ചെന്നൈ: 1991 ജൂൺ 11നാണു രാജീവ് ഗാന്ധി വധക്കേസിൽ പേരറിവാളനെ അറസ്റ്റ് ചെയ്യുന്നത്. വിചാരണ പൂർത്തിയായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞ പേരറിവാൾ. ഈ വധശിക്ഷ നടപ്പാക്കിയില്ല. ഒടുവിൽ മാനുഷിക പരിഗണനകളിൽ മോചനം. പേരറിവാൾ കുറ്റം ചെയ്തില്ലെന്ന് വിശ്വസിക്കുന്നവർ ഏറെയുണ്ട്. രാജീവ് ഗാന്ധി വധത്തെ കുറിച്ച് അറിയാതെ തമിഴ് പുലികൾക്ക് സാധനങ്ങൾ വാങ്ങികൊടുത്തു എന്നതാണ് പേരറിവാളിനെ അനുകൂലിക്കുന്നവർ ഉയർത്തുന്ന ന്യായം. ഇതായാലും 19 വയസ്സിൽ ജയിലിൽ പോയ പേരറിവാൾ 50-ാം വയസ്സിൽ തിരിച്ചു വരുന്നു.

രാജീവ് ഗാന്ധി വധത്തിലെ പ്രതികളെ പിടികൂടാൻ കമാണ്ടോ ഓപ്പറേഷനാണ് നടത്തിയത്. ഈ ഓപ്പറേഷനാണ് രാജീവ് ഗാന്ധി വധത്തിൽ നിർണ്ണായകമായത്. ഇതിന് നേതൃത്വം കൊടുത്തത് സിനിമാക്കാരനായ മേജർ രവിയാണ്. പേരറിവാളിന്റെ മോചനത്തെ മേജർ രവി ഈ ഘട്ടത്തിൽ അനുകൂലിക്കുന്നു. എന്നാൽ തെറ്റ് ചെയ്തില്ലെന്ന വാദം മേജർ രവിക്ക് ഉൾക്കൊള്ളാനും കഴിയുന്നില്ല. രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ മുപ്പതു വർഷത്തിന് ശേഷമുള്ള മോചനം മാനുഷിക പരിഗണന വച്ചാണെങ്കിൽ നന്നായി എന്നാണ് തന്റെ അഭിപ്രായമെന്ന് മേജർ രവി പറയുന്നു.

1991 ജൂൺ 11; ചില കാര്യങ്ങൾ ചോദിച്ച ശേഷം അടുത്ത ദിവസം വിട്ടയച്ചേക്കാമെന്ന ഉറപ്പിൽ കവിയും സ്‌കൂൾ അദ്ധ്യാപകനുമായ കുയിൽദാസനും അർപ്പുതമ്മാളും പൊലീസിന് കൈമാറിയതാണ് അന്ന് 19 വയസു മാത്രം പ്രായമുണ്ടായിരുന്ന 'അറിവ്' എന്നു വിളിക്കുന്ന ജി.ഇ പേരറിവാളൻ എന്ന മകനെ. പിന്നീട് 31 വർഷത്തിന് ശേഷമാണ് ആ കുട്ടി പുറത്തു വരുന്നത്. ഇന്ന് അമ്പത് വയസ്സുണ്ട് പേരറിവാളിന്.

2022 മെയ്‌ 18 ന് സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ് പേരറിവാളനെ മോചിപ്പിച്ചത്. അന്ന് പേരറിവാളൻ എന്ന അറിവിനെ കൂട്ടിക്കൊണ്ടു പോയ പൊലീസ് ആ 19കാരനെ വിട്ടയിച്ചില്ല, മകനെ കാണാൻ മാതാപിതാക്കളെ അനുവദിച്ചുമില്ല. അടുത്ത 59 ദിവസവും പേരറിവാളൻ എവിടെയെന്നു പോലും മാതാപിതാക്കൾക്കറിയില്ലായിരുന്നു. മകൻ പൊലീസ് കസ്റ്റഡിയിലാണെന്ന് എല്ലാവരും അറിയുമല്ലോ എന്നോർത്ത് ഹേബിയസ് കോർപസ് ഹർജി നൽകാൻ പോലും അവർ ഭയപ്പെട്ടു.

മകൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അതുകൊണ്ടു തന്നെ പ്രശ്‌നങ്ങളൊന്നും കൂടാതെ മോചിതനാകുമെന്നുമുള്ള ഉറപ്പിലായിരുന്നു ആ കാത്തിരിപ്പെന്ന് പേരറിവാളന്റെ അമ്മയെക്കുറിച്ചുള്ള പുസ്തകമെഴുതിയ പൂങ്കുഴലി പറയുന്നു. മകന്റെ വിധി അറിഞ്ഞതോടെ ആരംഭിച്ച പോരാട്ടം 31 വർഷം കഴിയുമ്പോൾ വിജയത്തിലെത്തി. അതിന് സുപ്രീം കോടതി വിധി എത്തേണ്ടി വന്നു.

മേജർ രവിക്ക് പറയാനുള്ളത്

''1991 ജൂൺ 11നാണു രാജീവ് ഗാന്ധി വധക്കേസിൽ പേരറിവാളനെ അറസ്റ്റ് ചെയ്യുന്നത്. വിചാരണ പൂർത്തിയായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞ ആളാണ് അയാൾ. മുപ്പതു വർഷമായി അയാളുടെ വധശിക്ഷ നടപ്പാക്കാതെ വലിച്ചുനീട്ടി കൊണ്ടുപോവുകയായിരുന്നു. കസബ് എന്ന ഭീകരന്റെ കേസിൽ വളരെ പെട്ടെന്ന് തന്നെ ശിക്ഷവിധിച്ച് നടപ്പാക്കിയതാണ്. അഫ്‌സൽ ഗുരുവിന്റെ കേസിലും വളരെ വേഗത്തിലാണ് ശിക്ഷ നടപ്പാക്കിയത്. കോൺഗ്രസ് ഭരിച്ചിരുന്ന സമയത്തെ കോൺഗ്രസിന്റെ പ്രധാനമന്ത്രി ആയിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെട്ട കേസിലെ പ്രതിയെ ശിക്ഷിക്കാൻ ഈ അടുത്തിടവരെ ഭരിച്ചിരുന്ന അവർക്ക് കഴിഞ്ഞില്ലെങ്കിൽ ഇനി അയാളെ ജയിലിൽ ഇട്ടിട്ടു എന്ത് കാര്യം.

ഞാൻ കമാൻഡോ ആയിരുന്നപ്പോൾ ഞങ്ങൾക്ക് ഗവൺമെന്റിൽ നിന്ന് കിട്ടിയ ഓർഡർ പ്രതികളെ സയനൈഡ് കഴിച്ചു മരിക്കാൻ അനുവദിക്കാതെ ജീവനോടെ പിടിക്കണം എന്നതായിരുന്നു. പ്രതികളെ പിടിക്കാൻ ഏറെ പരിശ്രമിച്ച ഒരു കമാൻഡോ എന്ന നിലയിൽ കേസ് വലിച്ചു നീട്ടിക്കൊണ്ടുപോയി വിധി വരാൻ തന്നെ ഏറെ താമസിച്ചു എന്നാണു പറയാനുള്ളത്.

പിന്നെ വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരു പ്രതി ഓരോ ദിവസവും മരിച്ചുകൊണ്ടിരിക്കുകയാണ് കാരണം എന്നായിരിക്കും എന്നെ തൂക്കിക്കൊല്ലുക എന്ന പേടിയോടെയായിരിക്കും ഓരോ ദിവസവും അയാൾ ജീവിക്കുക. പേരറിവാളൻ അയാളുടെ ശിക്ഷ ഏകദേശം അനുഭവിച്ചു കഴിഞ്ഞു. ഇനിയിപ്പോൾ വിട്ടാലും വിട്ടില്ലെങ്കിലും എല്ലാം കണക്കു തന്നെ. മാനുഷിക പരിഗണന വച്ച് അയാളെ പുറത്തു വിട്ട സുപ്രീം കോടതി വിധി നന്നായി എന്നാണ് ഇപ്പോൾ എന്റെ അഭിപ്രായം.

പേരറിവാളൻ തെറ്റ് ചെയ്തില്ല എന്ന ന്യായങ്ങളിൽ ഞാൻ വിശ്വസിക്കുന്നില്ല. എന്തിനാണെന്ന് അറിയാതെ ആണ് ബോംബ് ഉണ്ടാക്കുനുള്ള ബാറ്ററി കൊണ്ടുകൊടുത്തത് എന്നാണ് വക്കീലിന്റെ വാദം. മാനസിക അവസ്ഥ തെറ്റി നിൽക്കുന്ന ഒരാളിന്റെ കയ്യിൽ സയനൈഡ് കൊണ്ടുകൊടുത്തിട്ട് അയാൾ അത് കഴിച്ചു മരിക്കുമ്പോൾ ഞാൻ അറിയാതെയാണ് കൊടുത്ത് അയാൾ അത് കഴിച്ചത് എന്തിനാ എന്ന് ചോദിക്കുന്നതുപോലെ ആണ് ഇത്. അറിഞ്ഞില്ല എന്ന് പറയുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല.

ഇവരൊക്കെ എൽടിടിഇ യുടെ വലിയ പോരാളികൾ ആയിരുന്നു. പതിനാറു പതിനേഴ് വയസ്സുകഴിഞ്ഞാൽ ഇവരൊക്കെ ഭീകരമായ മനസ്സുള്ള ഓപ്പറേറ്റേഴ്സ് ആണ്. അത്രയും ഡെഡിക്കേറ്റഡ് ആയുള്ള ആളുകൾ ആയിട്ടാണ് ഇവർ ട്രെയിനിങ് പൂർത്തിയാക്കുന്നത്. പത്തൊൻപത് വയസ്സ് ആയ പ്രായപൂർത്തിയായ ഇയാൾ എന്തിനാണ് ബാറ്ററി കൊടുക്കുന്നതുഎന്നു അറിഞ്ഞില്ല എന്ന് പറഞ്ഞത് അംഗീകരിക്കാൻ കഴിയില്ല. അത് ചെയ്തിട്ടുണ്ടെങ്കിൽ അയാൾ ശിക്ഷിക്കപ്പെടുക തന്നെ വേണം.'' മേജർ രവി കൂട്ടിച്ചേർത്തു.