തിരുവനന്തപുരം: പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയിന്റ്‌സ് എന്ന സിനിമ മലയാളികൾ മറക്കുമോ? പത്മശ്രീ മോഹിച്ച് ജീവിതം ഹോമിക്കുന്ന അരിപ്രാഞ്ചിയുടെ കഥ. അത്തരം കഥാപാത്രങ്ങൾ പലരും പത്മശ്രീ വാങ്ങാൻ ക്യൂ നിൽക്കുന്നു എന്ന ആക്ഷേപം ശക്തമാണ്. പത്മശ്രീ നൽകേണ്ടത് കേന്ദ്രസർക്കാർ ആയതിനാൽ കോടതികൾ പൊതുവേ ഈ വിഷയത്തിൽ ഇടപെടാറില്ല. എന്നിട്ടും ഇവിടെ കേരളത്തിൽ ഒര പത്മശ്രീ കോടതി കയറുകയാണ്. ഇക്കുറി കേരളം പോലും അറിയാതെ പത്മശ്രീ ലഭിച്ച സുന്ദർ മേനോന്റെ പത്മശ്രീക്കെതിരെയാണ് കോടതി ഇടപെടൽ.

തൃശൂർ സ്വദേശി സുന്ദർ മേനോനു പത്മശ്രീ പുരസ്‌കാരം നൽകുന്നതു ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയത്. വഞ്ചനാക്കേസുണ്ടെന്ന കാര്യം മറച്ചുവച്ചതായി ആരോപിച്ച് കോഴിക്കോട് സ്വദേശി സി.കെ. പത്മനാഭൻ സമർപ്പിച്ച ഹർജിയാണു ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ് പരിഗണിക്കുന്നത്. ക്രിമിനൽ കേസിന്റെ നിലവിലെ സ്ഥിതി എന്താണെന്നും കോടതി ആരാഞ്ഞു.

കേരളത്തിന് അകത്തും പുറത്തുമായി സുന്ദർമേനോന് എതിരെ കേസുകളുണ്ടെന്നും അതെല്ലാം മറച്ചുവച്ചാണ് സുന്ദർ മേനോൻ പത്മശ്രീ നേടിയതെന്നുമാണ് ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സി കെ പത്മനാഭൻകോടതിയെ സമീപിച്ചത്. മുംബൈ കസ്റ്റംസ് 1993ൽ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ടെന്നുമാണ് പരാതിക്കാരൻ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയത്. സുന്ദർ മേനോന്റെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് എതിരെയാണ് ഉയർന്നിരിക്കുന്ന മറ്റൊരു ആക്ഷേപം. അടിസ്ഥാന വിദ്യാഭ്യാസം മാത്രമുള്ള ഇദ്ദേഹം ഇല്ലാത്ത ഡോക്ടർ പദവി നേടിയെന്നുമാണ് ആക്ഷേപം.

തട്ടിപ്പു കേസുകൾ പെരുകിയപ്പോൾ പേര് മാറ്റെയെന്നുമാണ് പരാതിക്കാരൻ ബോധിപ്പിക്കുന്നത്. ആദ്യനാളുകളിൽ തെക്കേ ആദിത്യ സുന്ദർ സുബ്രഹ്മണ്യം എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. പിന്നിട് ഡോ. സുന്ദർ ആദിത്യ മേനോൻ എന്നാക്കി പേര് മാറ്റി. തൃശ്ശൂർ ഈസ്റ്റ് ഫോർട്ട് പൊലീസ് സ്‌റ്റേഷനിൽ ഇദ്ദേഹത്തിനെതിരെ ക്രിമിനൽ കേസും നിലവിലുണ്ട്. ഇങ്ങനെയുള്ള വ്യക്തിത്വത്തിന് രാഷ്ട്രത്തിന്റെ ആദരവിന്റെ ഭാഗമായി പത്മശ്രീ പുരസ്‌ക്കാരം നൽകിയത് തെറ്റാണെന്നാണ് സി കെ പത്മനാഭൻ ഹൈക്കോടതിയെ ബോധിപ്പിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ആക്ഷേപത്തിലെ വസ്തുത പരിശോധിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.

കേരള സർക്കാറിനെയും അവാർഡ് കമ്മിറ്റിയെയും പണത്തിന്റെ സ്വാധീനത്തിൽ തെറ്റിദ്ധരിപ്പിച്ചുവെന്നുമാണ് ഇയാൾക്കെതിരായ ആക്ഷേപം. രാജ്യത്തിന്റെ യസസ്സ് ഉയർത്തിയവർക്ക് വേണ്ടി നൽകുന്ന പുരസ്‌ക്കാരം ഇതുപോലൊരു പ്രാഞ്ചിയേട്ടന് നൽകുന്നതിനെ എതിർത്താണ് റിട്ട് ഹർജി. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ പത്മപുരസ്‌ക്കാരം പ്രഖ്യാപിച്ചപ്പോൾ തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു ഗൾഫിലെ സൺ ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ചെയർമാനായ സുന്ദർ മേനോനും പട്ടികയിൽ ഇടംപിടിച്ചത്. കേരള സർക്കാർ ഇദ്ദേഹത്തെ നോമിനേറ്റ് ചെയ്യുകയുമുണ്ടായില്ല. യുഎഇയിൽ നിന്നുള്ള നോമിനേഷനായാണ് ഇദ്ദേഹം പത്മ അവാർഡ് നേടിയെടുത്തത്.

പുരസ്‌ക്കാരങ്ങൾ കൊതിക്കുന്നവരുടെ പതിവുശൈലിയിൽ തന്നെയാണ് സുന്ദർ മേനോന്റെയും കഥ. പ്രവാസികളുടെ രക്ഷകൻ, നാട്ടിൽ സൽഗുണ സമ്പന്നനും സേവന തൽപ്പരനും ഇങ്ങനെ നീളുന്നു സുന്ദർ മേനോന്റെയും ഐതിഹ്യങ്ങൽ. അദ്ദേഹത്തെ കുറിച്ച് മാദ്ധ്യമങ്ങളിൽ വന്ന വാർത്തകൾ ഇങ്ങനെയായിരുന്നു: ഗൾഫ് മേഖലയിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യൻ വ്യവസായികളിൽ ഒരാളായി ഫോബ്‌സ് മാഗസിൻ തിരഞ്ഞെടുത്തിരുന്ന സുന്ദർ മേനോൻ 1985ലാണ് സൺ ഗ്രൂപ്പ് ഇന്റർനാഷണലിന് തുടക്കമിട്ടത്. മേനോന്റെ നേതൃത്വത്തിലുള്ള സൺ ചാരിറ്റബിൾ ട്രസ്റ്റ് സാമൂഹിക, ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏറെ സജീവമാണ്. 2013 ലെ ഉത്തരാഖണ്ഡ് പ്രളയത്തിൽ ഒറ്റപ്പെട്ടവർക്കും നിരാലംബലായവർക്കും സഹായമെത്തിക്കൽ, അട്ടപ്പാടിയിലെ ആദിവാസികൾക്കായി ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്ററുമായി ചേർന്നുള്ള പ്രവർത്തനങ്ങൾ എന്നിവയിലൂടെയാണ് ശ്രദ്ധേയനായത്.

സ്വഛ്ഭാരത് മിഷന്റെ ഭാഗമായി തൃശൂർ മൽസ്യമാർക്കറ്റിൽ മാലിന്യനിർമ്മാർജനത്തിള്ള ഇൻസിനറേറ്ററും സൺ ഗ്രുപ്പ് സ്ഥാപിച്ചു. തൃശൂർ പൂരത്തിന്റെ മുഖ്യസംഘാടകനും എലിഫന്റ് വെൽഫെയർ ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഭാരവാഹിയുമാണ് സുന്ദർ മേനോൻ. ഊർജോൽപാദനം, മറൈൻ ഫ്യൂവൽസ്, എണ്ണ പര്യവേക്ഷണം, കെട്ടിട നിർമ്മാണം, സിനിമ ടെലിവിഷൻ വ്യവസായം എന്നീ മേഖലകളിലാണ് സൺ ഗ്രൂപ്പ് പ്രവർത്തിക്കുന്നത്.

പ്രമുഖ പ്രവാസി വ്യവസായി സി കെ മേനോന്റെ മുൻ ബിസിനസ് പാർട്ട്‌നർ കൂടിയായിരുന്നു സുന്ദർ മേനോൻ. ഇതിനിടെ തന്നെ ഇവർ തമ്മിലുള്ള വ്യവസായ ബന്ധം ചില പണമിടപാടുകളുടെ പേരിൽ വഷളാകുകയും ഉണ്ടായി. തുടർന്ന് വഞ്ചനാ കേസുണ്ടായതായും റിപ്പോർ്ട്ടുകളുണ്ട്. എന്നാൽ, ഇത് വിദേശത്തായിരുന്ന. ഡൽഹി കേന്ദ്രീകരിച്ച് ലോബിയിങ് നടത്തിയാണ് ഇല്ലാത്ത വിദ്യാഭ്യാസ ആനുകൂല്യങ്ങൾ കാണിച്ചും തെറ്റിദ്ധരിപ്പിച്ചാണ് പത്മപുരസ്‌ക്കാരം നേടിയതെന്നാണ് ആക്ഷേപം. എന്തായാലും പത്മ അവാർഡ് വിതരണത്തിന് മുമ്പ് കോടതി നടപടി ഉണ്ടാകുമോ എന്നതാണ് ഇനി അറിയേണ്ടത്.