കൊച്ചി: പേരുമാറ്റിയും നാട്ടുകാരുടെ കണ്ണിൽ പൊടിയിട്ടും തുടങ്ങുന്ന ഓരോ കമ്പനികളും പിന്നീട് തനിനിറം പുറത്താക്കുന്നതോടെ കെണിയിലാകുന്നത് നാട്ടുകാർ. നെല്ലാട് കിൻഫ്ര പാർക്കിലെ കമ്പനികളിൽ നിന്നുള്ള രൂക്ഷമായ മലിനീകരണത്തെ തുടർന്ന് ജീവിക്കാൻ പറ്റാത്ത സാഹചര്യമായതോടെ അവർ പ്രതിഷേധവുമായി രംഗത്തിറങ്ങി. 12 വർഷം മുൻപ് നെല്ലാട് പ്രവർത്തനം ആരംഭിച്ച കിൻഫ്ര പാർക്കിനെതിരെ ആദ്യമായിയാണ് ജനം സംഘടിച്ചെത്തിയത്. അറുപതോളം കമ്പനികൾ പ്രവർത്തിക്കുന്ന കിൻഫ്രയിൽ ഈ അടുത്തിടക്കു ആരംഭിച്ച യൂണിവേഴ്‌സൽ ഇന്റ്‌റ്‌സ്ട്രിസ് എന്ന കമ്പനിക്കെതിരെ ആണ് ജനരോഷം ഉയരുന്നത്. അലുമിനിയം കമ്പനി എന്നപേരിലാണ് ഇത് തുടങ്ങിയതെന്നും എന്നാൽ ഇത് പ്‌ളൈവുഡ് ഒട്ടിക്കുന്ന ഫോർമാൽ ഡിഹൈഡ് റസിൻ എന്നാ വിഷപ്പശ ഉണ്ടാകുന്ന കമ്പനിയാണ് ഇതെന്നുമാണ് നാട്ടുകാരുടെ ആരോപണം.

മാരക വിഷപ്പുക മൂലം പരിസരത്തു താമസിക്കുന്നവർക്ക് ശരീരമാസകലം ചൊറിച്ചിലും, ഒപ്പം ശ്വാസ തടസവും അനുഭവപ്പെടുന്നു. നിരവധി പേർ ആശുപത്രികളിൽ ചികിത്സ തേടുകയും ചെയ്തു. മുന്ന് മാസം പ്രായമുള്ള കുട്ടിക്ക് പോലും ഇതുമൂലം ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായി. ഈ കുട്ടി ഇപ്പോൾ അമൃത ഹോസ്പിറ്റലിൽ തീവ്ര വിഭാഗത്തിൽ ചികിത്സയിലാണെന്നും നാട്ടുകാർ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഭഷ്യവസ്തുക്കൾ ഉണ്ടാകുന്ന കമ്പനികളായ ബ്രാഹ്മിൻസ്, പപ്പായ ഐസ്‌ക്രീം, ക്രിസ്റ്റൻ ക്രബ് മുതലായ കമ്പികളുടെ പ്ലാന്റുകളും ഇതിനോട് ചേർന്ന് പ്രവർത്തിക്കുന്നതിനാൽ അന്തരീക്ഷത്തിൽ കലരുന്ന വിഷാംശം ഈ കമ്പനികളുടെ ഭക്ഷ്യഉൽപ്പന്നങ്ങളിലും കലർന്നേക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്.

ഇതിനുപുറമേയാണ് പ്രദേശത്ത് കിൻഫയിലെ ജലഉപയോഗം സൃഷ്ടിക്കുന്ന ജലക്ഷാമവും ജലസ്രോതസ്സുകളുടെ മലിനീകരണവും. ഒന്നര ലക്ഷം ലിറ്റർ വെള്ളമാണ് കിൻഫ്രക്കായി ഒരു ദിവസം വേണ്ടി വരുന്നത്. ഇതോടെ പ്രദേശത്തെ കുടിവെള്ള ക്ഷാമവും രൂക്ഷമാകുന്നതായി നാട്ടുകാർ പറയുന്നു. കമ്പനികളുടെ പ്രവർത്തനംമൂലം ഉണ്ടാകുന്ന മലിനജലമുൾപ്പെടെ ട്രീറ്റ്‌മെന്റ് പ്ലാന്റിൽ  ശുദ്ധീകരിച്ചിരുന്നു.

ഇന്നാൽ ഇപ്പോൾ അത് പ്രവർത്തിക്കുന്നില്ല. ഇതോടെ കമ്പനികളിലെ മാലിന്യംമുഴുവൻ അടുത്തുള്ള തോടുകളിലേക്കാണ് ഒഴുക്കുന്നത്. ഇതോടെ സമീപത്തെ തോടുകളും പാടങ്ങളും കിണറുകളുമെല്ലാം മലിനമായിക്കഴിഞ്ഞു. കിൻഫ്രെയിലെ അറുപതോളം കമ്പനികളിൽ നിന്നുള്ള മാലിന്യം ജീവിതംമുട്ടിച്ചതോടെ പരിശോധനക്കായി എത്തിയ മാനേജരെയും, ഉദ്യോഗസ്ഥരെയും നാട്ടുകാർ തടഞ്ഞു. കഴിഞ്ഞ രണ്ടു വർഷമായി ഒരു കമ്പനിയുടെ പോലും മാലിന്യം പ്ലാന്റിലെത്തുന്നില്ലെന്നാണ് വിവരം. ഇതോടെയാണ് പാടവും പറമ്പും കുടിവെള്ള സ്രോതസ്സുകളും മലിനമായത്.

മനോഹരമായ കുന്നും കശുമാവിൻ തോട്ടവും നിലനിന്നിരുന്ന പ്രകൃതി സുന്ദരമായ സ്ഥലം 12 വർഷം മുൻപ് കിൻഫ്ര പാർക്കായി രൂപം കൊണ്ടപ്പോൾ ജോലിസാധ്യതകളും പ്രദേശത്തിന്റെ വികസന സാധ്യതകളും മുന്നിൽക്കണ്ട് അതിനെ സ്വാഗതം ചെയ്ത നാട്ടുകാർ ഇന്ന് തിരിച്ചടി നേരിടുകയാണ്. സ്ഥാപനങ്ങൾ വന്നതിനാൽ ജോലിലഭിച്ചുവെന്ന ഗുണമുണ്ടായെന്ന് തുറന്നുപറയുമ്പോൾത്തന്നെ കമ്പനികൾ പുറത്തുവിടുന്ന മാലിന്യവും അന്തരീക്ഷത്തിൽ കലരുന്ന വിഷാംശവും വെള്ളത്തേയും പ്രാണവായുവിനേയും മലിനമാക്കുന്നതിന്റെ പീഡകൾ അവർ ഏറ്റുവാങ്ങുകയാണ്.

ക്യാൻസർ പോലെ ഗുരുതരമായ രോഗങ്ങളും പകർച്ച വ്യാധികളും കിൻഫ്ര പാർക്കിന്റെ പരിസര പ്രദേശങ്ങളിൽ വ്യാപകമായി. അടിയന്തിരമായി മാലിന്യ സംസ്‌കരണ പ്ലാന്റുകൾ പൂർണമായും പ്രവർത്തന സജ്ജമാകുന്നതുവരെ കമ്പനികൾ തുറക്കാൻ സമ്മതിക്കില്ല എന്നാ ശക്തമായ നിലപാടുമായി പ്രദേശവാസികൾ സമരരംഗത്താണിപ്പോൾ. സംസ്‌കരണ പ്ലാന്റുകൾ സ്ഥാപിച്ച കമ്പനികൾക്കേ പ്രവർത്തിക്കാൻ ഇനി അനുമതി നൽകൂ എന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഇവർക്ക് ഉറപ്പു നൽകിയിട്ടുണ്ട്. എന്നാൽ ഇത് പ്രാവർത്തികമാകുംവരെയും പൂർണമായും പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുംവരെയും ശക്തമായ സമര മുറകളുമായി മുന്നോട്ടു പോകാനാണ് സംയുകത സമര സമിതിയുടെ തീരുമാനം.