കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുമ്പോൾ വാടക പോലും കൊടുക്കാൻ ബുദ്ധിമുട്ടുന്നവർ ഏറെയാണ്. കോവിഡിന്റെ ആദ്യ തരംഗത്തിൽ വാടകയുടെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും അവയ്ക്ക് മോറട്ടോറിയം നൽകണമെന്നും നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ രണ്ടാം തരംഗത്തിൽ അത്തരം നിർദ്ദേശങ്ങളൊന്നുമില്ലാത്തതിന്റെ ചുവടുപിടിച്ച് കൊച്ചിയിലെ ഒരു പ്രമുഖ ഫ്‌ളാറ്റ് സമുച്ചയിലെ താമസക്കാരെ മെയിന്റനൻസ് ചാർജിന്റെ പേരിൽ അസോസിയേഷൻ ചൂഷണം ചെയ്യുന്നതായി പരാതി. ദേശായി ഹോംസിന്റെ കതൃക്കടവിലെ 380 ലധികം ഫ്‌ളാറ്റുകൾ ഉള്ള ഡിഡി പ്ലാറ്റിനം പ്ലാനറ്റ് എന്ന ഫ്ളാറ്റ് സമുച്ചയത്തിലെ താമസക്കാരാണ് അസോസിയേഷന്റെ പ്രവർത്തനങ്ങൾക്കെതിരെ മുഖ്യമന്ത്രിക്കും കളക്ടർക്കും പരാതി നൽകിയിരിക്കുന്നത്.

ഇനി മുതൽ മെയിന്റനൻസ് തുക മുൻകൂർ ആയി അടക്കണമെന്നും ഇല്ലെങ്കിൽ പ്രതിദിനം 100 രൂപ വീതം ഫൈൻ ഈടാക്കുമെന്നും ഭീഷണി മുഴക്കിയിരിക്കുകയാണ് ഫ്ളാറ്റിലെ അസോസിയേഷൻ ഭാരവാഹികൾ. താമസക്കാരിൽ പലരുടെ ജോലി പോലും നഷ്ടപ്പെട്ട് വാടക പോലും നൽകാൻ ബുദ്ധിമുട്ടുമ്പോഴാണ മെയിന്റനൻസ് തുക മുൻകൂറായി അടയ്ക്കാനുള്ള ഭീഷണി.

എന്നാൽ ഈയിനത്തിൽ പ്രതിമാസം 3000 രൂപ വാങ്ങുന്നതിന്റെ കണക്കുകൾ ഇതുവരെ ബോധ്യപ്പെടുത്തിയിട്ടില്ലെന്ന് ഫ്‌ളാറ്റിലെ താമസക്കാർ ആരോപിക്കുന്നു. കണക്കുകൾ ചോദിക്കുമ്പോൾ ഒഴിഞ്ഞുമാറുകയാണ് അസോസിയേഷൻ ഭാരവാഹികൾ. ഇതിന് പുറമെയാണ് 37 ദിവസത്തിനകം 9000 രൂപ പിടിച്ചു വാങ്ങാൻ ഉടമകൾ നീക്കങ്ങൾ നടത്തുന്നതെന്നാണ് അവരുടെ പരാതി.

കോവിഡ് ലോക്ഡൗൺ പശ്ചാത്തലത്തിൽ ജൂൺ മാസം സ്‌കൂൾ തുറക്കുന്നതിനാൽ എല്ലാവരും സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ഈ സമയത്താണ് ഇത്തരം ക്രൂര നടപടികളുമായി ഉടമകളുടെ അസോസിയേഷൻ മുന്നോട്ടു പോകുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ഫ്ളാറ്റിന്റെ അധിക സൗകര്യങ്ങളായ സ്വിമ്മിങ് പൂൾ, മൈതാനം, പാർക്ക്, ലൈബ്രറി തുടങ്ങിയവയെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഇതിന്റെയെല്ലാം പരിപാലനത്തിനും മറ്റുമായാണ് മെയിന്റനസ് ചാർജ് നൽകി വരുന്നതെന്നും താമസക്കാർ പറയുന്നു.

നിലവിൽ വർഷങ്ങളായി നൽകിയ മെയിന്റനൻസ് തുകയ്ക്ക് അനുസൃതമായി നടപടികൾ ഒന്നും ചെയ്യാൻ ഫ്ളാറ്റ് ഉടമസ്ഥർ തുനിഞ്ഞിട്ടില്ലെന്നാണ് താമസക്കാരുടെ വാദം. മലിനജലം ഒഴുകുന്ന, വൃത്തികെട്ട അവസ്ഥയിൽ ആണ് ഈ ഫ്‌ളാറ്റ് പരിസരം ഉള്ളത്. മഴ പെയ്താൽ ട്രയിനേജുകളിലെ വെള്ളം ഫ്‌ളാറ്റിന്റെ മുറ്റത്താണ്. പുറത്തിറങ്ങാൻ പോലും കഴിയില്ല. കുട്ടികൾക്ക് രോഗം പകരുന്ന അവസ്ഥയാണ്. അതിനൊരു പരിഹാരം കാണാൻ അസോസിയേഷൻ ഇതുവരെ തയ്യാറായിട്ടില്ല. ഫയർ ആൻഡ് സേഫ്റ്റി മാനദണ്ഡം കാറ്റിൽ പറത്തി ആണ് ഈ ഫ്‌ളാറ്റ് പ്രവർത്തിക്കുന്നത്. ഫയർ റെസ്‌ക്യു കണക്ഷൻ പോകുന്ന പൈപ്പ് പലയിടത്തും തുരുമ്പിച്ച് ഒടിഞ്ഞുകിടക്കുകയാണ്. ഫ്‌ളാറ്റിൽ നിന്നും കോൺക്രീറ്റ് പാളികൾ ഇളകി വീഴുന്നതും പതിവാണെന്നാണ് ഫ്‌ളാറ്റിലെ താമസക്കാർ ആരോപിക്കുന്നു. മെയിന്റനസ് തുക ഉപയോഗിച്ച് വർഷങ്ങൾക്ക് മുമ്പേയുള്ള ഈപ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്ത ഫ്ളാറ്റ് ഉടമകൾ ഇപ്പോൾ അധികതുക ഈടാക്കുന്ന തീരുമാനങ്ങളുമായി രംഗത്ത് വരുന്നത് പ്രതിഷേധാർഹമാണെന്ന് വിവിധ ഫ്ളാറ്റുകളിലെ താമസക്കാരും പറയുന്നു.

ഈ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കാലങ്ങളായി അസോസിയേഷന്റെ പിന്നാലെ നടന്നിട്ടും യാതൊരു പരിഹാരവുമുണ്ടാകുന്നില്ല. അതിന് പുറമെയാണ് അമിതഭാരം താമസക്കാരുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമവും. ഇതിനെതിരെ മനുഷ്യാവകാശ കമ്മിഷനും പരാതി നൽാകാനൊരുങ്ങുകയാണ് ഫ്‌ളാറ്റിലെ താമസക്കാർ.