- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിൽവർലൈനിൽ യാത്ര ചെയ്യാൻ ആളില്ലാതെ വിഷമിക്കും; കേരളത്തെ നന്നാക്കാൻ ജപ്പാൻ കുറഞ്ഞ പലിശയ്ക്ക് വായ്പ തരില്ല; കാണാച്ചരടുകൾ ഏറെ; ചെലവ് കേരളത്തിന് താങ്ങാനാവില്ല; നാളെ ജനകീയ സംവാദം കഴിയുന്നതോടെ പിണറായിയുടെ സിൽവർ ലൈൻ പദ്ധതി ദുസ്വപ്നമായി മാറുമോ?
തിരുവനന്തപുരം : പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായി അവതരിപ്പിക്കപ്പെട്ട തിരുവനന്തപുരം കാസർകോട് സെമി ഹൈ സ്പീഡ് റെയിൽ പദ്ധതിയുടെ ആവശ്യകത തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കെ, പദ്ധതിയെക്കുറിച്ച് ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന ജനകീയ സംവാദത്തിൽ പദ്ധതി പൊളിഞ്ഞടുങ്ങും. കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി നാളെ രാവിലെ 10മുതൽ നന്ദാവനം പാണക്കാട് ഹാളിലാണ് കെ റെയിൽ അനിവാര്യമോ എന്ന വിഷയത്തിൽ തുറന്ന സംവാദം സംഘടിപ്പിക്കുന്നത്.
പദ്ധതിയുടെ സാങ്കേതികസാമ്പത്തികസാമൂഹികപാരിസ്ഥിതിക വശങ്ങളെക്കുറിച്ച് മലയാളത്തിൽ വിശദമായ ചർച്ച നടക്കുന്നതോടെ ജനങ്ങൾക്ക് പദ്ധതിയെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ ലഭ്യമാവും. പദ്ധതിയുടെ ഗുണങ്ങൾ മാത്രം സർക്കാരും പി.ആർ ഏജൻസികളും പറയുമ്പോൾ ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വിദഗ്ദ്ധർ വെളിപ്പെടുത്തുന്നതോടെ സർക്കാർ പ്രതിരോധത്തിലാവുമെന്നുറപ്പ്. ജപ്പാനിൽ നിന്ന് കുറഞ്ഞ പലിശയ്ക്ക് കിട്ടുന്ന ജൈക്ക വായ്പയുടെ കാണാച്ചരടുകളും സംവാദത്തിൽ ചർച്ചയാവും. ഇതെല്ലാം ജനങ്ങൾ അറിയുന്നതോടെ പദ്ധതിക്കെതിരായ പ്രതിഷേധം കൂടുതൽ ശക്തമാവും.
മുഖ്യമന്ത്രിക്കും കെറെയിൽ എം.ഡിക്കും ഗതാഗത സെക്രട്ടറിക്കും ജനകീയ സംവാദത്തിലേക്ക് ക്ഷണമുണ്ട്. സിൽവർലൈനിന് സാദ്ധ്യതാ പഠനം നടത്തിയ അലോക് കുമാർ വർമ്മ, സിൽവർലൈൻ കൺസൾട്ടന്റ് സിസ്ട്രയുടെ പ്രോജക്ട് ഡയറക്ടർ സ്വയംഭൂലിംഗം, മെട്രോമാൻ ഇ. ശ്രീധരൻ, മുൻ മന്ത്രി തോമസ് ഐസക്, ഡോ.കെ.പി. കണ്ണൻ, പരിസ്ഥിതി ഗവേഷകൻ ശ്രീധർ രാധാകൃഷ്ണൻ, ജോസഫ് സി. മാത്യു, കുഞ്ചെറിയ പി. ഐസക്, ആർ.വി.ജി. മേനോൻ, ട്രിവാൻഡ്രം ചേംബർ ഒഫ് കോമേഴ്‌സ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ, സി.ആർ. നീലകണ്ഠൻ, ജോൺ പെരുവന്താനം. ഡോ.എംപി. മത്തായി തുടങ്ങിയ വിദഗ്ദ്ധരെയും ജനപ്രതിനിധികളെയും ജനകീയ പരിസ്ഥിതി പ്രവർത്തകരെയും സംവാദത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രമുഖ മാധ്യമപ്രവർത്തകൻ എം.ജി രാധാകൃഷ്ണനാണ് മോഡറേറ്റർ. കെറെയിൽ സംഘടിപ്പിച്ച സിൽവർലൈൻ സംവാദത്തിന് ബദലായാണ് ജനകീയ സംവാദം സംഘടിപ്പിക്കുന്നത്.
കെറെയിൽ സംഘടിപ്പിച്ച ആദ്യ സിൽവർലൈൻ ചർച്ചയിൽ അനുകൂലിക്കാനെത്തിയവർ തന്നെ പദ്ധതിയെ എതിർത്ത് സംസാരിച്ചിരുന്നു. സിൽവർലൈനിന്റെ സാമൂഹ്യാഘാത പഠനത്തിന് കല്ലിടണമെന്ന് നിർബന്ധമല്ലെന്നും ജി.പി.എസ് വഴിയും മാർക്കിങ് നടത്താമെന്നും റെയിൽവേ ബോർഡ് ടെക്‌നിക്കൽ (എൻജിനിയറിങ്) അംഗവും മദ്ധ്യ റെയിൽവേ ജനറൽ മാനേജരുമായിരുന്ന സുബോധ് കാന്ത് ജെയിൻ തുറന്നടിച്ചു. സിൽവർലൈനിൽ പ്രതിദിനം 80,000 യാത്രക്കാരുണ്ടാവുമെന്നാണ് കെറെയിൽ പറയുന്നത്. എന്നാൽ
ഡി.പി.ആറിലുള്ളതുപ്രകാരം പ്രതിദിനം 80,000 യാത്രക്കാരുണ്ടാവാൻ നാലുവർഷമെടുക്കുമെന്നും തുടക്കത്തിൽ മുപ്പതിനായിരം യാത്രക്കാരേ ഉണ്ടാവൂ എന്നുമാണ് അദ്ദേഹം പറയുന്നത്. 69,000കോടി രൂപയ്ക്ക് പദ്ധതി പൂർത്തിയാവുമെന്ന് കെറെയിൽ ആവർത്തിക്കുന്നുണ്ടെങ്കിലും ചെലവ് ഇരട്ടിയാവുമെന്നാണ് അദ്ദേഹം പറയുന്നത്. നടപ്പാക്കാൻ വൈകുന്തോറും സിൽവർലൈനിന്റെ ചെലവ് ഉയരും. അഞ്ച് വർഷം വൈകിയാൽ ചെലവ് 1.20ലക്ഷം കോടിയാവാം. ഇപ്പോൾ നടപ്പാക്കിയാൽ പദ്ധതി ചെലവ് ഡി.പി.ആറിലേക്കാൾ 20ശതമാനം കൂടാം. സിമന്റിനും സ്റ്റീലിനും പത്ത് ശതമാനം കൂടും. മറ്റ് ചെലവുകളും പത്ത് ശതമാനം വർദ്ധിക്കും. വൈകിയാൽ ഭൂമിവിലയും കൂടാം ജെയിൻ പറഞ്ഞു.
നിരവധി കാണാച്ചരടുകളുള്ള ജപ്പാനിലെ ജൈക്ക വായ്പ ഇതിനകം സംശയമുനയിലാണ്. സിൽവർലൈനിന് ജപ്പാൻ കടംതരുന്നത് നമ്മളെ നന്നാക്കാനല്ലെന്നും എല്ലാം വിപണിക്കു വിട്ടാൽ അവർ ഹ്രസ്വകാല ലാഭമുണ്ടാക്കാൻ ചിന്താഗതികളെ തിരിച്ചുവിടുമെന്നും പ്രൊഫ. ആർ.വി.ജി മേനോൻ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ധാരാളം പണമുണ്ടെങ്കിൽ എവിടെ നിന്നുവേണമെങ്കിലും സാധനങ്ങൾ വാങ്ങാം. എന്നാൽ തൊഴിൽ സൃഷ്ടിക്കുന്നതും സാമ്പത്തിക വളർച്ചയുമായിരിക്കണം പദ്ധതികളുടെ ലക്ഷ്യം. പുതിയ വികസന മോഡൽ ഇതാണ്. എന്നാൽ പത്തുവർഷം മൊറട്ടോറിയവും 25വർഷം തിരിച്ചടവുമുള്ള വായ്പ രാജ്യത്ത് കിട്ടില്ലെന്നും വിദേശബാങ്കുകളേ നൽകൂവെന്നുമാണ് കെറെയിൽ പറയുന്നത്. ഇവിടെ പരമാവധി 15വർഷം തിരിച്ചടവും 5വർഷം മൊറട്ടോറിയവുമേ കിട്ടൂ. റെയിൽവേ എൽ.ഐ.സിയിൽ നിന്ന് 8.5ശതമാനം പലിശയ്ക്കാണ് വായ്പയെടുക്കുന്നത്.
കുറഞ്ഞ പലിശയ്ക്കുള്ള വായ്പ പദ്ധതിയെ ലാഭകരമാക്കും. ലോകബാങ്ക് വായ്പയ്ക്ക് സാങ്കേതികവിദ്യ ഏതായാലും മതി. ആഗോള ടെൻഡറാവാം. എ.ഡി.ബി, കെ.എഫ്.ഡബ്ല്യു വായ്പകൾക്ക് പരിസ്ഥിതി, സാമൂഹ്യാഘാത പഠനങ്ങൾ നിർബന്ധമാണ്. ജപ്പാനിലെ ജൈക്ക വായ്പയ്ക്ക് ജപ്പാനിൽ നിന്ന് കോച്ചുകളും സാമഗ്രികളും വാങ്ങണമെന്ന നിബന്ധനയുണ്ട്. സാങ്കേതികവിദ്യ ജപ്പാനിലേതാണെങ്കിൽ വായ്പാ നിബന്ധനകളിൽ ഇളവുകിട്ടും. അവർക്ക് പരിസ്ഥിതി, സാമൂഹ്യാഘാത പഠനം നിർബന്ധമില്ല. ഈ പഴുത് മുതലെടുത്ത് ജൈക്കയിൽ നിന്ന് വമ്പൻ വായ്പയെടുക്കാനാണ് നീക്കം.
സിൽവർലൈൻ കാരണമുണ്ടാവുന്ന പരിസ്ഥിതി നാശം ഇപ്പോൾ പുറത്തുവന്നതിനേക്കാൾ വൻതോതിലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതേക്കുറിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് പുറത്തുവിടാതെ പൂഴ്‌ത്തിയിരിക്കുകയാണ്. പാതയുടെ ഇരുവശത്തും അഞ്ച് മീറ്റർ വീതം ബഫർസോൺ എന്നാണ് കെറെയിൽ അധികൃതർ വിശദീകരിക്കുന്നതെങ്കിലും അതിനപ്പുറത്തേക്ക് 30 മീറ്റർ വീതം വരെയെങ്കിലും മാറാമെന്നാണ് ഫീൽഡ്തല വിവരശേഖരണം പൂർത്തിയാക്കിയ പരിഷത്തിന്റെ സമിതി കണ്ടെത്തിയിട്ടുള്ളത്.
തണ്ണീർത്തടങ്ങളെ ദോഷകരമായി ബാധിക്കില്ലെന്ന കെറെയിൽ അധികൃതരുടെ വാദങ്ങളെയും തള്ളുന്നതാണ് പരിഷത്തിന്റെ പഠനമെന്നാണ് അറിയുന്നത്. തണ്ണീർത്തടങ്ങളെ ദോഷകരമായി ബാധിക്കുമെന്ന കണ്ടെത്തലാണ് വിവരശേഖരണ പ്രക്രിയ പൂർത്തിയായപ്പോൾ പരിഷത്ത് നടത്തിയത്. വെള്ളക്കെട്ട് സാദ്ധ്യതകളെ ശക്തിപ്പെടുത്തുന്ന അലൈന്മെന്റാണ് വലിയ അളവിൽ പാതയുടേത്. കിണറുകളെ പോലും ബാധിച്ചേക്കാവുന്ന തരത്തിൽ ഗുരുതരമായ സ്ഥിതിവിശേഷം പരിഷത്ത് കാണുന്നുണ്ട്. അതിസൂക്ഷ്മതലത്തിൽ വിവരശേഖരണം നടത്തിയാണ് പരിഷത്ത് പഠനപ്രക്രിയ പൂർത്തീകരിച്ചത് എന്നതുകൊണ്ടുതന്നെ അവരുടെ റിപ്പോർട്ട് ഗൗരവമായ ചർച്ചയ്ക്ക് വഴി തുറക്കുമെന്നുറപ്പാണ്. സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന കണ്ടെത്തലായതുകൊണ്ടാണ് റിപ്പോർട്ടും വൈകുന്നതെന്ന മുറുമുറുപ്പുകളും സംഘടനയിൽ ശക്തമാണ്.
സിൽവർലൈനുമായി ബന്ധപ്പെട്ട് പഞ്ചായത്ത്, ഗ്രാമസഭാ തലങ്ങളിലാണ് സർക്കാർ സംവാദത്തിന് മുൻകൈയെടുക്കേണ്ടതെന്നാണ് പരക്കെയുള്ള ആവശ്യം. എതിർക്കുന്നവരുടെ അഭിപ്രായം സർക്കാർ കേൾക്കുന്നു എന്നാണ് അവകാശപ്പെടുന്നത്. തലസ്ഥാനനഗരത്തിലെ ഒരു മുന്തിയ ഹോട്ടലിൽ വച്ച് ചർച്ച നടത്തിയാൽ അത് സാദ്ധ്യമാവില്ല. അക്ഷരാർത്ഥത്തിൽ സർക്കാർ സംഘടിപ്പിക്കുന്ന സംവാദങ്ങൾ പ്രഹസനമാണ്. അധികാരവികേന്ദ്രീകരണത്തെ കൊട്ടിഘോഷിക്കുന്ന സർക്കാരാണിപ്പോൾ കേരളം ഭരിക്കുന്നത്. അപ്പോൾ കെറെയിൽ പദ്ധതി നേരിട്ട് ബാധിക്കുന്ന ജനങ്ങളെ കേൾക്കാൻ, പാത കടന്നുപോകുന്ന പ്രദേശങ്ങളിലെ പഞ്ചായത്ത്, ഗ്രാമസഭകൾ വിളിച്ചുകൂട്ടി വേണം സർക്കാർ ഇത്തരമൊരു സംവാദം നടത്താനെന്നും ആവശ്യമുയരുന്നുണ്ട്.
കാസർകോട് വരെയുള്ള സിൽവർലൈൻ ഭാവിയിൽ മംഗലാപുരം തുറമുഖം വരെ നീട്ടാനാവും. ദേശീയ അതിവേഗ റെയിൽ ഇടനാഴിയുടെ ഫീഡർ സർവീസായി ഇത് ഭാവിയിൽ മാറുമെന്നുമൊക്കെയാണ് കെ റെയിൽ പറയുന്നതെങ്കിലും കർണാടകം ഇതിന് അനുമതി നൽകുമോയെന്നും പണം നൽകി റെയിൽപ്പാത മംഗലാപുരത്തേക്ക് നീട്ടുമോയെന്നുമൊക്കെ ചോദ്യചിഹ്നങ്ങളാണ്.
മറുനാടന് മലയാളി ബ്യൂറോ