ന്യൂഡൽഹി: രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷമായതോടെ ഇന്ധന നികുതി കുറച്ച് കേന്ദ്രസർക്കാർ. പെട്രോൾ വിലയിലുള്ള എക്‌സൈസ് തീരുവ ലീറ്ററിന് എട്ടു രൂപയും ഡീസലിനു ലീറ്ററിന് ആറു രൂപയുമാണ് കുറച്ചത്.

കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനാണ് ഇന്ധനവിലയുടെ എക്‌സൈസ് തീരുവ കുറയ്ക്കുന്ന കാര്യം പ്രഖ്യാപിച്ചത്. അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയർന്നതാണ് ഇന്ധനവില കുറയ്ക്കാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ചത്. ഇതിനു പുറമേ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനായി മറ്റു ചില നിർണായക പ്രഖ്യാപനങ്ങളും ധനമന്ത്രി നടത്തിയിട്ടുണ്ട്. രാജ്യത്ത് പണപ്പെരുപ്പം വർധിച്ച സാഹചര്യത്തിലാണ് ആശ്വാസ നടപടികൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതോടെ വിപണിയിൽ പെട്രോളിന്റെ വിലയിൽ ലീറ്ററിന് 9.50 രൂപയും ഡീസലിന്റെ വിലയിൽ ഏഴു രൂപയും കുറവു വരും. കേരളത്തിൽ പെട്രോൾ ലീറ്ററിന് 10 രൂപ 40 പൈസയും ഡീസലിന് 7 രൂപ 37 പൈസയും കുറയുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

തുടർച്ചയായ ഇന്ധന വില വർധനവിനെ തുടർന്ന് രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയർന്നിരുന്നു. വിലക്കയറ്റം പിടിച്ചുനിർത്താൻ ഇന്ധനവില കുറക്കണമെന്ന് വിദഗ്ദ്ധർ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഇന്ധന വിലയോടൊപ്പം പാചക വാതക വിലയും വർധിച്ചത് കടുത്ത എതിർപ്പിനിടയാക്കിയിരുന്നു.

നവംബർ നാലിന് പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും കുറച്ചതിന് ശേഷം ആറ് മാസമാകുമ്പോൾ പെട്രോളിന് 9.5 രൂപയും ഡീസലിന് ഏഴ് രൂപയും കേന്ദ്ര സർക്കാർ കുറച്ചു. സമീപകാലത്തൊന്നുമില്ലാത്ത വിലക്കയറ്റവും പണപ്പെരുപ്പവും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം നികുതി കുറച്ചത്.

നികുതിയിളവ് നൽകിയിതിലൂടെ കേന്ദ്ര സർക്കാറിന് പ്രതിവർഷം ലക്ഷം കോടിയുടെ വരുമാന നഷ്ടമുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു. ഇനി സംസ്ഥാന സർക്കാറുകൾ ഈടാക്കുന്ന നികുതി കുറക്കുമോ എന്നതിലേക്കാണ് ജനം ഉറ്റുനോക്കുന്നത്.

നവംബറിൽ കേന്ദ്രം കുറച്ചതിന് പിന്നാലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ നികുതിയിൽ ഇളവ് നൽകിയിരുന്നു. എന്നാൽ കേരളമുൾപ്പെടെ, ബിജെപി ഇതര സർക്കാറുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ നികുതിയിൽ കുറവ് നൽകിയിരുന്നില്ല. രണ്ടുതവണയായി പെട്രോളിന് 14.5 രൂപയും ഡീസലിന് 17 രൂപയുമാണ് നികുതിയിനത്തിൽ കേന്ദ്ര സർക്കാർ കുറച്ചത്. പുതിയ നികുതിയിളവോടെ പെട്രോളിന് 9.5 രൂപയും ഡീസലിന് ഏഴ് രൂപയും കുറയുമെന്നും ധനകാര്യമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചു.

ഈയടുത്ത് ഇന്ധന നികുതി കുറക്കാത്തതിന് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശിച്ചിരുന്നു. ഇന്ധനവില വർധനവും രൂപയുടെ വിലയിടിവും വിലക്കയറ്റവും സാമ്പത്തിക രംഗത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. നവംബറിൽ കേന്ദ്ര സർക്കാർ പെട്രോൾ, ഡീസൽ എക്സൈസ് തീരുവ കുറച്ചതിനു പിന്നാലെ 22 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും നികുതിയിൽ കുറവ് വരുത്തി.

സംസ്ഥാനങ്ങളും നികുതി നിരക്ക് കുറച്ച് ജനങ്ങളുടെ ഭാരം കുറയ്ക്കാൻ നടപടിയെടുക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സംസ്ഥാന സർക്കാർ ഇതുവരെ നികുതി വർധിപ്പിട്ടില്ലെന്നാണ് കേരളം പറയുന്നത്. എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് ശേഷം ഒരുതവണ പോലും നികുതി വർധിപ്പിച്ചിട്ടില്ലെന്നും അതുകൊണ്ടു തന്നെ കേന്ദ്ര സർക്കാറാണ് നികുതി കുറക്കേണ്ടതെന്നുമാണ് സംസ്ഥാന സർക്കാറിന്റെ വാദം.

വിലക്കയറ്റം പിടിച്ചുകെട്ടാൻ സർക്കാർ നീക്കം

വിലക്കയറ്റം തടയുക എന്നതാണ് നികുതി കുറക്കുന്നതിന്റെ പ്രധാന ലക്ഷ്യം. പെട്രോളിനും ഡീസലിനും പുറമെ, പാചക വാതകത്തിന് സബ്‌സിഡി വീണ്ടും പ്രഖ്യാപിക്കുകയും ചെയ്തു. സിലിണ്ടറിന് 200 രൂപ എന്ന കണക്കിൽ പരമാവധി 12 സിലിണ്ടറുകൾക്കാണ് സബ്‌സിഡി ലഭിക്കുക. കാർഷിക രംഗത്ത് ചെലവുയരുന്ന സാഹചര്യത്തിൽ വളങ്ങൾക്ക് സബ്‌സിഡി നൽകുന്നത് ഉയർത്തി. 1.05 ലക്ഷം കോടിയാണ് വളം സബ്‌സിഡിയായി നീക്കിവെച്ചത്. ഒരു ലക്ഷം കോടി രൂപ കൂടി സബ്‌സിഡിയായി നൽകും. ഇതോടെ വളത്തിന്റെ വില കുറയും.

പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ അസംസ്‌കൃത വസ്തുക്കളുടെയും അനുബന്ധ ഘടകങ്ങളുടെയും ഇറക്കുമതിക്കുള്ള കസ്റ്റംസ് തീരുവ കുറയ്ക്കും. ഇറക്കുമതിയെ ഇന്ത്യ വൻതോതിൽ ഈ രംഗത്ത് ആശ്രയിക്കുന്നതുകൊണ്ടാണെന്ന് കേന്ദ്രമന്ത്രി പറയുന്നു. ഇരുമ്പിന്റെയും ഉരുക്കിന്റെയും അനുബന്ധ ഘടകങ്ങളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട് കസ്റ്റംസ് തീരുവ കുറയ്ക്കാൻ തീരുമാനമുണ്ട്. ഈ മേഖലയിൽ കയറ്റുമതിക്ക് നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. നിർമ്മാണ മേഖലയിലും ചെലവ് ചുരുക്കാൻ കേന്ദ്രം ഇടപെടുന്നുണ്ട്. സിമന്റ് ലഭ്യത ഉറപ്പാക്കാനും സിമന്റ് വില കുറയ്ക്കാനുമാണ് ശ്രമം. സിമന്റ് മേഖലയിൽ ചരക്ക് ഗതാഗതം സുഗമമാക്കാനും ഇടപെടുമെന്നും കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചു.

സുപ്രധാന പ്രഖ്യാപനങ്ങൾ

പാചകവാതക സിലിണ്ടറുകൾക്ക് 200 രൂപ സബ്‌സിഡി നൽകും. ഉജ്വല യോജന പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് പ്രതിവർഷം 12 സിലിണ്ടറുകൾക്കാണ് സബ്‌സിഡി ലഭിക്കുക.

വളങ്ങൾക്ക് 1.10 കോടി രൂപയുടെ സബ്സിഡി നൽകും. ഈ വർഷത്തെ ബജറ്റിലെ 1.05 ലക്ഷം കോടിക്ക് പുറമേയാണിത്.

പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ അസംസ്‌കൃത വസ്തുക്കളുടെയും ഇടനിലക്കാരുടെയും കസ്റ്റംസ് തീരുവയിലും ഇളവ് പ്രഖ്യാപിച്ചു.

സ്റ്റീലിന്റെ ചില അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ കുറയ്ക്കും. ചില സ്റ്റീൽ ഉൽപ്പന്നങ്ങൾക്ക് കയറ്റുമതി തീരുവ ചുമത്തും.

ഒരു വർഷത്തിൽ 12 ഗ്യാസ് സിലിണ്ടറുകൾക്ക് 200 രൂപ സബ്‌സിഡി നൽകും എന്നും ധനമന്ത്രി വ്യക്തമാക്കി. നേരത്തെ പല ഘട്ടങ്ങളിലായി നിർത്തലാക്കിയ സബ്‌സിഡിയാണ് ഇപ്പോൾ വീണ്ടും പുനഃസ്ഥാപിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്.