കൊല്ലം: കൊല്ലം കുണ്ടറയിലെ പെരുമ്പുഴയിലെ കിണറ്റിൽ വീണ് നാല് പേർ മരിച്ചതിന് പിന്നിൽ വിഷവാതകമോ? സോമരാജൻ (54), രാജൻ (35), മനോജ് (32), ശിവപ്രസാദ് (24) എന്നിവരാണ് മരിച്ചത്. 100 അടിയോളം ആഴമുള്ള കിണറ്റിൽ ഇറങ്ങിയവരാണ് അപകടത്തിൽ പെട്ടത്. കിണറ്റിൽ വിഷവാതകം ഉണ്ടായിരുന്നതായി സംശയിക്കുന്നു. കിണർ പൂർണമായും മൂടാൻ തീരുമാനിച്ചിട്ടുണ്ട്.

ശ്വാസ തടസമുണ്ടായതാണ് ദുരന്തത്തിന് ഇടയാക്കിയത്. കിണറ്റിൽ ചെളി നീക്കം ചെയ്യാൻ ഇറങ്ങിയതായിരുന്നു ഇവർ. നാലുപേരെയും ഫയർ ഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. രക്ഷിക്കാൻ ഇറങ്ങിയ ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു. ഇതാണ് വിഷ വാതകമെന്ന സംശയത്തിന് കാരണം.

പെരുമ്പുഴ കോവിൽമുക്കിൽ രാവിലെ പത്തുമണിയോടെയാണ് അപകടം. ആദ്യം രണ്ടുപേർ കിണറ്റിലിറങ്ങുകയായിരുന്നു. ഇവർക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് ഉണ്ടായതോടെ മറ്റു രണ്ടുപേർ കൂടി ഇവരെ രക്ഷിക്കാനായി കിണറ്റിലേക്ക് ഇറങ്ങി. എന്നാൽ ഇവരും കുടുങ്ങി. അതോടെ നാട്ടുകാർ പൊലീസിലും ഫയർഫോഴ്സിലും വിവരം അറിയിക്കുകയായിരുന്നു. കിണറിനുള്ളിൽ ഓക്സിജന്റെ സാന്നിധ്യം അൽപം പോലും ഉണ്ടായിരുന്നില്ല.

നാലുപേരെയും പുറത്തെത്തിച്ചപ്പോൾ ഒന്നോ രണ്ടോ പേർക്കുമാത്രമായിരുന്നു നേരിയതോതിൽ ശ്വാസമുണ്ടായിരുന്നത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കിണറും പരിസരവും കമ്പിവേലി കെട്ടി ആളുകൾ ഇവിടേക്ക് പ്രവേശിക്കാതെ ഇരിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കിണറിന്റെ അടിയിൽ വിഷവാതകമുണ്ടെന്നാണ് പ്രാഥമിക നിഗമനം. അതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പരിശോധന നടത്താനും ഫയർ ഫോഴ്സ് തീരുമാനിച്ചിട്ടുണ്ട്.

രക്ഷാപ്രവർത്തനത്തിനിടെ കൊല്ലം ഫയർ സ്റ്റേഷനിലെ വാത്മീകി നാഥ് എന്ന ഉദ്യോഗസ്ഥാണ് കുഴഞ്ഞു വീണത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ ആശ്വാസകരമാണ്. നാലാമത്തെ ആളേയും രക്ഷപ്പെടുത്തിയ ശേഷമാണ് വാത്മീകി നാഥ് കുഴഞ്ഞുവീണത്.