സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങളും കൊലപാതകങ്ങളും അരങ്ങ് തകർക്കുമ്പോഴും കേരള പൊലീസ് പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതിക്ക് ചുവപ്പ് പരവതാനി വിരിക്കുന്ന തിരക്കിലാണ്. പൊലീസ് അസോസിയേഷന്റെ കാസർകോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഏപ്രിൽ 16 ശനിയാഴ്ച ആരംഭിക്കുന്ന ഫുട്‌ബോൾ മത്സരം ഉദ്ഘാടനം ചെയ്യുന്നത് പെരിയയിലെ രണ്ട് യൂത്ത് കോൺഗ്രസ് നേതാക്കളെ കൊന്ന കേസിലെ പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ. മണികണ്ഠൻ.

ശനി, ഞായർ ദിവസങ്ങളിൽ പാലക്കുന്ന് ടർഫ് ഗ്രൗണ്ടിലാണ് ടൂർണമെന്റ് നടക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലാണ് മണികണ്ഠനെ ഉദ്ഘാടകനായി ക്ഷണിച്ചതെന്നാണ് അസോസിയേഷന്റെ ന്യായീകരണം. കൊലപാതകക്കേസിലെ പ്രതിയെ ഉദ്ഘാടകനാക്കിയതിൽ സേനയ്ക്കുള്ളിൽ അമർഷം പുകയുകയാണ്.

കാസർകോട് പൊലീസ്, കെഎപി നാലാം ബറ്റാലിയൻ, കാസർകോട് ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സ് പൊലീസ്, കണ്ണൂർ സിറ്റി പൊലീസ്, കണ്ണൂർ റൂറൽ പൊലീസ്, എക്‌സൈസ് കാസർകോട്, ഫയർഫോഴ്‌സ് കാസർകോട്, സിവിൽ സർവീസ് കാസർകോട്, ഫോറസ്റ്റ് കാസർകോട്,...പ്രസ് ക്ലബ് കാസർകോട് ടീമുകൾ ആണ് ഫുട്‌ബോൾ ടൂർണമെന്റ് ടീമുകൾ. 30 ന് പടന്നക്കാട് ബേക്കൽ ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന
കേരള പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് ഫുട്‌ബോൾ ടൂർണമെന്റ് നടത്തുന്നത്. കല്യാട്ട് - പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാക്കളായ കൃപേഷ്, ശരത് ലാൽ എന്നിവരുടെ കൊലപാതകത്തിലെ പതിമൂന്നാം പ്രതിയാണ് മണി കണ്ഠൻ.2019 ഫെബ്രുവരി 17 നാണ് പെരിയയിൽ കൃപേഷ് - ശരത് ലാൽ എന്നിവരെ സി പി എം പ്രവർത്തകർ വെട്ടിക്കൊന്നത്.

കൊലപാതകക്കേസിലെ പ്രതിയെ ക്ഷണിച്ചു വരുത്തി പൊലീസ് നടത്തുന്ന ഫുട്‌ബോൾ മത്സരം ഉദ്ഘാടനം ചെയ്യിക്കുന്നതിലെ അനൗചിത്യം പോലും പൊലീസ് മേധാവികൾ ആലോചിച്ചിട്ടില്ല എന്നത് അത്യന്തം ഗൗരവമുള്ള വിഷയമാണ്. പൊലീസ് അന്വേഷിച്ച് അറസ്റ്റ് ചെയ്ത കൊലക്കേസ് പ്രതിയെ താലപ്പൊലിയേന്തി ആനയിക്കുന്ന ഗതികേടിനെക്കുറിച്ച് പൊലീസ് മേധാവിയോ, ആഭ്യന്തര മന്ത്രിയോ അന്വേഷിക്കുന്നില്ല, അത് വിലക്കാനും തയ്യാറായിട്ടില്ല.

പെരിയ ഇരട്ട കൊലക്കേസ് പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചു, തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നു എന്നീ കുറ്റങ്ങളാണ് മണികണ്ഠനെതിരെ ചുമത്തിയിട്ടുള്ളത്. പ്രതികളെ രക്ഷപ്പെടുത്താനും ഒളിവിൽ പോകാനും സഹായിച്ചത് മണികണ്ഠനാണെന്ന് നേരത്തേ ആരോപണം ഉയർന്നിരുന്നു. കൊലപാതകത്തിന് ശേഷം എത്തിയ പ്രതികളുടെ ഒരു സംഘത്തിന് ചട്ടഞ്ചാലിലെ സിപിഎം ഉദുമ ഏരിയാ കമ്മിറ്റി ഓഫീസ് തുറന്നുകൊടുക്കാൻ നിർദ്ദേശിച്ചത് മണികണ്ഠനാണെന്നും പ്രതികൾ രക്ഷപ്പെട്ടതിൽ ഇയാൾക്ക് പങ്കുണ്ടെന്നും സിബിഐയുടേയും ക്രൈംബ്രാഞ്ചിന്റേയും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.

പെരിയ ഇരട്ട കൊലക്കേസ് പ്രതികളെ സിബിഐ അന്വേഷണത്തിൽ നിന്ന് രക്ഷിക്കാൻ ഖജനാവിൽ നിന്ന് കോടികൾ മുടക്കി സുപ്രീം കോടതി വരെ പിണറായി സർക്കാർ കേസ് നടത്തിയിരുന്നു. ഈ കേസിലെ പ്രതികളുടെ ഭാര്യമാർക്ക് സർക്കാർ സ്ഥാപനങ്ങളിൽ താൽക്കാലിക ജോലി നൽകിയത് വിവാദമായിരുന്നു. ഏതാനും മാസം മുമ്പ് നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് കെ.മണികണ്ഠന്റെ വീട്ടിൽ സന്ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.

കാഞ്ഞങ്ങാട് ഒരു ഔദ്യോഗിക പരിപാടിക്കെത്തിയപ്പോഴാണ് സ്പീക്കർ രാജേഷ് മണികണ്ഠന്റെ വീട്ടിൽ സന്ദർശനം നടത്തിയത്. അരമണിക്കൂറിലധികം വീട്ടിൽ ചിലവഴിച്ച അദ്ദേഹം മണികണ്ഠന്റെ കുടുംബത്തോടൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു. പാർട്ടി പ്രവർത്തകർ തന്നെയാണ് ഫോട്ടോ സമൂഹ മാധ്യമങ്ങളിലുടെ പ്രചരിപ്പിച്ചത്. കക്ഷി രാഷ്ടയത്തിൽ നിന്ന് അകന്ന് നിൽക്കാൻ ബാധ്യതയുള്ള സ്പീക്കർ പോലും കൊലക്കേസ് പ്രതിക്കൊപ്പം ചങ്ങാത്തം കൂടുന്നത് അന്ന് ചർച്ചയായിരുന്നു. എന്നാൽ പാർട്ടിക്കുള്ളിലെ സുഹൃത്തെന്ന ന്യായീകരണത്തിൽ സ്പീക്കർ പിടിച്ചു നിന്നു.

കൊലക്കേസിലും മറ്റ് നിയമ വിരുദ്ധ ഇടപാടുകളിലും പങ്കെടുക്കുന്നവരെ പാർട്ടി അംഗീകാരം നൽകുന്നത് പതിവാണ്. കൊലപാതകികളെ തള്ളിപ്പറയാനോ, പൊതുമണ്ഡലത്തിൽ നിന്ന് അകറ്റി നിർത്താനോ സി പി എം ചില കേസുകളിൽ ശ്രമിക്കാറില്ല. ടി പി ചന്ദ്രശേഖരൻ വധക്കേ സിലെ പ്രതിയായിരുന്ന കുഞ്ഞനന്തന് സ്മാരകം വരെ സി പി എം നിർമ്മിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് നടന്ന കുഞ്ഞനന്തന്റെ ശവസംസ്‌കാര ചടങ്ങിൽ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സി പി എം അനുഭാവികളായ ആയിരങ്ങളാണ് പങ്കെടുത്തത്.

സി ബി ഐ അന്വേഷിച്ച പെരിയ കൊലക്കേസിൽ മുൻ എംഎൽഎയും സി പി എം ജില്ലാ സെക്രട്ടറിയേ റ്റംഗവുമായ കെ.വി. കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ അടക്കം 24 പ്രതികളാണുള്ളത്.