തനങ്ങൾ ജില്ലാഭരണകൂടം നടപടിയെടുക്കുന്നത്.