രപ്രമാണിമാരെ തറപറ്റിച്ച പെരിനാട് ഗോപാലദാസൻ അഥവാ മഹാത്മാ അയ്യൻകാളിയുടെ ധീരനായ പോരാളി.സവർണ്ണാധിപത്യത്തിന്റെയും ജാതിവെറികളുടെയും ലക്ഷ്മണരേഖകൾ മായ്ചുകൊണ്ട്, ജനിച്ചമണ്ണിലെ അവകാശങ്ങൾക്ക് വേണ്ടി മാറ്റത്തിന്റെ മണിമുഴക്കി മഹാത്മാ അയ്യൻകാളിയുടെ വില്ലുവണ്ടി പൊതുവഴിയിലൂടെ പാഞ്ഞുപോയത് ഇന്ത്യയുടെ ചരിത്രത്തിലെ എന്നല്ല ലോകത്തിലെ തന്നെ എണ്ണമറ്റ മഹത്തായ വിപ്ലവങ്ങളിൽ ഒന്നാണ്.മനുഷ്യൻ എന്ന പദവി റദ്ദ് ചെയ്ത അനാചാരങ്ങളോട്, സാമൂഹിക വ്യവസ്ഥകളോട്, അതിനെ അരക്കിട്ടുറപ്പിച്ച ശ്രുതികളോടും പ്രമാണങ്ങളോടും അവ തീർത്ത ആൾക്കൂട്ടങ്ങളുടെ നെറികേടുകളോടും പൊരുതാൻ അടിച്ചമർത്തപ്പെട്ട ഒരു ജനതയ്ക്ക് മഹാത്മാ അയ്യൻകാളി നൽകിയ കരുത്ത് ആവേശത്തോടെയല്ലാതെ ഓർക്കാനാവില്ല.ഓഗസ്റ്റ് 28 ആ മഹാനുഭാവന്റെ ജന്മവാർഷികദിനമാണ്.

അമർചിത്രകഥകളിലെ കവിഭാവനകൾ വായിച്ച് ആർഷഭാരത സംസ്‌കാരത്തിൽ ആത്മരതികൊള്ളുന്ന ആളുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന ലോകത്ത് യാഥാർത്ഥ്യത്തിലെ ഇരുണ്ട ഭൂതകാലത്തെക്കുറിച്ചും അവിടെ അടിമകളായി ജീവിച്ചുമരിച്ച മനുഷ്യരെക്കുറിച്ചും അവർക്കിടയിൽനിന്നും കൊടുങ്കാറ്റ് പോലെ ഉണർന്ന വിപ്ലവകാരികളെക്കുറിച്ചും നാം ഉറക്കെ പറയേണ്ടതുണ്ട്.അവരിൽ പലരരെയും ചരിത്രകാരന്മാർ തിരസ്‌കരിച്ചു.അവരുടെ ചോരയ്ക്കും ജീവനും വിലനൽകാതെപോയി.അവരുടെ പോരാട്ടങ്ങൾ അമ്മൂമ്മക്കഥകളിൽപോലും കേൾക്കാതെപോയി.അവരുടെ നാടും ജനതയും പോലും അവരെ മറന്നുപോയി.അങ്ങനെയൊരു മനുഷ്യനുണ്ടായിരുന്നു എന്റെ നാട്ടിൽ ,കൊല്ലം ജില്ലയിലെ പെരിനാട് എന്ന ഗ്രാമത്തിൽ മഹാത്മാ അയ്യൻകാളിയുടെ അഭയവാണി കേട്ടുണർന്ന ഗോപാലദാസൻ.'പെരിനാട് ലഹള'യായി ഒതുക്കപ്പെട്ട ഐതിഹാസിക സമരത്തിന്റെ ധീരസാരഥി.സവർണ്ണ മാടമ്പിമാരുടെ പേക്കൂത്തുകൾ കൊണ്ട് പൊറുതിമുട്ടിയ പതിതജനതയുടെ ആത്മാഭിമാനത്തിന്വേണ്ടി പൊരുതിമരിച്ച കർമ്മധീരൻ.

ജാതീതമായ അസമത്വങ്ങൾക്കെതിരെ സംഘടിക്കാൻ മഹാത്മാ അയ്യൻകാളി നൽകിയ ആഹ്വാനം അനേകം പേരിലെന്നപോലെ പെരിനാട് ഗ്രാമത്തിലെ ഗോപാലദാസൻ എന്ന ചെറുപ്പക്കാരനിലും വലിയ ആവേശമുണർത്തി.മാറുമറയ്ക്കാനും ചെരുപ്പ് ധരിക്കാനും കുടപിടിക്കാനുമൊക്കെ അവകാശം നിഷേധിക്കപ്പെട്ട സാധുജനതയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതാൻ ഗോപാലദാസൻ തന്റെ ജീവിതവും ജീവനും സമർപ്പിച്ചു.കരപ്രമാണിമാർക്ക് വേണ്ടി പാടത്തും പറമ്പിലും പണിയെടുത്ത് തളർന്ന പാവങ്ങളെ അധികാരി വർഗ്ഗത്തിന്റെ ചൂഷണത്തിൽനിന്നും മർദ്ദനങ്ങളിൽനിന്നും മോചിപ്പിക്കുവാൻ ഗോപാലദാസൻ മുന്നോട്ടു വന്നു.അനേകംപേരുടെ സമരനായകനായി.''ഞങ്ങളുടെ കുട്ടികൾക്ക് പഠിക്കാൻ കഴിയില്ലെങ്കിൽ നിങ്ങളുടെ പാടം കൊയ്യാൻ ഞങ്ങൾ വരില്ലെ''ന്ന് പറഞ്ഞുകൊണ്ട് തിരുവിതാംകൂറിൽ ആദ്യമായി കർഷക തൊഴിലാളി പണിമുടക്ക് നടത്തിയ അയ്യങ്കാളി പകർന്ന ഊർജ്ജം മാത്രമായിരുന്നു അവരുടെ ശക്തി.

അയിത്തജാതിക്കാരുടെ അടയാള മുദ്രകളായി തമ്പുരാക്കന്മാർ കൽപ്പിച്ച പ്രാകൃതമായ കല്ലുമാലകൾ ശരീരത്തിലണിയാൻ വിധിക്കപ്പെട്ട ദളിത് സ്ത്രീകളോട് അത് പൊട്ടിച്ചെറിയുവാൻ അയ്യങ്കാളി നടത്തിയ പ്രഖ്യാപനം വിപ്ലവവീര്യത്തോടെ ഏറ്റെടുക്കാൻ തന്റെ ഗ്രാമത്തെ തയ്യാറാക്കുകയായിരുന്നു ഗോപാലദാസൻ.പതിതജനതയെകൂട്ടി ഒരു മഹാസമ്മേളനം തന്നെ ഗോപാലദാസന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.പെരിനാട് ചെമ്മക്കാട്ട് ചെറുമുക്കിലെ പുതുവൽ പുരയിടത്തിൽ 1915 ഒക്ടോബർ 24നു ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത മഹാസമ്മേളനത്തിൽ കല്ലമാലകൾ പൊട്ടിച്ചെറിയാനായിരുന്നു അവരുടെ തീരുമാനം.സംഭവം അറിഞ്ഞ് സ്ഥലത്ത് സംഘടിച്ചെത്തിയ സവർണ്ണ ഗുണ്ടകൾ അക്രമം അഴിച്ചുവിട്ടു.സമ്മേളനത്തിൽ പ്രസംഗിക്കാൻ നിന്ന വിശാഖം തേവനെയും ഗോപാലദാസനെയും കൂരിനായർ കണ്ണൻ പിള്ള എന്നിവർ ക്രൂരമായി അടിക്കുകയും വെട്ടുകയും ചെയ്തു.

ഓടിയെത്തിയ ആളുകൾ കൂരിനായരെയും കണ്ണൻപിള്ളയേയും അരിവാള് കൊണ്ട് കൈകാര്യം ചെയ്തു.വലിയ കലാപത്തിന്റെ തുടക്കമായിരുന്നു അത്.പ്രതികാരദാഹികളായ നായർപടകൾ ഗ്രാമത്തിലെ പുലയക്കുടിലുകൾ കത്തിച്ചു ചാമ്പലാക്കി.കണ്ണിൽ കണ്ടവരെയെല്ലാം ആക്രമിച്ചു.നിസ്സഹായരായ ആളുകൾ കൂട്ടമായി പലായനം ചെയ്തു.അനവധിപേർക്ക് ഗുരുതരമായി പരിക്കേറ്റു.ദിവസങ്ങളോളം കലാപം കത്തിനിന്നു.ഗോപാലദാസനെ പിന്നീടാരും കണ്ടിട്ടില്ല.നായർപ്പട അദ്ദേഹത്തെ ചെളിയിൽ ചവിട്ടി താഴ്‌ത്തി എന്ന് പറയപ്പെടുന്നു.അധികാരികളും പൊലീസും അക്രമികൾക്ക് കൂട്ടുനിന്നു.കണ്ണിൽചോരയില്ലാത്ത കലാപത്തിന്റെ വിവരമറിഞ്ഞ് അയ്യൻകാളി പെരിനാട്ട് വന്നു.സ്വാതന്ത്ര്യ സമരസേനാനി ചങ്ങനാശ്ശേരി പരമേശ്വരൻപിള്ളയുടെ സഹായത്തോടെ കരപ്രമാണിമാരിൽ ചിലരുമായി നടത്തിയ സമാധാനചർച്ചകൾ വിജയിച്ചു.

ഗോപാലദാസന്റെ സ്വപ്നം പൂർത്തീകരിക്കാൻ അയ്യൻകാളിയുടെ നേതൃത്വത്തിൽ കൊല്ലത്തെ പീരങ്കി മൈതാനത്ത് ആയിരകണക്കിന് ആളുകൾ സംഘടിച്ചു.ആ സമ്മേളനത്തിൽവച്ച് അവർ കല്ലമാലകൾ പൊട്ടിച്ചെറിഞ്ഞു.കൂരിനായരേയും കണ്ണൻപിള്ളയേയും കൊന്ന കുറ്റത്തിന് പലരുടെപേരിലും പൊലീസ് ചുമത്തിയ കേസുകൾ തീർപ്പാക്കാനും അയ്യൻകാളി പരിശ്രമിച്ചു.കേസ് സൗജന്യമായി വാദിച്ച ഇലഞ്ഞിക്കൽ ജോൺ എന്ന വക്കീലിന് പ്രത്യുപകാരമായി അവർണ്ണർ ഒരു കുളം നിർമ്മിച്ചു നൽകി.ആ കുളം നിന്ന പ്രദേശത്താണ് ഒരു ചരിത്രത്തെ മണ്ണിട്ട് മൂടി പിൽക്കാലത്തുകൊല്ലം ജില്ലാപഞ്ചായത്ത് കെട്ടിടം ഉയർന്നത്.അങ്ങനെ ചരിത്രത്തിലെ ആ പോരാട്ടങ്ങളെ നമ്മുടെ സൗകര്യത്തിന്റെ പേരിൽ നാം മായ്ച്ചുകളഞ്ഞു.ഗോപാലദാസനെ പെരിനാട്ടിലെ പുതിയ തലമുറയ്ക്ക് ഓർക്കുവാൻ തന്റെ ഗ്രാമത്തിൽ എന്തുണ്ട് എന്ന ചോദ്യം ബാക്കിയാകുന്നു.

ചരിത്രം തിരയുന്നവർ മഹാത്മാ അയ്യങ്കാളിയോടൊപ്പം വായിക്കുന്ന അനേകംപേരിൽ ഗോപാലദാസൻ എന്ന ധീരന്റെ പേര് എന്നുമുണ്ടായിരിക്കും.പെരിനാട് കലാപം ഒരു ലഹളയായിരുന്നില്ലെന്നും അതിജീവനത്തിന്റെ അഭിമാനബോധത്തിന്റെ സ്വാതന്ത്ര്യസമരമായിരുന്നുവെന്നും അവരിൽ ചിലരെങ്കിലും തിരിച്ചറിയും.എന്റെ പെരിനാട് ഗ്രാമത്തിൽ അങ്ങനെയൊരു വിപ്ലവകാരി ജീവിച്ചിരുന്നു എന്ന് അഭിമാനത്തോടെ ഓർത്തുകൊള്ളട്ടെ.