കോതമംഗലം: പെരിയാർ വറ്റിവരണ്ടു. ജില്ലയിൽ കുടിവെള്ളക്ഷാമം രൂക്ഷം. കാർഷിക മേഖലയിലും പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് സൂചന. തട്ടേക്കാട്-കുട്ടമ്പുഴ മേഖലയിൽ പെരിയാർ ഇപ്പോൾ നീർച്ചാലായി പരിണമിച്ചിരിക്കുകയാണ്. അടിത്തട്ട് തെളിഞ്ഞു കാണാവുന്ന നിലയിലേയ്ക്ക് ജല നിരപ്പ് താഴ്ന്നു. നിലവിലെ അവസ്ഥ തുടർന്നാൽ ജലവിതാനം താഴ്ന്നത് വിസ്തൃതമായ പ്രദേശത്തെ കൃഷിയെയും ബാധിക്കുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ ഷട്ടർ തുറന്നിട്ടിരിക്കുന്നതിനാൽ നാമമാത്രമായി ഒഴുകിയെത്തുന്ന വെള്ളം താഴ് ഭാഗത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. പ്രളയകാലത്ത് ഷട്ടർ ഉയർത്തിയ ശേഷം പിന്നീട് താഴ്‌ത്തിയിട്ടില്ല. അറ്റകുറ്റപ്പണികൾക്കായി വർഷത്തിൽ മൂന്നുമാസത്തോളം ഡാമിന്റെ ഷട്ടറുകൾ ഉയർത്തി വയ്ക്കുന്നത് പതിവാണ്. കഴിഞ്ഞ വർഷം പുതിയ ഷട്ടറുകളും മോട്ടോറുകളും അനുബന്ധ നിയന്ത്രണ സംവിധാനവുമെല്ലാം മാറ്റി സ്ഥാപിച്ചിരുന്നതിനാൽ ഇത്തവണ കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ലന്നാണ് ബന്ധപ്പെട്ട അധികൃതരിൽ നിന്നും ലഭിച്ച വിവരം.

കനാലുകളുടെ അറ്റകുറ്റപ്പണി നടന്നുവരികയാണെന്നും ഡിസംമ്പർ അവസാനത്തോടെ മാത്രമേ ഇത് പൂർത്തിയാവു എന്നുമാണ് അറിയുന്നത്. സാധാരണ ഡിസംമ്പർ അവസാനത്തോടെയാണ് ഷട്ടറുകൾ താഴ്‌ത്താറുള്ളത്. പ്രളയത്തിന് ശേഷമുണ്ടായ കാലവസ്ഥ വ്യതിയാനത്തെത്തുടർന്ന് ഇക്കുറി പെരിയാർ തീരത്ത് ഉൾപ്പെടെ നേരത്തെ ജലക്ഷാമം തുടങ്ങിയിരുന്നു. പെരിയാറിൽ ജല നിരപ്പ് താഴ്ന്നതോടെ തീരപ്രദേശത്തിനടുത്തെ കിണറുകളും കുളങ്ങളുമെല്ലാം വറ്റി വരണ്ടു.

പെരിയാറിലെ ജലക്ഷാമം കുടിവെള്ള പദ്ധതികളുടെ പ്രവർത്തനത്തെയും ബാധിച്ചിട്ടുണ്ട്. ജില്ലയിലെ പ്രധാന കുടിവെള്ള പദ്ധതികളുടെ ജല സ്രോതസ്സ് പെരിയാറാണ്. പെരിയാർ തീരത്താണ് മിക്ക കുടിവെള്ള പദ്ധതികളുടെയും പമ്പിങ് സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. തീരത്ത് താഴ്‌ത്തിയിട്ടുള്ള കിണറുകളിൽ പോലും വേണ്ടെത്ര വെള്ളം ലഭിക്കാത്തതിനാൽ പമ്പിങ് മുടങ്ങുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

ജില്ലയിലെ കാർഷിക മേഖലയുടെ വളർച്ചയും ശുദ്ധജല ലഭ്യതയും ഉറപ്പുവരുത്തതിന് ലക്ഷ്യമിട്ട് കാൽനൂറ്റാണ്ട് മുമ്പാണ് ഭൂത്താൻകെട്ടിൽ പെരിയാറിന് കുറുകെ അണക്കെട്ട് നിർമ്മിച്ചത്.നേര്യമംഗലം മുതൽ ഭൂത്താൻകെട്ട് വരെ കിലോമീറ്ററുകൾ വ്യാപിച്ചു കിടക്കുന്നതാണ് ഡാമിന്റെ വൃഷിടിപ്രദേശം ഡാമിനോടനുബന്ധിച്ച് ജലസേചനം ലക്ഷ്യമിട്ട് ഹൈലവൽ ലോലെവൽ കനാലുകൾ നിർമ്മിച്ചിട്ടുണ്ട്.ഈ കലാലുകളിലൂടെ എത്തുന്ന വെള്ളത്തെ മാത്രം ആശ്രയിച്ച് കൃഷിയിറക്കുന്നവരാണ് കഷ്ടത്തിലായിരിക്കുന്നത്. കനാലുകളിലുടെ വെള്ളം വിട്ടുതുടങ്ങിയാലും പൂർണ്ണതോതിൽ ജലസേചനം സാദ്ധ്യമാവുന്നില്ല പരാതിയും പരക്കെ ഉയർന്നിട്ടുണ്ട്. 

ജില്ലയിലെ വ്യവസായിക ആവശ്യത്തിനും പെരിയാറിൽ നിന്നുള്ള വെള്ളം ഉപയോഗിക്കുന്നുണ്ട്.ഷട്ടറുകൾ താഴ്തി കനാലുകൾ വഴി ജലവിതരണം നടത്തിയാൽ മാത്രമേ ഇക്കൂട്ടർക്കും പ്രയോജനം ലഭിക്കു എന്നതാണ് നിലവിലെ അവസ്ഥ. ജലക്ഷാമം രൂക്ഷമാണെങ്കിലും ഡാമിന്റെ ഷട്ടർ താഴ്‌ത്തി വെള്ളം സംഭരിയക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്നും ഇനിയും നടപടികൾ ആയിട്ടില്ല.ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം ലഭിച്ചാൽ മാത്രമേ ഷട്ടർ താഴ്‌ത്തു എന്നാണ് പെരിയാർവാലി അധികൃതർ വ്യക്തമാക്കുന്നത്.

അടിക്കടി പെരിയാറിലെ ജല വിതാനം പരിധിവിട്ട് താഴുന്നത് ലോക പ്രശസ്തമായ തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ നിലനിൽപ്പിനെയും ബാധിച്ചിട്ടുണ്ട്.ദേശാടകർ ഉൾപ്പെടെയുള്ള ജലപക്ഷികൾ പക്ഷിസങ്കേതത്തോട് വിട പറഞ്ഞു.പെരിയാറിലൂടെയുള്ള ബോട്ട് യാത്ര മുടങ്ങിയതോടെ വിനോദ സഞ്ചാരികളും ഇവിടേയ്ക്ക് തിരിഞ്ഞുനോക്കാറില്ല.