കൊച്ചി: ചോദിക്കാനും പറയാനും ആരും ഇല്ലാത്തതു കൊണ്ട് പെട്രോൾ ഡീസസൽ വില കുതിച്ചുയരുന്നു. കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ പെട്രോൾ വിലയിലുണ്ടായത് നാലു രൂപയുടെ വർധന. ഡീസലിന്റെ വിലവർധന മൂന്നു രൂപയും. പ്രതിപക്ഷവും ഇതേ കുറിച്ച് മിണ്ടുന്നില്ല. ഇതോടെയാണ് പൊതുമേഖലാ എണ്ണകമ്പനികൾ തോന്നും വിധം വില ഉയർത്തുന്നത്. ദിവസമുള്ള വില വർദ്ധനയായതിനാൽ ആരും ശ്രദ്ധിക്കുന്നുമില്ല.

ഡിസൽ വില കൂട്ടുന്നത് വില വർദ്ധനവിനും വഴിവക്കും. സർക്കാർ ഇക്കാര്യത്തിൽ ഇടപെടുന്നില്ല. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ഇപ്പോഴും ബാരലിന് 52 ഡോളറിൽ താഴെയാണ്. രൂപയുടെ മൂല്യവും കൂടി. അതുകൊണ്ട് തന്നെ വില കുറയേണ്ട സാഹചര്യമാണുള്ളത്. എന്നാൽ പ്രതിഷേധിക്കാൻ പോലും ആരും ഇല്ലാത്തതു കൊണ്ട് വില ഉയർത്തി ലാഭം കൊയ്യുകയാണ് എണ്ണക്കമ്പനികൾ.

പെട്രോൾ - ഡീസൽ വില ഓരോ ദിവസവും പുനഃക്രമീകരിച്ചു തുടങ്ങിയതു ജൂൺ 16 നാണ്. ആദ്യഘട്ടത്തിൽ പെട്രോളിനു നാലു രൂപയുടെയും ഡീസലിനു മൂന്നു രൂപയുടെയും കുറവു വന്നിരുന്നു. എന്നാൽ, ഈ മാസം ഇന്ധനവില റോക്കറ്റ് പോലെ കുതിക്കുകയായിരുന്നു. ഒന്നാം തീയതിക്കുശേഷം ഇതുവരെ പെട്രോളിന്റെ വിലയിലുണ്ടായതു നാലു രൂപയുടെ വർധനയാണ്.

ഇന്ധനവില ദിവസവും മാറുന്ന സംവിധാനം നിലവിൽവന്നശേഷം സ്ഥിരം പമ്പിൽ എത്തുന്നവർക്കു മാത്രമാണു വിലയിലെ വർധന തിരിച്ചറിയാൻ കഴിയുക. ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം, റിലയൻസ് എന്നിവയുടെ പമ്പുകളിൽ വിലയിൽ 30 മുതൽ 50 പൈസയുടെ വരെ വ്യത്യാസമുണ്ടാകുന്നതായി ഉപയോക്താക്കൾക്കു പരാതിയുണ്ട്.

ഇന്നലെ എച്ച്.പി. പമ്പുകളിൽ പെട്രോളിന് 71.23 രൂപയും ഡീസലിന് 61.23 രൂപയും ഐ.ഒ.സി. പമ്പുകളിൽ പെട്രോളിന് 71.50 രൂപയും ഡീസലിന് 61.48 രൂപയുമായിരുന്നു വില. ഓരോ ദിവസവുമുണ്ടാകുന്ന നേരിയ വ്യത്യാസം ആരും ശ്രദ്ധിക്കാറില്ല. ഇതിന്റെ മറവിലാണ് എണ്ണകമ്പനികൾ വൻ കൊള്ള നടത്തുന്നത്.