കോട്ടയം: കുറവിലങ്ങാട് കുര്യനാട് പെരിക്കലത്തേൽ ടോമിയെന്ന പി.എം ഔസേപ്പ് മാത്യുവിന്റേയും സഹോദരൻ ബേബിയുടേയും മരണം സ്വാഭാവികമല്ലെന്ന നിഗമനത്തിൽ എറാണാകുളം പൊലീസിന്റെ പ്രത്യേക സംഘം. എറണാകുളം ജില്ലാ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ സംഘം നടത്തിയ അന്വേഷണത്തിൽ ടോമിയുടെ മരണം സ്വഭാവിക മരണം അല്ല, അസ്വഭാവിക മരണമാണെന്ന് കാണിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഏപ്രിൽ 7 ന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ കേസ് അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടാക്കാൻ ക്രൈംബ്രാഞ്ചിന് ഇനിയും കഴിയുന്നില്ല.

കുര്യനാട്‌സ്വദേശി പെരുകിലത്തേൽ ടോമി വീടിന്റെ സമീപത്തുള്ള കിണറ്റിൽ ദുരൂഹസാഹചര്യത്തിൽമരിച്ച നിലയിൽ കാണപ്പെട്ടത് അന്വേഷിക്കണമെന്ന് ആക്ഷൺ കൗൺസിൽ രൂപീകരിച്ചിരുന്നു. ടോമിയുടെ മരണത്തിൽ ദുരൂഹത ഉള്ളതായി കാണിച്ച് ഭാര്യ ജിജി ടോമി കോട്ടയം പൊലീസ്‌മേധാവിക്ക് പരാതി നൽകിയിരുന്നു. കഴിഞ്ഞ ജൂൺ മാസം എട്ടിനാണ് ടോമിയെ മരിച്ച നിലയിൽ കിണറ്റിൽ കാണപ്പെട്ടത്. ടോമിയുടെമരണശേഷം നാല്ദിവസംകഴിഞ്ഞ് അനുജൻ ബേബിയെ ആപ്പാഞ്ചിറയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽകണ്ടെത്തിയിരുന്നു. ചേട്ടന്റെ മരണത്തിൽ ചിലരെയൊക്കം സംശയമുണ്ടെന്ന് ബേബി പറഞ്ഞതിന്റെ അടുത്ത ദിവസമാണ് മരണം. ഈ സാ്ഹചര്യത്തിലാണ് ബേബിയുടേയും മരണം ദരൂഹതയാകുന്നത്.

ടോമി വീണു കിടന്നിരുന്ന കിണറിന്റെ വല നടുക്കുമാത്രം കത്തി കൊണ്ട് കീറിയ നിലയിൽ കാണപ്പെട്ടതും കഴുത്തിൽ കയറിട്ടു മുറുക്കിയ പാടുകൾ കണ്ടതും സമീപത്തെ തൊണ്ടിൽ മൽപ്പിടുത്തം നടത്തിയതു പോലുള്ള ലക്ഷണം കണ്ടതും മരണത്തിൽ ദുരൂഹത വർദ്ധിപ്പിക്കുതായി പരാതിയിൽ പറയുന്നു. ഇവയെല്ലാം പ്രാഥമിക അന്വേഷണം നടത്തിയ കുറവിലങ്ങാട് പൊലീസ് മുമ്പാകെ അറിയിച്ചുവെങ്കിലും അവർ ഇതേപ്പറ്റി അന്വേഷണം നടത്തിയില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. വീടുപണിക്കായി സ്വരുക്കൂട്ടി വച്ചിരു പണം നാട്ടുകാരിൽ പലർക്കായി കടംകൊടുത്തിരുതായും മരണത്തിന്റെ ഏതാനും നാൾ മുമ്പ് മരങ്ങാട്ടുപള്ളി സർവ്വീസ് സഹകരണ ബാങ്ക്ക ുര്യനാട് ബ്രാഞ്ചിൽ നിന്നും ഒരുലക്ഷം രൂപയുടെ ചിട്ടിയും പിടിച്ചിരുന്നു. എന്നാൽ മരണത്തിനുശേഷംഅദ്ദേഹത്തിന്റെ ബാങ്ക് നിക്ഷേപത്തിൽ ബാക്കിയൊന്നും ഇല്ലായിരുന്നു പരാതിയിൽ പറയുന്നു. ഈ ആക്ഷേപങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെപ്പോഴാണ് പ്രത്യേക സംഘത്തെ അന്വേണത്തിനായി ആഭ്യന്തരമന്ത്രി നിയോഗിച്ചത്. എന്നാൽ എസ്.ഐ.റ്റി യുടെ അന്വേഷണത്തിൽ കണ്ടെത്തിയ നിഗമനങ്ങളിൽ എത്തുവാൻ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ചിന് സാധിക്കാത്തത് ദുരൂഹത ഉയർത്തുകയാണ്.

എസ്.ഐ.റ്റി യുടെ റിപ്പോർട്ടുകളെ തുടർന്ന് പ്രതികളെന്ന് ബന്ധുക്കൾ സംശയിക്കുന്നവരെ ആധുനിക ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കുവാനും, അന്വേഷണം ഊർജ്ജിതമാക്കുവാനും കോട്ടയം ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെടുവാൻ നിർദ്ദേശിച്ചുകൊണ്ടുള്ള ശുപാർശ കത്ത് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. സംസ്ഥാന പൊലീസ് മേധാവിക്ക് രേഖാമൂലം നൽകിയിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ ബന്ധുക്കൾ പരാതിയിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ഗൗരവമുള്ളതുകൊണ്ട് അന്വേഷണം സമഗ്രമായി അന്വേഷിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ നിലവിൽ അന്വേഷണം നടത്തുന്ന കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്‌പി. യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. അല്ലെങ്കിൽ മറ്റൊരു സംഘത്തെ ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ടോമിയുടെ ബന്ധുക്കളുടേയും ടോമിയുടെ ഭാര്യ ജിജിയുടേയും പരാതിയെത്തുടർന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉചിത നടപടി എടുക്കുവാൻ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. യോട് ആവശ്യപ്പെട്ടത്.

എന്നാൽ ജില്ലാ ക്രൈം ബ്രാഞ്ചിന്റെ ഉദ്യോഗസ്ഥതലത്തിലുള്ള തുടർച്ചായായുള്ള സ്ഥലം മാറ്റം അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. ലോക്കൽ പൊലീസിന്റെയും, ജില്ലാ ക്രൈംബ്രാഞ്ചിന്റെയും അന്വേഷണം തൃപ്തികരമല്ല എന്നും കാണിച്ച് ബന്ധുക്കൾ സർക്കാരിന് പരാതി നൽകിയതിനാലാണ് നിലവിലുള്ള അന്വേഷണ സംഘത്തിന് സമാന്തരമായി സ്‌പെഷ്യൽ അന്വേഷണസംഘത്തെ സർക്കാർ ചുമതലപ്പെടുത്തിയത്. സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം എറണാകുളം യൂണിറ്റ് സിഐ കെ. രാജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ ടോമിയുടെ മരണം കൊലപാതകമാണെന്ന സൂചനകളായിരുന്നു ഉണ്ടായിരുന്നു. 2014 ജൂൺ ആറാം തീയതി വീട്ടിൽ നിന്ന് കുര്യനാട് കവലയിലേയ്ക്ക് പതിവുപോലെ പോയ ടോമിയുടെ മൃതദേഹം ഏഴിന് രാവിലെ സ്വന്തം പുരയിടത്തിലെ ചുറ്റുമതിൽ പോലും ഇല്ലാത്ത കിണറ്റിൽ കാണപ്പെടുകയായിരുന്നു. കിണർ മൂടിയിരുന്ന വല നെടുനീളത്തിൽ കീറിയ നിലയിലുമായിരുന്നു. സംഭവസ്ഥലത്ത് ആദ്യം എത്തിയ നാട്ടുകാർക്ക് പലർക്കും മരണത്തിൽ നിരവധി സംശയങ്ങളും ചോദ്യങ്ങളും ഉയർന്നിരുന്നു.

സ്ഥലത്ത് ഇൻക്വസ്റ്റ് തയ്യാറാക്കുവാൻ എത്തിയ കുറവിലങ്ങാട് പൊലീസ് സംഘത്തോട് നാട്ടുകാർ തങ്ങളുടെ സംശയങ്ങൾ ചൂണ്ടിക്കാണിച്ചിട്ടും പൊലീസ് അവ മുഖവിലയ്‌ക്കെടുക്കുവാൻ തയ്യാറായില്ലെന്നു മാത്രമല്ല, നേരത്തെ എഴുതി തയ്യാറാക്കിയ തിരക്കഥ പൂർത്തീകരിക്കുവനുള്ള ഗൂഢശ്രമങ്ങളാണ് പിന്നീട് നടന്നത്. വീട്ടിൽ നിന്ന് പുറത്ത്‌പോയ ടോമി തിരിച്ച് വരാതിരിക്കുകയും ടോമിയെ വീടിന് പരിസരത്ത് ഇറക്കിവിട്ട ഓട്ടോഡ്രൈവറുടെ മൊഴികളുമാണ് സംഭവത്തിൽ ദുരൂഹതയുണ്ടെന്നുള്ള ആരോപണത്തിലേയ്ക്ക് ഉയർന്നത്. ഷാപ്പിൽ അധികം നേരം തങ്ങാതെ ഏഴുമണിയോടുകൂടി വീടിന് അധികദൂരം അല്ലാതെ വഴിയിൽ ഇറങ്ങിയെന്നു പറയുന്നു. ഏഴുമണിക്ക് വീടിനു സമീപം ഇറങ്ങിയ ടോമി എവിടെ പോയെന്ന സംശയമാണ് ദുരൂഹത ഉയർത്തുന്നത്. മൃതദേഹം കിണറ്റിൽനിന്ന് എടുത്ത് ഇൻക്വസ്റ്റ് തയ്യാറാക്കിയ റിപ്പോർട്ടിൽ പോക്കറ്റിലുണ്ടായിരുന്ന തുകയുടെ വിവരവും സംശയം ഉയർന്നു.

മരണാനന്തര ശുശ്രൂഷകൾ കഴിഞ്ഞതിനു ശേഷമാണ് ടോമിയുടെ കുടുംബാംഗങ്ങൾ പറയുന്നത് ടോമി പുതിയ ഒരു വീട് പണിയുവാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും ഇതിനുള്ള പണം തന്റെ കയ്യിലുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. ടോമിയുടെ അപ്രതീക്ഷിതമരണം സംബന്ധിച്ചു കുടുംബാംഗങ്ങളും ബന്ധുക്കളും വിശദമായ അന്വേഷണം ആരംഭിച്ചപ്പോഴാണ് ടോമിയുടെ മരണത്തിൽ ആർക്കും സംശയങ്ങളോ പരാതികളോ ഇല്ലെന്ന് അടുത്ത സുഹൃത്തായ പെരുകിലത്തേൽ റോബിൻ പൊലീസ് സ്റ്റേഷനിലും മറ്റിടങ്ങളിലും എഴുതിക്കൊടുത്തതാണ് നാട്ടുകാരിൽ പ്രതിഷേധം ഉയർത്തിയതും, മരണത്തിന്റെ ദുരൂഹത വർദ്ധിപ്പിച്ചതും. റോബിന്റെ പിതാവ് ആറിന് വൈകിട്ട് ടോമി വസതിയിൽ വന്നിരുന്നുവെന്നും താനാണ് രാത്രി 9 മണിയോടുകൂടി വീട്ടിലേയ്ക്ക് പറഞ്ഞുവിട്ടതെന്നുമുള്ള മൊഴിയും പൊരുത്തക്കേടുകൾ ഉണ്ടാക്കി. ടോമി മരിച്ചുകിടന്ന കിണറിന്റെ അരികിലെ കൈത്തോടിൽ മൽപ്പിടിത്തം നടന്നതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. കൂടാതെ കഴുത്തിൽ എന്തോ ഉപയോഗിച്ച് മുറുക്കിയതിന്റെ അടയാളങ്ങളും ഉണ്ടായിരുന്നുവെങ്കിലും പൊലീസ് ഇവ കാര്യമായി എടുത്തില്ലെന്ന് മാത്രമല്ല അവശേഷിക്കുന്ന തെളിവുകൾ ശേഖരിക്കാതെ നശിപ്പിക്കുവാനുള്ള ശ്രമങ്ങളാണ് നടത്തിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

ഇതിനിടയിൽ ജൂൺ 11 ബുധനാഴ്ച രാത്രി മുതൽ സഹോദരൻ ബേബിയെ കാണാതാവുകയും ജൂൺ 12ന് കടുത്തുരുത്തി ആപ്പാഞ്ചിറയിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. ഇതും നാട്ടുകാർക്ക് സംശയം വർദ്ധിപ്പിക്കുകയായിരുന്നു. മരിച്ച ബേബിക്ക് ടോമിയുടെ മരണത്തിൽ സുഹൃത്തായ റോബിൻ ഉൾപ്പടെ ഏതാനും പേരെ സംശയമുള്ളതായി പരിസരവാസികളോട് വെളിപ്പെടുത്തിയതിനു പിന്നാലെയാണ് മരണം സംഭവിച്ചത്. ടോമിയുടെ മരണം കോടതിയുടെ മേൽനോട്ടത്തിൽ നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ടോമിയുടെ ഭാര്യ ജിജി നൽകിയ ഹർജിയിന്മേൽ പാലാ കോടതി ഫസ്റ്റ്കഌസ്സ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കോട്ടയം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്‌പി.യോട് കേസ് അന്വേഷണം സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ക്രൈംബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടിൽ അസ്വഭാവിക മരണമാണെന്നും വിശദമായ അന്വേഷണം ആവശ്യമുണ്ടെന്നും അന്വേഷണം തുടരുകയുമാണെന്നാണ് കോടതിയെ അറിയിച്ചിട്ടുള്ളത്.