കണ്ണൂർ: കണ്ടാൽ അറയ്ക്കുന്ന മാലിന്യം അവർ എന്റെ മക്കളെക്കൊണ്ട് വാരിച്ചു. മാലിന്യച്ചാക്കിനടുത്ത് ഇരുത്തി പഴം തീറ്റിച്ചു. അത് ഫോട്ടോയുമെടുത്തു. അതുകഴിഞ്ഞ് അവർ തന്നെ രക്ഷകരായെത്തി. മക്കളെ ഹോസ്റ്റലിലാക്കുന്നില്ലേ?... മറ്റു പല കാര്യങ്ങളും ചോദിച്ചു. ബിജെപി.യിലെ ചിലരാണ് ഇങ്ങനെ വന്ന് ചോദിച്ചത്.

പിന്നീട് ഞാൻ അറിഞ്ഞു, മക്കളുടെ ചിത്രങ്ങൾ പത്രത്തിൽ വന്നെന്ന്. പേരാവൂരിൽ പോയി പത്രം വാങ്ങിച്ചു. പത്രത്തിൽ എന്റെ രണ്ടു പിള്ളാര്. ഒരാളുടെ കയ്യിൽ പഴം. ഒരാൾ വെയ്സ്റ്റ് ചാക്കിൽ കൈയിട്ടു വാരുന്നു. അത് എന്റെ ഇളയ മകൻ. വീട്ടിലെത്തി കുട്ടികളോട് ചോദിച്ചു. 'അവർ കച്ചറ വാരിയിടാൻ പറഞ്ഞു, അതുകൊണ്ട് ഞാൻ ചാക്കിലിട്ടു കൊടുത്തു. അപ്പോൾ ഒരാൾ പഴം കൊണ്ടു വന്ന് ഞങ്ങൾക്ക് തന്നു. കച്ചറക്കടുത്ത് വച്ചു തന്നെ തിന്നാൻ പറഞ്ഞു. മറ്റൊരാൾ ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു...' മകൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ സോമാലിയാ പരാമർശത്തിനിടയാക്കിയ പേരാവൂർ തിരുവോണപ്പുറത്തെ ആദിവാസി കോളനിയിലെ അമ്മയും മകനുമാണ് ആസൂത്രിതമായ ഇത്തരം വഞ്ചനക്കിരയായതായി വെളിപ്പെടുത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിന് വരെ വിഷയമായ ചിത്രത്തിനു പിന്നിൽ ചിലരുടെ ബോധപൂർവ്വമായ താത്പര്യമുണ്ടെന്ന് വിവരം പുറത്തു വന്നിരിക്കയാണ്. ഈ സംഭവത്തിൽ പരാമർശിക്കപ്പെട്ട ആദിവാസിയായ അമ്മയും മകനും തന്നെ പട്ടിണിയും മാലിന്യക്കൂമ്പാരത്തിൽ ഭക്ഷണം കഴിക്കേണ്ട അവസ്ഥയും നിഷേധിക്കുകയാണ്. മുമ്പൊക്കെ നമ്മൾ പട്ടിണി കിടന്നിട്ടുണ്ട്. മക്കളെപ്പോറ്റാൻ മാലിന്യകേന്ദ്രത്തിൽ അയച്ച് പട്ടിണി മാറ്റേണ്ട അവസ്ഥയില്ല. പത്രക്കാർക്ക് വേറെ എന്തൊക്കെ പണിയുണ്ട്. അതൊന്നും അവർ ചെയ്യാതെ ഇല്ലാക്കഥ പടക്കുകയാണോ? ആ അമ്മ പറയുന്നു.

എന്നെങ്കിലും അരിയില്ലാതെ വന്നാൽ അടുത്ത പറമ്പിൽ കയറി രണ്ടോ മൂന്നോ തേങ്ങ പറിക്കും. തേങ്ങ വിറ്റ് അരി വാങ്ങി പട്ടിണി മാറ്റും. അല്ലാതെ ഇവിടെ മക്കളെ കച്ചറ വാരിച്ച് തീറ്റിക്കേണ്ട അവസ്ഥയില്ല. അച്ഛന്മാർ പണിക്ക് പോയാൽ അമ്മമാർ മക്കളേയും കൂട്ടി വെയ്‌സ്റ്റ് വാരിക്കൊടുത്താണ് മക്കളെ തീറ്റിക്കുന്നതെന്നു പോലും അവർ അടിച്ചു വിട്ടു. വെയ്‌സ്റ്റ് വാരി തിന്നാനും വാരിക്കൊടുക്കാനും നമ്മൾ പോവുകയില്ല.... ആ അമ്മ പറഞ്ഞു.

പേരാവൂർ തിരുവോണപ്പുറത്തെ അമ്പലക്കുഴി കോളനിയിലെ ആദിവാസി കുടുംബത്തിന്റെ വെളിപ്പെടുത്തലോടെ ഇതിന്റെ പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടു വരുവാനുള്ള ശ്രമവുമായി യു.ഡി.എഫും രംഗത്തിറങ്ങിയിട്ടുണ്ട്. ആദിവാസി കുടുംബം തന്നെ ബിജെപി.യെ മൾമുനയിൽ നിർത്തിയിരിക്കയാണ്. ഈ സംഭവവും മാലിന്യത്തിൽ നിന്ന് ഭക്ഷണം കഴിക്കുന്ന ഫോട്ടോയും പുറത്തുവന്നതോടെ പ്രതിപക്ഷ കക്ഷികൾ സജീവമായി രംഗത്തുവന്നിരുന്നു.

സമൂഹ മാദ്ധ്യമങ്ങളിലും ട്രോളുകളും ബ്ലോഗുകളും കടന്ന് പ്രധാനമന്ത്രിയുടെ സോമാലിയാ വിവാദം വരെ ഇത് എത്തിനിന്നിരുന്നു. എന്നാൽ ഈ ചിത്രത്തിനു പിന്നിലെ നാടകമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. രണ്ടു പ്രാദേശിക മാദ്ധ്യമപ്രവർത്തകരെ കൂട്ടുപിടിച്ച് രാഷ്ട്രീയക്കാർ നടത്തിയ അഭിനയനാടകമാണ് ഇതിനു പിറകിലെന്ന് വെളിവായിരിക്കയാണ്.

ഈ വാർത്തയുമായി ബന്ധപ്പെട്ട വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക