ന്യൂഡൽഹി: കഴിഞ്ഞ ഏഴ് വർഷത്തിനിടെ എക്‌സൈസ് തീരുവ പല മടങ്ങ് വർധിപ്പിച്ചതിനു ശേഷമാണു ചെറിയ തോതിലെങ്കിലും നിരക്ക് കുറയ്ക്കാൻ കേന്ദ്രം തയാറായിരിക്കുന്നതിന് പിന്നിൽ ഇലക്ഷൻ പേടി തന്നെ. ഉപതെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ വിലകുറച്ചു. ഇതോടൊപ്പം രണ്ടു ദിവസമായി വില കൂടുന്നുമില്ല. പെട്രോൾ വിലയിൽ ആശ്വാസം കിട്ടിയില്ലെങ്കിൽ അധികാരം നഷ്ടമാകുമെന്ന ബിജെപി ഭയമാണ് ഇതിന് കാരണം. ഇന്ധന വില ജി എസ് ടിയിൽ കൊണ്ടു വരാനും ബിജെപി ശ്രമിച്ചേക്കും.

രാജ്യാന്തര വിപണിയിലെ വിലവ്യതിയാനം ചൂണ്ടിക്കാട്ടുന്ന സർക്കാർ തന്നെ, ഈവർഷം മാർച്ചിൽ 5 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോൾ മൂന്നാഴ്ചയോളം വില കൂട്ടിയില്ല. വോട്ടെണ്ണലിനു ശേഷം വില തുടർച്ചയായി കൂട്ടുകയും ചെയ്തു. കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ തോൽവിക്കു കാരണം ഇന്ധനവിലവർധനയാണെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂർ പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് വില കുറച്ചത്.

എണ്ണ വിലയുടെ നിയന്ത്രണം എണ്ണ കമ്പനികൾക്കാണെന്നാണ് വയ്‌പ്പ്. ഇതിൽ കേന്ദ്രം ഇടപെടില്ലത്രേ. എന്നാൽ തെരഞ്ഞെടുപ്പു കാലത്ത് വില കൂടാത്തതിലൂടെ തന്നെ സർക്കാര് തന്നെയാണ് പരോക്ഷമായി എല്ലാം ചെയ്യുന്നതെന്ന് വ്യക്തം. വോട്ടു കിട്ടില്ലെന്ന് മനസ്സിലായാൽ മാത്രമേ കേന്ദ്ര സർക്കാർ വില കുറയ്ക്കുകയുമുള്ളൂ എന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ വില കുറച്ചിൽ.

രാജ്യാന്തര വിപണിയിൽ വില കുറഞ്ഞപ്പോൾ അതിന്റെ നേട്ടം ജനങ്ങൾക്കു കൈമാറാതെ എക്‌സൈസ് തീരുവ കൂട്ടി വരുമാനം നേടുകയാണു മോദി ചെയ്തത്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 3 ലക്ഷം കോടി രൂപയാണ് എക്‌സൈസ് തീരുവ ഇനത്തിൽ കേന്ദ്രത്തിനു ലഭിച്ചത്. മോദി സർക്കാർ 2014ൽ അധികാരമേറ്റ് ഒരു വർഷം കഴിഞ്ഞപ്പോൾ ക്രൂഡ് വില കുത്തനെ 53 ഡോളറിലേക്കു താഴ്ന്നു. 120 ഡോളറിന് അടുത്തു നിന്നായിരുന്നു വില കുറഞ്ഞത്. എന്നാൽ അന്ന് വില കുറച്ചില്ല. പകരം എക്‌സൈസ് തീരുവ കുത്തനെ കൂട്ടി.

2014 ൽ പെട്രോളിനുള്ള കേന്ദ്ര നികുതി വെറും 9 രൂപ 20 പൈസയും ഡീസലിന് 3.46 രൂപയും ആയിരുന്നു. പല തവണകളിലായി 32 രൂപ 98 പൈസ വരെ കൂട്ടിയാണ് ഇന്നലെ പെട്രോളിന് 5 രൂപ കേന്ദ്രം കുറച്ചത്. ഡീസലിന് 7 വർഷം മുൻപ് കേന്ദ്ര നികുതി 3.46 രൂപ. ഇത് 31 രൂപ 83 പൈസ വരെ കൂട്ടിയാണ് ഇന്നലെ 10 രൂപ കുറച്ചത്. 7 വർഷത്തിനിടെ ഇന്ധനത്തിനുള്ള എക്‌സൈസ് തീരുവ കേന്ദ്രത്തിന്റെ പ്രധാനപ്പെട്ട വരുമാന മാർഗമായിരുന്നു. ഇപ്പോൾ ഇളവിനു ശേഷവും പെട്രോളിന്റെ കേന്ദ്രനികുതി 2014ന്റെ മൂന്നിരട്ടിയാണ്. ഡീസലിന്റേത് ആറിരട്ടിയും.

2014-15 ൽ 99,000 കോടി രൂപയാണ് എക്‌സൈസ് തീരുവ ഇനത്തിൽ കേന്ദ്രം നേടിയത്. 2019-20 ൽ 2 ലക്ഷം കോടിയായിരുന്നു വരുമാനം. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 3 ലക്ഷം കോടിയായി. കോവിഡ് കാരണം പ്രതിസന്ധി നേരിടുമ്പോഴും ഉയർന്ന തീരുവ നില നിർത്തി കഴിഞ്ഞ ഒന്നരവർഷത്തിനുള്ളിൽ പെട്രോളിന് 36 രൂപയും ഡീസലിന് 26 രൂപ അൻപതു പൈസയുമാണു കേന്ദ്രം കൂട്ടിയത്.

ഇന്ധനവില കൂടുമ്പോൾ അതു സംസ്ഥാന സർക്കാരിനും നേട്ടമാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ 18,355 കോടിയാണ് സംസ്ഥാന ഖജനാവിലേക്ക് ഒഴുകിയെത്തിയത്. നികുതി നിരക്ക് കൂട്ടാതെയാണ് ഈ വരുമാന വർദ്ധനവ് സംഭവിച്ചിരിക്കുന്നതും.