തിരുവനന്തപുരം: ക്രൂഡ് ഓയിൽ വില അഞ്ച് കൊല്ലം മുമ്പ് ബാരലിന് 130 ഡോളറായിരുന്നു വില. അന്ന് രാജ്യത്തെ പെട്രോൾ വില 74 രൂപയും. ഇന്ന് ക്രൂഡോയിൽ വില 67 ഡോളർ. തിരുവനന്തപുരത്തെ പെട്രോൾ വില 77 രൂപയും. കേരളത്തിൽ ഇതാദ്യമായി തിരുവനന്തപുരത്തു ഡീസൽ വില ലീറ്ററിന് 70 രൂപയ്ക്കു മുകളിലുമെത്തി. അങ്ങനെ ഇന്ധന വില കുതിക്കുകയാണ്. ഇന്ന് പെട്രോളിന്റെ വില 77.03രൂപ. ഡീസലിന് ഇന്നലത്തെ വില ലീറ്ററിന് 70.08 രൂപയായിരുന്നു. ഇന്ന് അത് കുറഞ്ഞ് 69.66രൂപയിലെത്തി. അപ്പോഴും വരും ദിവസങ്ങളിൽ ഡീസൽ വില കൂടാനാണ് സാധ്യത.

ഡീസലും പെട്രോളും തമ്മിലുള്ള വിലവ്യത്യാസം 7.37 രൂപയായി കുറഞ്ഞു. ഇതാദ്യമായാണ് ഇത്രയും കുറഞ്ഞ വിലവ്യത്യാസം. മാർച്ച് 17 മുതൽ പെട്രോളിന്റെയും ഡീസലിന്റെയും വില ഓരോ ദിവസവും കൂടുകയാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഡീസൽ വിലയിൽ ശരാശരി രണ്ടര രൂപയും പെട്രോൾ വിലയിൽ രണ്ടു രൂപയ്ക്കു മുകളിലുമാണു വർധന. കഴിഞ്ഞ വർഷം എപ്രിൽ ഒന്നിനു ഡീസലിന് 59.65 രൂപയും പെട്രോളിന് 69.19 രൂപയുമായിരുന്നു വില.

ഒരു വർഷത്തിനിടെ ഡീസലിന് 10 രൂപയോളവും പെട്രോളിന് ഏഴ് രൂപയ്ക്കു മുകളിലും വില കൂടി. ഇതിൽ പകുതിയും നികുതിയാണ്. കേന്ദ്ര സംസ്ഥാന സക്കാരുകൾ നികുതി വരുമാനം ഉയർത്താൻ മത്സരിക്കുമ്പോൾ കഷ്ടത ജനങ്ങൾക്കും. എല്ലാ സംസ്ഥാനങ്ങലും ഇതിന്റെ ഗുണഭോക്താക്കളാകുമ്പോൾ രാഷ്ട്രീയ പാർട്ടികൾക്കും പ്രതിഷേധം സംഘടിപ്പിക്കാൻ കഴിയുന്നില്ല. ജി എസ് ടിയിൽ ഇന്ധനത്തേയും ഒഴിവാക്കിയാൽ വില കുറയും. എന്നാൽ അതിന് സർക്കാരുകൾ തയ്യാരുമല്ല.

ഡീസൽ വില റെക്കോർഡിലെത്തിയെങ്കിലും പെട്രോളിന്റെ റെക്കോർഡ് വിലയല്ല ഇപ്പോഴുള്ളത്. 2014 സെപ്റ്റംബർ രണ്ടാം പകുതിയിൽ പെട്രോൾ വില സംസ്ഥാനത്ത് 78.47 രൂപ വരെ എത്തിയിരുന്നു. അന്ന് അന്താരാഷ്ട്ര വിപണയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 135 ഡോളറായിരുന്നു. പിന്നീടു രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണയ്ക്കു വില കുറഞ്ഞതോടെ അത് 10 രൂപയോളം ഇടിഞ്ഞ് എഴുപതിൽ താഴെയെത്തിയെങ്കിലും 2017ന്റെ രണ്ടാം പകുതിയോടെ വീണ്ടും കുതിച്ചുയർന്നു.

2011 മുതൽ ഏപ്രിൽ ഒന്നിനു തിരുവനന്തപുരത്തെ ഡീസൽ - പെട്രോൾ വിലയും വിലയിലുള്ള അന്തരവും:

2011 - ഡീസൽ: 41.39 പെട്രോൾ: 61.75 രൂപ വ്യത്യാസം: 20.36 രൂപ
2012 - ഡീസൽ: 44.55 പെട്രോൾ: 67.82 വ്യത്യാസം: 23.27
2013 - ഡീസൽ: 51.37 പെട്രോൾ: 70.53 വ്യത്യാസം: 19.16
2014 - ഡീസൽ: 59.56 പെട്രോൾ: 75.91 വ്യത്യാസം: 16.35
2015 - ഡീസൽ: 55.60 പെട്രോൾ: 67.15 വ്യത്യാസം: 11.55
2016 - ഡീസൽ: 52.56 പെട്രോൾ: 63.50 വ്യത്യാസം: 10.94
2017 - ഡീസൽ: 60.91 പെട്രോൾ: 70.62 വ്യത്യാസം: 9.71
2018 - ഡീസൽ: 69.66 പെട്രോൾ: 77.03 വ്യത്യാസം: 7.37