കോഴിക്കോട്: കുവൈത്തിൽ ഗൃഹനാഥനെ ബന്ദിയാക്കി നാട്ടിൽ ലക്ഷങ്ങളുടെ പണം തട്ടിയതായി പരാതി. ലക്ഷങ്ങൾ കവർന്നതായി പരാതിയുണ്ടായിട്ടും ഒരു മാസം കഴിഞ്ഞിട്ടും പൊലീസ് നടപടിയൊന്നും എടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

കുവൈത്തിലെ ശർക്കിൽ വീട്ടിലെ പാചകക്കാരനായി ജോലി ചെയ്യുന്ന ഭർത്താവിനെ തടവിലാക്കിയാണ് നാട്ടിലുള്ള വീട്ടമ്മയിൽനിന്ന് പണവും ആഭരണങ്ങളും ആധാരവും തട്ടിയെടുത്തതായി പറയുന്നത്. ചെമ്പ്ര ഭഗവതികണ്ടി സഫിയയാണ് (45) പെരുവണ്ണാമൂഴി പൊലീസിൽ പരാതി നൽകിയത്. ഇവരുടെ ഭർത്താവ് യൂസഫിനെ കുവൈത്തിൽ തടവിലാക്കിയിട്ടുണ്ടെന്നും ഇയാളെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയാണ് സ്വത്ത് കൈക്കലാക്കിയതെന്ന് പൊലീസിനുകൊടുത്ത മൊഴിയിൽ പറയുന്നു.

നവംബർ 20ന് ഉച്ചക്ക് രണ്ടുമണിക്കാണ് കാറിൽ നാലംഗസംഘം സഫിയയുടെ വീട്ടിൽ എത്തിയത്. ഭർത്താവിനെ ഫോണിൽ വിളിച്ച് സഫിയക്ക് കൊടുത്തു. താൻ കുവൈത്തിൽ ചിലരുടെ തടവിലാണെന്നും ആധാരം അവർക്ക് കൊടുക്കണമെന്നും ഭർത്താവ് പറഞ്ഞതിനെതുടർന്ന് അവർ രണ്ട് ഏക്കറോളം വരുന്ന സ്ഥലത്തിന്റെ ആധാരം, നികുതി ശീട്ട് എന്നിവ നൽകി. പിന്നീട് സംഘം ബാങ്കിലുള്ള പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി.

ഇതേത്തുടർന്ന് പേരാമ്പ്ര ഫെഡറൽ ബാങ്കിലെത്തി അവരുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 4.33 ലക്ഷം രൂപ എടുത്തുകൊടുത്തു. തുടർന്ന് പിന്തുടർന്ന് വീട്ടിലെത്തിയ സംഘം അവർ ധരിച്ചിരുന്ന ആറുപവൻ താലിമാലയും അര പവൻ മോതിരവും ബലമായി ഊരിവാങ്ങി. കൂടാതെ ഇവരും ഭർത്താവും ഒപ്പുവെച്ച തുക എഴുതാത്ത രണ്ട് ചെക്കും വാങ്ങി. എഴുതാത്ത രണ്ട് മുദ്രപ്പത്രത്തിൽ വലതുകൈ പിടിച്ച് വിരലടയാളം പതിപ്പിക്കുകയും ചെയ്തതായി മൊഴിയിൽ പറയുന്നു.

സംഘത്തിലുണ്ടായിരുന്ന ഒരാൾ ഭർത്താവിന്റെ സുഹൃത്ത് മുഹമ്മദാണ്. മറ്റ് രണ്ടുപേർ ഷുക്കൂർ, നവാസ് എന്നിവരാണെന്നും നാലാമനെ കണ്ടാലറിയാമെന്നും പറയുന്നു. സഫിയയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു.
സഫിയയും പ്രായമായ ഉമ്മയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. പൊലീസിൽ പരാതി നൽകിയെങ്കിലും ആദ്യം കേസെടുത്തില്ല.

തുടർന്ന് സഫിയയും ബന്ധുക്കളും എസ്‌പിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ ആറിനാണ് കേസെടുത്തത്. ഡി.ജി.പി, മുഖ്യമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. സംഭവം നടന്ന് ഒരു മാസമായിട്ടും പൊലീസ് വേണ്ടവിധത്തിൽ അന്വേഷണം നടത്തിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്. ഭീഷണി ഭയന്ന് സഫിയയും ഉമ്മയും ഇപ്പോൾ ബന്ധുവീട്ടിലാണ് താമസം.

അതേസമയം കേസിൽ അടിമുടി ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഗൃഹനാഥൻകൂടി അറിഞ്ഞുള്ള കളിയാണൊയെന്നും പൊലീസിന് സംശയമുണ്ട്.ഇയാൾ കൊടുക്കാനുള്ള പണം ചിലർ ഈടക്കാകുകയായിരുന്നെന്നും സംശയമുണ്ട്്.