- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരമണിക്കൂർ മുൻപേ പുറപ്പെട്ട ഡിവൈഎഫ്ഐ! അത് പറഞ്ഞ് രണ്ട് ദിവസം മുൻപേ ആക്കിയ ജില്ലാപഞ്ചായത്ത് സമിതിയും! പെരിങ്ങമ്മല ഇൻഡോർ സ്റ്റേഡിയത്തിലെ നിരക്ക് വർദ്ധന പിൻവലിച്ചത് കഴിഞ്ഞ മാസം 30ന്; ഡിവൈഎഫ്ഐയുടെ കത്ത് ഈമാസം രണ്ടാം തീയ്യതിയും; സൈബറിടത്തിലെ തള്ള് പൊളിയുമ്പോൾ
തിരുവനന്തപുരം: ഹലോ മാന്നാർ മത്തായി അല്ലെ, അതേ മത്തായി ആണ്. ശ്ശോ നിങ്ങൾ ഇത് വരെ പുറപ്പെട്ടില്ലേ. പുറപ്പെട്ടല്ലോ അരമണിക്കൂർ മുൻപേ പുറപ്പെട്ടല്ലോ. വേണേൽ ഒരു മണിക്കൂർ മുൻപേ പുറപ്പെടാം.. മാന്നാർ മത്തായി സ്പീക്കിങ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ ഈ ഹിറ്റ് രംഗം മലയാളികളുടെ ഇഷ്ടരംഗങ്ങളിൽ ഒന്നാണ്. ലാൻഡ് ഫോൺ മാത്രം ഉപയോഗത്തിലുണ്ടായിരുന്ന കാലത്താണ് ഈ സിനിമയിലെ ഈ സംഭവത്തിന് പ്രസക്തി. നാടകം ബുക്ക് ചെയ്ത് പ്രോഗ്രാം കമ്മറ്റി കൺവീനർ നാടകസമിതി സമയമായിട്ടും എത്താത്തതുകൊണ്ട് നാടകസമിതിയിലെ ലാന്റ് ഫോൺ നമ്പരിലേക്ക് വിളിച്ചു തിരക്കുന്നതാണ് ഈ രംഗം.
ഫോൺ വെച്ചതിന് ശേഷം എന്തായി എന്ന് ചോദിക്കുന്ന കമ്മറ്റിക്കാരോട് അവർ അരമണിക്കൂർ മുൻപേ പുറപ്പെട്ടു ഞാൻ പറഞ്ഞ് അത് ഒരു മണിക്കൂർ മുൻപേ ആക്കിയിട്ടുണ്ട് എന്ന് തള്ളുന്ന എസ്‌പി പിള്ളയുടെ മണ്ടനായ കഥാപാത്രത്തെയും അയാളെ പറഞ്ഞ് പറ്റിക്കുന്ന ഇന്നസെന്റിന്റെ മാന്നാർ മത്തായിയേയും ഉപമിച്ച് കൊണ്ട് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സമിതിയേയും ഡിവൈഎഫ്ഐ പെരിങ്ങമ്മല മേഖലാ കമ്മിറ്റിയെയും ട്രോളുകയാണ് ഫേയ്സ് ബുക്ക് പോസ്റ്റ്. ഇങ്ങനെയാണ് ആ പോസ്റ്റ്:
തിരുവനന്തപുരം ജില്ലാപഞ്ചായത്ത് ഭരണസമിതി അവതരിപ്പിക്കുന്ന നാടകം 'ഡിവൈഎഫ്ഐയും ഇൻഡോർ സ്റ്റേഡിയവും'. അരങ്ങത്ത് ഡിവൈഎഫ്ഐ പെരിങ്ങമ്മല മേഖലാ കമ്മിറ്റി, അണിയറയിൽ തിരുവനന്തപുരം ജില്ലാപഞ്ചായത്ത് ഭരണസമിതി കെയറോഫ് സിപിഎം. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പെരിങ്ങമ്മല മൾട്ടീപർപ്പസ് ഇൻഡോർ സ്റ്റേഡിയമാണ് രംഗം. ഇൻഡോർ സ്റ്റേഡിയത്തിൽ കളിക്കുന്ന ടീമുകളിൽ നിന്നും കൂടുതൽ തുക ഈടാക്കാൻ ജില്ലാപഞ്ചായത്ത് സമിതി തീരുമാനിക്കുന്നു. 29.11.2021 ലെ സാധാരണ പൊതുയോഗത്തിന്റെ തീരുമാനപ്രകാരമാണ് എന്നറിയിക്കുന്ന നോട്ടീസ് 11.07.2022 ലെ ഡേറ്റിലാണ് ജില്ലാപഞ്ചായത്തിന്റെ ഔദ്യോഗികലെറ്റർ പാഡിൽ പതിക്കുന്നത്.
ഇതേ തുടർന്ന് തീരുമാനം വിവാദമാകുന്നു. സ്റ്റേഡിയത്തിൽ കളിക്കാനെത്തുന്നവർ പ്രതിഷേധവുമായി മുന്നോട്ട് വരികയും സോഷ്യൽമീഡിയ വഴി നിരക്ക് വർദ്ധനവിനെ ശക്തമായി എതിർക്കുകയും ചെയ്തു. വർദ്ധനവ് പിൻവലിക്കാൻ ജില്ലാപഞ്ചായത്ത് സമിതി നിർബന്ധിതമാകുന്നു. 30.07.2022 ൽ നിരക്ക് പിൻവലിച്ചതായി അറിയിച്ച് കൊണ്ട് ജില്ലാപഞ്ചായത്ത് അതേ നോട്ടീസ് ബോർഡിൽ അറിയിപ്പ് വരുന്നു. സിപിഎം ഭരിക്കുന്ന ജില്ലാ പഞ്ചായത്ത് സമിതി പക്ഷേ പാർട്ടിക്കായി ഓടി നടക്കുന്ന ഡിവൈഎഫ്ഐ അനിയന്മാർക്കായി ഒരു സസ്പെൻസ് നോട്ടീസിൽ ഒളിച്ചു വെച്ചു.
ഡിവൈഎഫ്ഐ പെരിങ്ങമ്മല മേഖലാ കമ്മിറ്റിയുടെ പരാതിയേ തുടർന്നാണ് നിരക്ക് കുറക്കാൻ തീരുമാനമെടുത്തത് എന്ന് ഔദ്യോഗിക ലെറ്റർപാഡിൽ ജില്ലാ പഞ്ചായത്ത് സമിതി രേഖപ്പെടുത്തിയിരുന്നു. സ്വാഭാവികം ക്രെഡിറ്റ് അങ്ങനെയാർക്കും പോകരുതല്ലോ. ബോർഡിന്റെ മുന്നിലൂടെ കടന്ന് പോയ ഏതോ ഒരു കുട്ടിസഖാവ് ഈ ഡി.വൈ.എഫ് .ഐ ക്കുള്ള ഈ താമ്രപത്രം ശ്രദ്ധിക്കുന്നു. ചോരചാലുകൾ നീന്തി കയറുന്ന സമയം ഒന്നും വേണ്ടല്ലോ. ഇത് പ്രചരിപ്പിക്കാൻ. സഖാവ് ഫോട്ടോ എടുത്ത് സംഭവം വാട്ട്സ് അപ്പ് ഗ്രൂപ്പുകളിലെക്ക് പ്രചരിപ്പിച്ചു. ഈ വിഷയം ശ്രദ്ധയിൽപെട്ട ഏതോ പാർട്ടി വിരുദ്ധർ ഇതിന് ചോദ്യം ചെയ്തു കൊണ്ട് ഗ്രൂപ്പുകളിൽ ചർച്ച നടത്തി.
കുട്ടി സഖാക്കന്മാർ അടങ്ങുമോ ആധികാരിക രേഖ എന്നത് രക്തത്തിൽ വിപ്ലവം പേറുന്ന സഖാക്കന്മാരുടെ ഉത്തരവാദിത്വം അല്ലെ. ഡിവൈഎഫ്ഐ പെരിങ്ങമ്മല മേഖലാ കമ്മിറ്റി നിരക്ക് വർദ്ധനവ് പിൻവലിക്കാൻ ജില്ലാപഞ്ചായത്ത് സമിതിയോട് ആവിശ്യപ്പെടുന്ന ഡിവൈഎഫ്ഐ മേഖലാകമ്മറ്റിയുടെ ലെറ്റർപാഡിലുള്ള ഒരു കത്തും പോസ്റ്റ് വഴി അത് അയച്ച പോസ്റ്റൽ രസീതും രക്തത്തിൽ വിപ്ലവമുള്ള ഡിവൈഎഫ്ഐ പ്രവർത്തകൻ വാട്ട്സ് അപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.
ഈ പാർട്ടിയെ പറ്റി അനക്ക് ഒന്നിമറിയില്ല ഗോപാലകൃഷ്ണാ എന്ന മുഖ്യമന്ത്രിയുടെ മാസ് ഡയലോഗ് പറഞ്ഞ് ആവേശഭരിതാനായിട്ടിരിക്കുമ്പോഴാണ് ഒരു പ്രശ്നമുണ്ടല്ലോ വർമ്മ സാറേ.. എന്നമട്ടിൽ പാർട്ടി വിരുദ്ധന്റെ അടുത്ത ചോദ്യം എത്തിയത്. 30.07.2022 ൽ ഇറങ്ങിയ നിരക്ക് പിൻവലിക്കൽ നോട്ടീസിൽ ഡിവൈഎഫ്ഐയുടെ പരാതിയേ പറ്റി പറയുന്നുണ്ട്. അല്ലെ? സത്യമാണ് പച്ചപരമാർത്ഥം. ഡിവൈഎഫ്ഐ കൊടുത്ത പരാതിയിലും അയച്ചതിന് തെളിവായി ഹാജരാക്കിയ പോസ്റ്റൽ രസീതിലും ഒരേ ഡേറ്റ്. അയിനിപ്പോ എന്താണ്. സഖാക്കന്മാർ നെറ്റിചുളിച്ചു.
മുദ്ര ശ്രദ്ധിക്കണം ഇനി മുദ്ര ഇല്ലെങ്കിൽ തീയതി എങ്കിലും ശ്രദ്ധിക്കണം . അതിനെന്താ ആവാല്ലോ, മുദ്രാവാക്യം മുഴക്കി കുട്ടിസഖാക്കൾ തീയതി ശ്രദ്ധിച്ചപ്പോഴാണ് ഡേറ്റിലെ അമളി പിടികിട്ടിയത്. 30.07.2022 ലാണ് ജില്ലാ പഞ്ചായത്ത് പുറത്തിറക്കിയ നോട്ടീസിൽ ഡിവൈഎഫ്ഐ യുടെ പരാതിയേ തുടർന്ന് നിരക്ക് പിൻവലിച്ചതായി പറയുന്നത്. എന്നാൽ ഡിവൈഎഫ്ഐ പെരിങ്ങമ്മല മേഖലാ കമ്മിറ്റി നൽകി എന്ന് അവകാശപ്പെടുന്ന ലെറ്റർപാഡിൽ 02.08.2022 ആണ് തീയതി. പോസ്റ്റൽ രസീതിലും തീയതി ഓഗസ്റ്റ് രണ്ട് തന്നെ.
ജൂലൈ 30 നിരക്ക് പിൻവലിച്ചതായി പറയുന്ന നോട്ടീസിൽ ഓഗസ്റ്റ് രണ്ടിന് നൽകിയ പരാതിയേ തുടർന്ന് എങ്ങനെയാണ് തീരുമാനം എടുക്കുന്നത്. മുൻപേ പറക്കുന്ന ഡിവൈഎഫ്ഐയോ അതോ അതിലും മുൻപേ പറക്കുന്ന ജില്ലാപഞ്ചായത്ത് സമിതിയോ. ആരാണ് ആ ത്രികാലജ്ഞാനി. സോഷ്യൽമീഡിയ പോസ്റ്റിൽ ആ കമ്മ്യൂണിസ്റ്റ് ജ്ഞാനിയേ കണ്ട് പിടിച്ച് കൊടുക്കുന്നവർക്ക് സമ്മാനതുകയും വാഗാദാനം ചെയ്യുന്നുണ്ട് പാർട്ടി വിരുദ്ധനായ ആ സാമദ്രോഹി. ഈ കഥയിലെ മാന്നാർമത്തായിയേ കണ്ട്പിടിക്കുന്നവർക്ക് അടുത്ത ജില്ലാ പഞ്ചായത്ത് സമിതിയിൽ പങ്കെടുക്കുവാൻ അവസരം എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ