പെരിനാട്: തൊഴിലുറപ്പിനെപ്പറ്റി സംസാരിക്കാൻ പഞ്ചായത്ത് ഓഫീസിലെത്തിയ പട്ടികജാതിക്കാരിയായ പെരുനാട് കോട്ടുപ്പാറ സ്വദേശിനിയെ സിപിഎം ജില്ലാ കമ്മിറ്റി അംഗമായ പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ അധിക്ഷേപിച്ച് ഇറക്കിവിട്ടെന്ന് പരാതി. തൊഴിലുറപ്പ് തൊഴിലാളി മേറ്റായ ഓമനാ സുധാകരനാണ് പട്ടികജാതി കമ്മീഷനും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയത്.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട കണിപ്പറമ്പിൽ ഓമനാ സുധാകരനെയും മറ്റൊരു തൊഴിലാളിയേയും ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനാണ് പഞ്ചായത്ത് ഓഫീസിലേക്ക് മോഹനൻ വിളിച്ചുവരുത്തിയത്.

പഞ്ചായത്ത് ഓഫീസിലെത്തിയ ഇരുവരും പ്രസിഡന്റിന്റെ ക്യാബിനുള്ളിലെ കസേരയിൽ ഇരുന്ന തൊഴിലാളി വർഗ നേതാവിനെ ചൊടിപ്പിച്ചത്. 'ഒരു കൂലിപ്പണിക്കാരിക്ക് തന്റെ മുന്നിൽ ഇരിക്കാൻ എങ്ങനെ ധൈര്യം വന്നു.നിങ്ങൾ എന്റെ കൂലി തൊഴിലാളികളാണ്. കണ്ട പട്ടിക്കും പൂച്ചയ്ക്കും ഇരിക്കാനുള്ളതല്ല തന്റെ മുന്നിലുള്ള കസേരയെന്നും' പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ തങ്ങളോട് ആക്രോശിച്ചുവെന്ന് പരാതിയിൽ പറയുന്നു. ഓഫീസിലെ മറ്റുള്ളവർ കേൾക്കെ ഉച്ചത്തിൽ അധിക്ഷേപി്‌ച്ചെന്നും ഇവർ പരാതിയിൽ പറയുന്നു.