തൃശൂർ: നിസാം കേസിൽ ഇപ്പോൾ പൊലീസിനെതിരായി നിരവധി തെളിവുകളാണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പാവപ്പെട്ട ഒരു മനുഷ്യനെ വളരെ മൃഗീയമായി തല്ലിക്കൊന്ന സംഭവമുണ്ടായപ്പോൾപോലും ചക്കരക്കുടത്തിൽ കയ്യിട്ടു നക്കുകയായിരുന്നു നമ്മുടെ നിയമപാലകരെന്നു പൊതുജനത്തിനു ബോധ്യമായിക്കഴിഞ്ഞിരിക്കുന്നു.

കേസന്വേഷണത്തിലെ പ്രധാനവില്ലനായി കരുതപ്പെടുന്നതു പേരാമംഗലം സി ഐ പി സി ബിജുകുമാറാണ്. പക്ഷേ അദ്ദേഹത്തിന്റെ സർവീസ് ചരിത്രം ചികഞ്ഞാൽ ചെറിയ കൈക്കൂലി കേസിൽ പോലും അന്വേഷണം നേരിടാത്ത ഉദ്യോഗസ്ഥനാണ് ബിജു കുമാർ. 2003ൽ എസ്‌ഐ ആയാണ് ഇദ്ദേഹം സർവീസിൽ കയറിയത്. കാഞ്ഞിരപ്പള്ളിയിൽ തുടക്കം. തൃശൂർ സ്വദേശിയായ ബിജുകുമാർ സർവീസിന്റെ തുടക്കം മുതൽ ഡിപ്പാർട്ട്‌മെന്റിനകത്തും പുറത്തും പേരുദോഷം കേൾപ്പിച്ചിട്ടില്ല. ജോലിയിൽ ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകരും നാട്ടുകാരും ഒരേ സ്വരത്തിലാണ് ഇദ്ദേഹത്തെ പുകഴ്‌ത്തുന്നത്.പേരാമംഗലത്തെത്തും മുൻപ് എറണാകുളത്ത് ക്രൈംബ്രാഞ്ചിൽ ആയിരുന്നു.

നിരവധി പ്രമാദമായ കേസന്വേഷണങ്ങളിൽ ഇദ്ദേഹത്തിന്റെ കയ്യൊപ്പ് കാണാം. ഇതിൽ കുപ്രസിദ്ധമായ മനുഷ്യക്കടത്ത് കേസും ഉൾപ്പെടും. നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്ത്രീകളെ ഗൾഫിലെത്തിച്ച് പെൺവാണിഭം നടത്തുന്ന സംഘത്തെ കുടുക്കിയ അന്വേഷണത്തിന് നേതൃത്വം നല്കാൻ ബിജുകുമാറുമുണ്ടായിരുന്നു. കേസിലെ പ്രധാന പ്രതി ലിസി സോജനെ നിയമത്തിനു മുൻപിൽ കൊണ്ടുവരാനും അതു വഴി മാദ്ധ്യമശ്രദ്ധ നേടാനും അന്നത്തെ അന്വേഷണ സംഘത്തിനു സാധിച്ചു.

ഈ കേസിന്റെ ഒരോ ഘട്ടത്തിലും നേതൃപരമായ പങ്കുവഹിച്ച് ബിജുകുമാറും ഉണ്ടായിരുന്നു. നിരവധി പ്രമുഖരായ വ്യവസായികളും ഉന്നത രാഷ്ടീയബന്ധമുള്ള പലരും ഈ പെൺവാണിഭക്കേസിൽ ഉൾപ്പെട്ടിരുന്നുവെന്ന് അന്നുതന്നെ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ എല്ലാ ഉന്നത സമ്മർദ്ദങ്ങളേയും അതിജീവിച്ച് പ്രതികളെ എല്ലാവരേയും പിടികൂടാൻ അന്വേഷണ സംഘത്തിനായി. കോടിക്കണക്കിനു രൂപയുടെ ഓഫർ ഈ കേസിലും പൊലീസിനുണ്ടായിരുന്നുവത്രേ. എന്നാൽ ബിജുകുമാറുൾപ്പെട്ട അന്നത്തെ അന്വേഷണ സംഘം കേസിൽ വെള്ളം ചേർക്കാൻ ശ്രമിച്ചില്ലെന്നു സഹപ്രവർത്തകർ പറയുന്നു.

ഇതിനു മുൻപ് ഒരുതവണ ബിജുകുമാർ പേരാമംഗലത്ത് സി ഐ ആയിത്തന്നെ ജോലി ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സാധാരണയായി ഉണ്ടാകാറുള്ള മാറ്റത്തിന്റെ ഭാഗമായാണ് അവിടെനിന്നു മാറിയത്. അക്കാലത്തും കാര്യമായ പേരുദോഷമൊന്നും കേൾപ്പിച്ചിട്ടില്ല. പേരാമംഗലത്തെ അദ്ദേഹത്തിന്റെ മുൻചരിത്രം തന്നെ യായിരിക്കാം പിന്നീട് ഒരു തവണ കൂടി ഇങ്ങോട്ടു സ്ഥലം മാറ്റം ലഭിക്കാൻ ബിജുകുമാറിന് തുണയായത്.

എന്നാൽ നിസാം കേസ് ഉത്ഭവിച്ചതോടെ ബിജു കുമാറിന്റെ പ്രതിച്ഛായ മോശമായി. ചന്ദ്രബോസിന്റെ വധശ്രമക്കേസിന്റെ തുടക്കത്തിൽത്തന്നെ നിസാം കോടികൾ വാരിയെറിയുന്നുണ്ടായിരുന്നു. കേസ് ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകുന്നതിൽ പൊലീസ് പലകുറി പിഴവു കാട്ടി. അതെല്ലാം നിസാമിൽനിന്നു പണം വാങ്ങി നിസാമിനു വേണ്ടി പൊലീസ് ചെയ്യുന്നതാണെന്നു പൊതുവേ ആക്ഷേപമുണ്ടായി. പേരാമംഗലം പൊലീസ് സ്‌റ്റേഷനിൽത്തന്നെ നാലഞ്ചു കേസുകൾ നിസാമിനെതിരേ ഉണ്ടായിട്ട് ഒരു കേസിൽപ്പോലും നിസാം ശിക്ഷിക്കപ്പെടാത്തതു പണം വാങ്ങി പൊലീസ് ഒതുക്കുന്നതു കൊണ്ടാണെന്നാണു പൊതുവേ വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ പേരാമംഗലം പൊലീസിനെതിരേ ഉയർന്ന ആരോപണങ്ങളെല്ലാം ഏറ്റവും കൂടുതൽ കൊണ്ടതു സി ഐ ബിജു കുമാറിനെതിരേയാണ്.

നിസാമുമായി തെളിവെടുപ്പിനു ബാംഗ്ലൂർക്കു പോയ സംഘത്തിനു നേതൃത്വം കൊടുത്തതു ബിജു കുമാറായിരുന്നു. ആ യാത്ര ഉല്ലാസയാത്രയായിരുന്നുവെന്നും നക്ഷത്ര ഹോട്ടലുകളിൽനിന്നായിരുന്നു ഭക്ഷണമെന്നുമുള്ള കാര്യങ്ങൾ പുറത്തുവന്നു. ബാംഗ്ലൂരിൽ ബിജുകുമാറിന്റെ മുന്നിൽവച്ചു നിസാം പൊലീസുകാരന്റെ മൊബൈലിൽ വിളിക്കുന്ന ഫോട്ടോ പുറത്തുവന്നു. തിരിച്ചുവന്നപ്പോൾ നിസാമിനു പൊലീസ് ക്ലീൻ സർട്ടിഫിക്കറ്റും കൊടുത്തു. ഇതോടെ ജനരോഷം പേരാമംഗലം പൊലീസിനും ബിജു കുമാറിനുമെതിരേയായി. നിസാമിനെതിരേ കാപ്പനിയമം ചുമത്താൻ ആവശ്യപ്പെട്ടു താൻ കത്തയച്ചിട്ടും മനപ്പൂർവം അതു വച്ചുതാമസിപ്പിക്കുകയായിരുന്നുവെന്ന ആരോപണവും മുൻസിറ്റി പൊലീസ് കമ്മീഷണറായ ജേക്കബ് ജോബ് ബിജുകുമാറിനെതിരേ എയ്തതോടെ ബിജു കുമാറിന്റെ മുഖം തീർത്തും വികൃതമായി.

ഏറ്റവും ഒടുവിലായി മുൻ ഡിജിപി കൃഷ്ണമൂർത്തിയുമായി ജേക്കബ് ജോബ് നടത്തിയ വിവാദസംഭാഷണത്തിന്റെ ശബ്ദരേഖയിലും ബിജുകുമാറിനും പേരാമംഗലം പൊലീസിനുമെതിരായ ഒട്ടേറെ പരാമർശങ്ങളുണ്ട്. നിസാം കേസ് രേഖപ്പെടുത്തിയ റൈറ്റർ തന്നോട് അഞ്ചു ലക്ഷം ആവശ്യപ്പെട്ടതായും ഓരോ തവണയും താൻ പേരാമംഗലം പൊലീസിനു പണം കൊടുക്കാറുണ്ടെന്നും നിസാം വെളിപ്പെടുത്തിയതും ഗൗരവപൂർവമാണ് അധികൃതർ നോക്കിക്കാണുന്നത്.

എന്നാൽ തനിക്കും താനുൾപ്പെട്ട അന്വേഷണസംഘത്തിനുമെതിരേ ഒരു സംസ്ഥാനത്തിലെ ജനങ്ങളും അധികൃതരുമൊക്കെ വാൾ വീശുമ്പോഴും പ്രതികരണത്തിനൊന്നും പോകാതെ നിശബ്ദനായി തന്റെ ജോലിയിൽ വ്യാപൃതനാകുകയാണ് ബിജു കുമാർ. ബിജു കുമാറിനെയും സംഘത്തെയും സംശയനിഴലിലാക്കി ഓരോ ദിവസവും പുതിയ പുതിയ ആരോപണങ്ങൾ. സംഭവങ്ങളെപ്പറ്റി വിശദീകരണം ചോദിച്ച് മറുനാടൻ വിളിച്ചപ്പോഴും തനിക്ക് ഈ കേസിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നുതന്നെ ആയിരുന്നു പേരാമംഗലം സി ഐ ബിജു കുമാറിന്റെ മറുപടി.

തന്നെ വില്ലനായി ചിത്രീകരിക്കുന്നവർ തന്റെ മുൻകാല ചരിത്രം പരിശോധിക്കണമെന്നു മാത്രമേ ബിജുകുമാർ മറുനാടൻ മലയാളിയോടു പറഞ്ഞുള്ളൂ. എന്തായാലും പൊലീസിനെതിരെ ഇപ്പോൾ ഉയർന്ന ആക്ഷേപത്തെപ്പറ്റി സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം സേനയിലും ശക്തമാണ്. സത്യസന്ധരായ ഉദ്യോഗസ്ഥർ ഉൾപ്പെടെ ആരോപണവിധേയരായി നില്ക്കുമ്പോൾ അതു മറ്റു കേസുകളുടെ വിശ്വാസ്യതയെ ബാധിക്കും.