- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വികസന പദ്ധതിയുടെ മറവിൽ ക്വാറികൾക്ക് അനുമതി നൽകിയത് നിയമവിരുദ്ധ ഖനനത്തിനോ? പ്രതിസന്ധി ഉണ്ടാക്കി പരിഹാരം എന്ന പഴയ തന്ത്രം പയറ്റി വൻകിടക്കാരെ സഹായിക്കാൻ സർക്കാരിന്റെയും ഒത്താശ
കൊച്ചി: പരിസ്ഥിതി പ്രശ്‌നത്തിന്റെ പേരിൽ അനുമതി നിഷേധിച്ച ക്വാറികൾക്കുൾപ്പെടെ അനുമതി നൽകാൻ ഒത്തുകളിക്കുകയാണോ സംസ്ഥാന സർക്കാരും ക്വാറി ഉടമകളും. കൊച്ചി മെട്രോ ഉൾപ്പെടെയുള്ള വികസന പദ്ധതികളുടെ പേരു പറഞ്ഞ് ക്വാറി സമരം പിൻവലിപ്പിക്കാൻ ചർച്ച നടത്തി മുഖ്യമന്ത്രിയും സംഘവും ചെയ്തത് പരിസ്ഥിതിയോടുള്ള കൊടും ക്രൂരതയാകുമോ എന്ന സംശയമാണ് ഇ
കൊച്ചി: പരിസ്ഥിതി പ്രശ്‌നത്തിന്റെ പേരിൽ അനുമതി നിഷേധിച്ച ക്വാറികൾക്കുൾപ്പെടെ അനുമതി നൽകാൻ ഒത്തുകളിക്കുകയാണോ സംസ്ഥാന സർക്കാരും ക്വാറി ഉടമകളും. കൊച്ചി മെട്രോ ഉൾപ്പെടെയുള്ള വികസന പദ്ധതികളുടെ പേരു പറഞ്ഞ് ക്വാറി സമരം പിൻവലിപ്പിക്കാൻ ചർച്ച നടത്തി മുഖ്യമന്ത്രിയും സംഘവും ചെയ്തത് പരിസ്ഥിതിയോടുള്ള കൊടും ക്രൂരതയാകുമോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്.
ദേശീയ പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചതുൾപ്പെടെയുള്ള ക്വാറികൾക്ക് താൽക്കാലിക അനുമതി നൽകാമെന്ന ഉറപ്പാണ് കഴിഞ്ഞ ദിവസം ഉടമകളുമായി നടന്ന ചർച്ചയിൽ മുഖ്യമന്ത്രി നൽകിയത്. പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉയർത്തുന്നു എന്നു കണ്ടെത്തിയതിനെ തുടർന്നാണ് നിരവധി ക്വാറികൾക്ക് ദേശീയ പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചത്. ഇവയ്‌ക്കെല്ലാമാണ് താല്ക്കാലികമായി അനുമതി നല്കാമെന്ന് കഴിഞ്ഞ ദിവസം ആലുവയിൽ നടന്ന ചർച്ചയിൽ മുഖ്യമന്ത്രിയും മന്ത്രി കെ ബാബുവും വൻകിട ക്വാറി ഉടമകൾക്ക് ഉറപ്പു നല്കിയത്.
പ്രതിസന്ധി ഉണ്ടാക്കി അത് പരിഹരിക്കുക എന്നത് ഏത് ഭരണകൂടവും പല ഘട്ടങ്ങളിൽ പരീക്ഷിക്കുന്ന തന്ത്രമാണ്. ഈ പഴയ തന്ത്രം തന്നെയാണ് ഉമ്മൻ ചാണ്ടിയും ഇവിടെ മനോഹരമായി പരീക്ഷിച്ച് വിജയിക്കുന്നത്. അത് കേരളം ഇപ്പോൾ ചർച്ച ചെയ്യുന്ന ഏറ്റവും വലിയ വികസന പദ്ധതിയുടെ പേരിലായതിനാൽ ആരും സംശയിക്കുകയില്ല. കൊച്ചി മെട്രോ റെയിൽ നിർമ്മാണത്തിന്റെ പേരിൽ ഇതിന് മുൻപും ഭരണകൂടം അവരുടെ താല്പര്യങ്ങൾ പൊതുജനത്തിന് മേൽ അടിച്ചേല്പിരുന്നു.
എന്നാൽ ഇപ്പോഴത്തേത് ദൂരവ്യാപക ഫലങ്ങളുണ്ടാക്കുന്ന ഒന്നാണ് എന്നതാണ് യാഥാർഥ്യം. മെട്രോ നിർമ്മാണം വൈകുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി മറുവശത്ത് വൻകിട കരിങ്കൽ ക്വാറികൾക്ക് അനുമതി നല്കാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചതെന്നാണ് ആരോപണമുയർന്നിരിക്കുന്നത്.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് കേരളത്തിൽ പാരിസ്ഥിതിക ലോല മേഖലയിൽ പ്രവർത്തിക്കുന്ന ചെറുതും വലുതുമായ നിരവധി കരിങ്കൽ ക്വാറികൾക്ക് അനുമതി നിഷേധിക്കപെട്ടത്. എന്നാൽ ഇവയിൽ 64 ഉടമകൾ 13 ലക്ഷം രൂപ വീതം പരിസ്ഥിതി മന്ത്രാലയത്തിലേക്ക് അടച്ച് വീണ്ടും അനുമതി നേടിയെടുത്തു. ഇത് ചോദ്യം ചെയ്ത് ചെറുകിട ക്വാറി ഉടമകളുടെ ഹർജിയും ഹൈക്കോടതിയിൽ ഉണ്ട്. ഈ സാഹചര്യത്തിലാണ് ഇരു വിഭാഗവും യോജിച്ച് സമരവും പ്രഖ്യാപിച്ചത്.
വൻകിട ക്വാറികൾക്ക് വേണ്ടി സർക്കാർ ഇടപെട്ടതും ഈ ഘട്ടത്തിലാണ്. മെട്രോയ്ക്ക് ആവശ്യമായ കരിങ്കല്ലിന്റെ ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടി ഡിഎംആർസിയെ കൊണ്ട് കത്തയപ്പിച്ചു എന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. മെട്രോയ്ക്കാവശ്യമായ മെറ്റൽ പൂർണമായും ഇറക്കുന്നത് ഈ വൻകിടക്കാരുടെ ക്വാറികളിൽ നിന്നാണ്. വികസന പദ്ധതിയുടെ പേര് പറഞ്ഞ് നിയമ വിരുദ്ധമായി ഖനനം ചെയ്യാൻ മൗനാനുവാദം നല്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്.
ആവശ്യങ്ങൾ വേണ്ടവിധം പരിഗണിക്കാമെന്ന ഉറപ്പിനെ തുടർന്നാണ് സമരം പിൻവലിച്ചതെന്നു വൻകിട ക്വാറി ഉടമകളുടെ സംഘടനാനേതാക്കൾ പറയുന്നുണ്ട്. ക്വാറി ഉടമകളുടെ പ്രശ്‌നം പരിഹരിക്കാൻ മന്ത്രിതല സമിതി രൂപവൽക്കരിക്കുമെന്നും ചർച്ചയിൽ ഉറപ്പു നൽകിയിരുന്നു. കൊച്ചി മെട്രോ റെയിലിനു പുറമെ കൊച്ചി എണ്ണശുദ്ധീകരണ ശാലയുടെ രണ്ടാംഘട്ടത്തിന്റെ നിർമ്മാണവും പ്രതികൂലമായി ബാധിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വൻകിടക്കാർക്കുവേണ്ടി ക്വാറികൾക്ക് അനുമതി നൽകാനുള്ള തീരുമാനം എടുത്തത്.
മൂന്നാഴ്ച പിന്നിട്ട ക്വാറി ക്രഷർ ഖനനമേഖലയിലെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ടിപ്പർ ലോറി ഉടമകളും സംസ്ഥാന വ്യാപകമായി ശനിയാഴ്ച അർധരാത്രി മുതൽ സമരം തുടങ്ങിയിരുന്നു. ഇതു നിർമ്മാണ മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കുകയും ചെയ്തു. കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോ റെയിൽ പോലും ക്വാറി സമരത്തെ തുടർന്ന് അനിശ്ചിതത്വത്തിലായിരുന്നു. തൊഴിലാളി സമരങ്ങളും സ്ഥലം ഏറ്റെടുപ്പും വൈകുന്നത് മൂലം പദ്ധതി കൃത്യസമയത്ത് നടപ്പാക്കാൻ സാധിക്കുമോ എന്ന സംശയം അധികൃതർ ഉന്നയിച്ചിരുന്നു.
ക്വാറി സമരം മൂലം രണ്ടാഴ്ചയിലേറെയായി മെട്രോ നിർമ്മാണം മുടങ്ങിക്കിടക്കുകയാണെന്നും 2016 ജൂണിന് മുൻപ് മെട്രോ നിർമ്മാണം പൂർത്തീകരിക്കാനാകില്ലെന്നും വ്യക്തമാക്കി ഡിഎംആർസി രംഗത്തെത്തുകയുംചെയ്തു.