ന്യൂഡൽഹി: പെട്രോൾ-ഡീസൽ വില ഉടൻ കൂട്ടുമെന്ന് സൂചന. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ ദിവസങ്ങളെടുക്കും. അതുകൊണ്ട് തന്നെ വില കൂട്ടേണ്ടി വരും. ഇത് ഉടൻ ഉണ്ടാകും. തെരഞ്ഞെടുപ്പു കഴിഞ്ഞിട്ടും ഇന്ധനവില വർധിപ്പിക്കാൻ സാധിക്കാത്തതിന്റെ അമർഷത്തിലാണ് രാജ്യത്തെ എണ്ണക്കമ്പനികളെന്ന് സൂചന.

കേരളമുൾപ്പെടെ ഒൻപത് സംസ്ഥാനങ്ങൾ പെട്രോൾ-ഡീസൽ നികുതിയായ വാറ്റ് കുറച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ അറിയിച്ചു. പ്രതിസന്ധി വേളയിലും നാമമാത്രമായ വർധനയാണു പെട്രോൾ വിലയിലുണ്ടായത് എന്നും കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി ചോദ്യോത്തരവേളയിൽ വ്യക്തമാക്കി. 'ലോകത്തെ വിവിധ രാജ്യങ്ങളിൽ 50 ശതമാനമെങ്കിലും ഇന്ധനവില വർധിക്കും. എന്നാൽ ഇന്ത്യയിൽ കേവലം 5 ശതമാനം വിലക്കയറ്റം മാത്രമാണ് ഇന്ധനവിലയിൽ ഉണ്ടായത്. കേന്ദ്ര സർക്കാർ നേടിയ വിജയമാണിത്. അല്ലായിരുന്നെങ്കിൽ കുടുംബ ബജറ്റുകൾ താളം തെറ്റിയേനെ-മന്ത്രി അറിയിച്ചു.

ലീറ്ററിന് ഏകദേശം 5.70 രൂപയുടെ നഷ്ടമാണ് ഇന്ധനവില വർധിപ്പിക്കാത്തതുമൂലം എണ്ണക്കമ്പനികൾക്കുണ്ടാകുന്നത്. ഈ നഷ്ടം നികത്തേണ്ടത് കേന്ദ്രത്തിന്റെയും കൂടെ ഉത്തരവാദിത്തമാണ്'- മന്ത്രി പറഞ്ഞു. ഈ വാക്കുകളിൽ തന്നെ ഇന്ധന വില കൂടുന്നതിന്റെ സൂചനകളുണ്ട്. നവംബറിൽ 80- 82 ഡോളറിലായിരുന്നു രാജ്യാന്തര എണ്ണവില റഷ്യ- യുക്രൈൻ യുദ്ധത്തെ തുടർന്ന് 130 ഡോളർ പിന്നിട്ടതോടെ പെട്രോൾ ലിറ്ററിന് 25 രൂപ ഉയർത്തിയേക്കുമെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു.

രാജ്യത്ത് പണപ്പെരുപ്പം കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇന്ധനവിലയിലെ ഓരോ വർധനയും കാര്യങ്ങൾ കൂടുതൽ വഷളാക്കും. ഈ സാഹചര്യത്തിലാണ് വില വർധനയെ പറ്റി കമ്പനികൾ സർക്കാരിനോട് കൂടിയാലോചിക്കാൻ തീരുമാനിച്ചത്. എന്നാൽ സർക്കാർ വില കൂട്ടാൻ അനുമതി നൽകില്ല. നാളെ മുതൽ എന്നു വേണമെങ്കിലും പെട്രോൾ- ഡീസൽ വില വർധന പ്രതീക്ഷിക്കാമെന്നാണു വിലയിരുത്തൽ. ലിറ്ററിന് 15- 25 രൂപ വരെ വില വർധിച്ചേക്കുമെന്നാണു വിദഗ്ധരുടെ വാദം. റഷ്യ- യുക്രൈൻ യുദ്ധം ആഗോള എണ്ണവിപണിയെ ചൂടുപിടിപ്പിച്ചിരിക്കുകയാണ്.

ആഗോള വിപണിയിൽ എണ്ണ അസ്ഥിരമായി തുടരുന്നത് രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകളെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. കൊവിഡിനെ തുടർന്നു പണപ്പെരുപ്പമെന്ന ഭീഷണിയുടെ പിടിയിലാണ് മിക്ക രാജ്യങ്ങളും. ഈ സാഹചര്യത്തിൽ റഷ്യയിൽ നിന്ന് എണ്ണ എത്തിക്കാനാണ് നീക്കം. അതേസമയം ഒപെക് പ്ലസ് രാജ്യങ്ങൾ ഉൽപ്പാദനം വർധിപ്പിക്കാമെന്നു വ്യകക്തമാക്കിയത് ആശ്വാസം പകരുന്ന കാര്യമാണ്.

യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും റഷ്യൻ ഇറക്കുമതി അവസാനിപ്പിച്ചതോടെ എണ്ണ ആവശ്യകത കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഒപെകിന്റെ തീരുമാനം. കഴിഞ്ഞ നവംബറിലാണ് കേന്ദ്ര സർക്കാർ ഇന്ധനത്തിന്റെ ഡ്യൂട്ടി കുറച്ചത്. ഇതിനു ശേഷം രാജ്യത്ത് പെട്രോൾ വില കൂട്ടിയിട്ടില്ല.