കൊച്ചി: 2014ലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു പെട്രോളിന്റെയും ഡീസലിന്റേയും വില വർധനവ് തടയുക എന്നത്. എന്നാൽ ഇതുമാത്രം നടക്കുന്നില്ല. ദിവസ വില മാറ്റത്തിലേക്ക് കാര്യങ്ങളെത്തിയതോടെ വില കുതിക്കുകയാണ്. ദിവസവും മൂന്നും നാലും പൈസ കൂടും. അങ്ങനെ ഇന്ന് തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 74.33 രൂപയാണ് നിരക്ക്. ഡിസലിന് 63.98രൂപയും. ഓരോ സംസ്ഥാനത്തും ഓരോ വില. പക്ഷേ എല്ലായിടവും ഇത് കൂടുന്നുണ്ട്. കേന്ദ്രം സംസ്ഥാനത്തേയും സംസ്ഥാനം കേന്ദ്രത്തേയും പഴിചാരിയുള്ള കളി. ആര് വിചാരിച്ചാൽ വിലകുറയുമെന്ന് ചോദ്യത്തിന് മാത്രം ഉത്തരം നൽകാതെയുള്ള കള്ളക്കളി. അതിനിടെയാണ് കേന്ദ്രത്തിന് വില കുറയ്ക്കാൻ താൽപ്പര്യമുണ്ടെന്ന സൂചനകളെത്തുന്നത്. എന്നാൽ കേരളം അടക്കം തടസ്സം നിൽക്കുന്നു.

ഇന്ധന വില കുറയ്ക്കാനുള്ള നടപടി കേന്ദ്രം തുടങ്ങിക്കഴിഞ്ഞു. പെട്രോളും ഡീസലും ഇവ രണ്ടും ജി എസ് ടിക്ക് കീഴിൽ കൊണ്ടുവരാനാണ് കേന്ദ്രത്തിന്റെ പരിപാടി. 2014 ലെ വാഗ്ദാനമായ പെട്രോൾ @ 50 രൂപ എന്നത് അധികം വൈകാതെ യാഥാർഥ്യമാക്കാനാണ് മോദി സർക്കാരിന്റെ ലക്ഷ്യം. ഇപ്പോൾ പെട്രോൾ വിലയുടെ പകുതിയോളം നികുതി ഇനത്തിലാണ്. ഇനി പെട്രോളും ഡീസലും ജി എസ് ടിയിലേക്ക് മാറി എന്നിരിക്കട്ടെ, ഈ അമ്പത് ശതമാനത്തോളം വരുന്ന നികുതി പാടേ ഒഴിവാകും. പകരം, യഥാർഥ വിലയുടെ പരമാവധി 28 ശതമാനം മാത്രമാകും നികുതി. ജി എസ് ടി പ്രകാരം പരമാവധി നികുതി 28 ശതമാനമാണ്. അങ്ങനെ വിലകുറയ്ക്കാമെന്ന് ബിജെപി നേതാക്കൾ പറയുന്നു. ഇതിന് തടസ്സം കേരളവും ധനമന്ത്രി തോമസ് ഐസക്കാണെന്ന് പോലും ബിജെപി ആരോപിക്കുന്നു. ജിഎസ്ടിയിലേക്ക് വന്നാൽ പെട്രോളിനും ഡീസലിനും വിലകുറയും. അങ്ങനെ വന്നാൽ ഖജനാവിലേക്ക് എത്തുന്ന കോടികളിൽ കുറവ് വരും. അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാരുകൾ ഇതിനോട് മുഖം തിരിക്കുന്നു.

അയൽ രാജ്യങ്ങളേക്കാൾ ഇന്ധനവിലയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഇന്ത്യ തന്നെ. പെട്രോളിയം പ്ലാനിങ് ആൻഡ് ആനാലിസിസ് സെല്ലിന്റെ സെപ്റ്റംബർ 1 ലെ കണക്കുകൾ പ്രകാരം സാമ്പത്തികമായി ഇന്ത്യയേക്കാൾ പിന്നോക്കം നിൽക്കുന്ന അയൽ രാജ്യങ്ങളേക്കാൾ 35 രൂപയോളം കൂടുതലാണ് ഇന്ത്യയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില. ബംഗ്ലാദേശ്, നേപ്പാൾ,ശ്രീലങ്ക, പാക്കിസ്ഥാൻ, എന്നീരാജ്യങ്ങളിലെ ഇന്ധന വിലയുമായി താരതമ്യം ചെയ്തതിൽ ഏറ്റവും കൂടുതൽ വില നമ്മുടെ രാജ്യത്താണെന്നാണ് റിപ്പേർട്ട്. പാക്കിസ്ഥാനിൽ 40.82 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്റെ വില. ബംഗ്ലാദേശ് മാത്രമാണ് വിലയിൽ ഇന്ത്യയ്‌ക്കൊപ്പമുള്ളത്. ഡീസലിന്റെ വിലയിലും ഇന്ത്യയാണ് ഒന്നാമത്. അതേസമയം എൽപിജിയുടെ വിലയിൽ സബ്സിഡി കിഴിച്ച് ഏറ്റവും കുറവ് വില ഇന്ത്യയിലാണ്. ജിഎസ്ടി വന്നാൽ ഈ അവസ്ഥയ്ക്ക് മാറ്റം വരും.

പെട്രോളും ഡീസലും ജിഎസ്ടിയുടെ കീഴിൽ വന്നാൽ വില 22 ശതമാനമെങ്കിലും കുറയും. ഇവയ്ക്ക് ജിഎസ്ടിയുടെ താഴ്ന്ന നിരക്ക് ഏർപ്പെടുത്തിയാൽ വില പകുതി വരെ കുറഞ്ഞേക്കാം. പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയിൽ പെടുത്തണമെങ്കിൽ കേന്ദ്രസർക്കാരിനോ സംസ്ഥാനസർക്കാരിനോ തീരുമാനിക്കാനാവില്ല. ജിഎസ്ടി നിയമപ്രകാരം ജിഎസ്ടി കൗൺസിലിനു മാത്രമേ ഇതിന് അധികാരമുള്ളൂ. കൗൺസിൽ ഇങ്ങനെ ഒരു തീരുമാനം എടുക്കണമെന്ന് കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്‌ലിയും പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാനും ആവശ്യപ്പെട്ടിരിക്കുകയാണ്. പക്ഷേ കേരളം അടക്കം നിലപാട് എടുക്കുന്നില്ല. ധനമന്ത്രി തോമസ് ഐസക്കിന് വലിയ സ്വാധീനം ജിഎസ്ടിയിലുണ്ട്. സംസ്ഥാന ധനമന്ത്രിമാരിൽ ധനകാര്യ വിദഗ്ധനാണ് അദ്ദേഹം. അതുകൊണ്ടു തന്നെ കേരളം മുൻകൈയെടുത്താൽ എ്ല്ലം ശരിയാകുമെന്ന് ബിജെപി നേതാക്കൾ പറയുന്നു. ഇതിനോട് കൃത്യമായി കേരളം പ്രതികരിക്കുന്നില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ മോദിയുടെ കുറ്റമായി പെട്രോൾ-ഡീസൽ വില ഉയരുന്നതിനെ ചിത്രീകരിക്കുന്നുമുണ്ട്.

പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിക്കു പുറത്തുവേണമെന്ന് ശാഠ്യം പിടിച്ചത് സംസ്ഥാനങ്ങൾ തന്നെയാണ്. കേരളമായിരുന്നു ഇതിന് മുന്നിൽ നിന്നത്. അന്ന് കേരളത്തിൽ യുഡിഎഫിനായിരുന്നു ഭരണം. ധനമന്ത്രിയായിരുന്ന കെ എം മാണിയായിരുന്നു ജിഎസ്ടിയുടെ അധ്യക്ഷനും. അദ്ദേഹവും പെട്രോളിനെ ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതിനെ എതിർത്തില്ല. തോമസ് ഐസക്കും ഈ നിലപാട് തുടർന്നു. സംസ്ഥാന ഖജനാവിനെ ശക്തിപ്പെടുത്താനാണ് ഇതെന്നും വ്യക്തമാണ്. എന്നാൽ ജിഎസ്ടി എത്തിയതോടെ എല്ലാ തരത്തിലും സംസ്ഥാനത്തിന്റെ നികുതി വരുമാനം കൂടിയിട്ടുണ്ട്. ഉപഭോക്ത സംസ്ഥാനമായി കേരളത്തിന് ജിഎസ്ടിയുടെ ഗുണങ്ങൾ ഏറെ കിട്ടുമെന്ന് തോമസ് ഐസക്ക് തന്നെ വ്യക്തമാക്കിയതുമാണ്. ഈ സാഹചര്യത്തിൽ ഇന്ധനത്തിലെ അധിക ലാഭം വേണ്ടെന്ന് വയ്ക്കാനുള്ള ചർച്ചകൾക്ക് തോമസ് ഐസക് മുന്നിട്ടിറങ്ങണമെന്നാണ് ആവശ്യം

ഇവയ്ക്കു കേന്ദ്രസർക്കാരിന്റെ എക്‌സൈസ് നികുതി 23 ശതമാനമാണ്. ബാക്കി 15 മുതൽ 34 ശതമാനം വരെ നികുതി ചുമത്തുന്നത് സംസ്ഥാനസർക്കാരുകളാണ്. ഓരോ സംസ്ഥാനവും ഓരോ നിരക്കിലാണ് പെട്രോളിനും ഡീസലിനും മൂല്യവർധിത നികുതി (വാറ്റ്) ഈടാക്കുന്നത്. ഡൽഹിയിൽ ഇത് 27 ശതമാനവും മഹാരാഷ്ട്രയിൽ 47 ശതമാനവും കേരളത്തിൽ പെട്രോളിന് 31.8%, ഡീസലിന് 24.5% എന്നിങ്ങനെയുമാണ്. ഒരു സംസ്ഥാനവും ഈ വരുമാനം നഷ്ടപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ജിഎസ്ടിക്ക് ഇപ്പോൾ അഞ്ചു സ്ലാബുകളാണ് 0, 5, 12, 18, 28% എന്നിങ്ങനെ. മുംബൈയിൽ പെട്രോൾ വില 79.48 രൂപയാണ്. ജിഎസ്ടി 12% വന്നാൽ വില 38 രൂപയാവും, 18% ആണെങ്കിൽ 40.05 രൂപയാവും, 28 ശതമാനമാണെങ്കിൽ 43.44 രൂപയാകും. ഇനി 28% ജിഎസ്ടിയും 22% ആഡംബര സെസും കൂടി ചേർത്താലും 50.91 രൂപയേ വില വരൂ. ന്മ ഡീസലിന് മുംബൈയിൽ 62.37 രൂപയാണു വില. ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാൽ വിവിധ നികുതി നിരക്കുകളിൽ വില ഇങ്ങനെയാവും12 %ആണെങ്കിൽ 36.65രൂപ, 18 ആണെങ്കിൽ 38.61 രൂപ, 28 % ആണെങ്കിൽ 41.88 രൂപ, 22% സെസും 28% ജിഎസ്ടിയും ആയാലും വില 49.08 രൂപ മാത്രം.

പെട്രോളിയം ഉൽപ്പന്നങ്ങളിൽ പ്രകൃതി വാതകത്തിന് അഞ്ചു ശതമാനം മൂല്യവർദ്ധിത നികുതി (വാറ്റ്) മതി എന്ന് എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരുമായി ധാരണയിൽ എത്തിയിട്ടുണ്ട്. പ്രകൃതിവാതകം ഉപയോഗിക്കുന്ന വ്യവസായങ്ങളെക്കരുതിയാണ് ഈ തീരുമാനം. ജിഎസ്ടി വന്നതോടെ ഈ വ്യവസായങ്ങൾക്ക് അവർ ഉപയോഗിക്കുന്ന അസംസ്‌കൃത വിഭവങ്ങൾക്ക് ഇൻപുട് ടാക്‌സ് ക്രെഡിറ്റ് അവകാശപ്പെടാം. ഇതു കണക്കിലെടുത്താണ് സംസ്ഥാനങ്ങൾ പ്രകൃതിവാതകത്തിന് 5% വാറ്റ് മതി എന്ന് തീരുമാനിച്ചത്. പക്ഷേ പെട്രോളിയം ഉൽപ്പനങ്ങളിൽ ഈ തീരുമാനത്തിന് സംസ്ഥാന സർക്കാർ തയ്യാറല്ല.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ ആറുവർഷത്തെ ഏറ്റവും താഴ്ന്ന വിലയിലെത്തിയിട്ടും ഇന്ത്യയിൽ പെട്രോളിന്റെ വില കുത്തനെ ഉയരുക തന്നെയാണ്. കേന്ദ്ര, സംസ്ഥാന നികുതികൾ തന്നെയാണ് ഇന്ധനവില കയറ്റത്തിന്റെ കാരണം. ദിവസംതോറും ഇന്ധന വില പുനഃക്രമീകരിക്കാൻ തീരുമാനിച്ചതോടെയാണ് കഴിഞ്ഞ രണ്ടുമാസത്തിനിടെ പെട്രോൾ, ഡീസൽ വിലയിൽ ഇത്രയും വർധനവുണ്ടായിരിക്കുന്നത്. രാജ്യവ്യാപകമായി പെട്രോൾ, ഡീസൽ വില ദിവസവും പുനഃക്രമീകരിക്കാൻ തീരുമാനിച്ചത് 2017 ജൂൺ 16 മുതലാണ്. അന്നു മുതൽ തുടർച്ചയായി രണ്ടാഴ്ച വില കുറഞ്ഞുകൊണ്ടിരുന്നു. എന്നാൽ തുടർന്നങ്ങോട്ട് ചെറിയ രീതിയിൽ വില ഉയർത്തിത്തുടങ്ങുകയായിരുന്നു.

അന്താരാഷ്ട്ര തലത്തിലെ അസംസ്‌കൃത എണ്ണവിലയും രൂപ ഡോളർ വിനിമയ നിരക്കും അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലെ എണ്ണവില നിശ്ചയിച്ചിരുന്നത്. അങ്ങനെ വരുമ്പോൾ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും അതിന്റെ ഗുണഫലം ഉപഭോക്താക്കൾക്ക് ലഭിക്കാത്തത് കേന്ദ്ര സംസ്ഥാന നികുതികൾ മൂലമാണ്. ക്രൂഡ് ഓയിൽ വില കഴിഞ്ഞ 9 വർഷത്തിനിടെ 60 ശതമാനം താഴ്ന്നെങ്കിലും ഇന്ത്യയിൽ ഇന്ധനവില 45 ശതമാനമാണ് ഉയർന്നത്. മോദി സർക്കാർ അധികാരത്തിലെത്തിയശേഷം പെട്രോളിന്റെ നികുതി 127 ശതമാനവും ഡീസലിന്റേത് 387 ശതമാനവുമാണ് ഉയർത്തിയത്. 2014 ൽ നികുതിയിനത്തിൽ 99184 കോടി രൂപ ലഭിച്ചയിടത്ത് 2,42,691 കോടിയാണ് കഴിഞ്ഞ വർഷം കേന്ദ്രസർക്കാരിന് ലഭിച്ചത്. ഏറ്റവും കൂടുതൽ നികുതി ചുമത്തുന്ന സംസ്ഥാനങ്ങളിൽ ഒന്നാമതുള്ളത് മഹാരാഷ്ട്രയാണ്. കേരളം ആറാം സ്ഥാനത്തും.

പെട്രോളിയം ഉൽപന്നങ്ങൾക്ക് സംസ്ഥാനം ഉയർന്ന നികുതി ചുമത്തുന്നുവെന്ന ആരോപണത്തിൽ വിശദീകരണവുമായി ധനമന്ത്രി ഡോ. തോമസ് ഐസക് രംഗത്ത് വന്നിരുന്നു. വിലക്കയറ്റം ഉണ്ടാകുന്നത് സംസ്ഥാന സർക്കാർ ചുമത്തുന്ന നികുതി മൂലമല്ല. കേന്ദ്രം അടിക്കടി എക്സൈസ് നികുതി വർദ്ധിപ്പിക്കുന്നതുകൊണ്ടാണെന്ന് തോമസ് ഐസക് ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.തോന്നിയപടി നികുതി വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ നികുതി കൂട്ടുമ്പോൾ അതിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ നികുതി കുറച്ചാൽ ഫലം സംസ്ഥാന സർക്കാർ സ്വയം പാപ്പരാവുകയാണ്. അതു നടക്കില്ല. നീതീകരണമില്ലാത്ത നികുതി വർദ്ധനയിൽ നിന്ന് കേന്ദ്രം പിന്മാറുക. അപ്പോൾ സംസ്ഥാനത്തിന്റെ നികുതിയും താനേ കുറയുമെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു കണക്കുണ്ട്. അതു പ്രകാരം ഒരു ലിറ്റർ പെട്രോളിന് കേന്ദ്രസർക്കാരിന്റെ നികുതി 21.48 രൂപയാണ്. കേരള സർക്കാരിന്റെ കണക്കാകട്ടെ 34.06 എന്ന കള്ളക്കണക്കും. കേന്ദ്രസർക്കാർ നികുതി രൂപയിൽ പറയുമ്പോൾ കേരളത്തിന്റേത് ശതമാനക്കണക്കിൽ. യഥാർത്ഥത്തിൽ സെസും ചേർത്ത് 17.53 രൂപയാണ് കേരളത്തിന്റെ നികുതി. എന്നാൽ കേന്ദ്രസർക്കാരിനു ലഭിക്കുന്നതോ. 21.48 രൂപ എക്സൈസ് നികുതിക്കു പുറമെ ഇറക്കുമതി നികുതി, പെട്രോൾ നേരിട്ട് ഇറക്കുമതി ചെയ്യുകയാണെങ്കിൽ 2.5 ശതമാനം ബേസിക് കസ്റ്റംസ് ഡ്യൂട്ടിയുംഅതിനു പുറമെ അഡീഷണൽ കസ്റ്റംസ്/കൗണ്ടർ വെയിലിങ് ഡ്യൂട്ടിയും കേന്ദ്രം ഈടാക്കുന്നു. സംഘികൾ പ്രചരിപ്പിക്കുന്ന 21.48 രൂപയേക്കാൾ അധികം തുക കേന്ദ്രസർക്കാരിന് നികുതിയായി ലഭിക്കുന്നുണ്ട്. കഴിഞ്ഞ വർഷം കേന്ദ്രത്തിന് 2.73 ലക്ഷം കോടി കിട്ടയപ്പോൾ സംസ്ഥാനങ്ങൾക്ക് ലഭിച്ചത് 1.89 ലക്ഷം കോടിയാണെന്നും തോമസ് ഐസക് പറയുന്നു.

മോമി അധികാരത്തിൽ വന്നശേഷം 16 തവണയാണ് സെൻട്രൽ എക്സൈസ് നികുതി വർദ്ധിപ്പിച്ചത്. എപ്പോഴെല്ലാം ക്രൂഡോയിൽ വില താഴ്ന്നോ അപ്പോഴെല്ലാം നികുതി വർദ്ധിപ്പിച്ചു. അതുവഴി ക്രൂഡോയിൽ വിലക്കുറവിന്റെ നേട്ടം ജനങ്ങൾക്കു നിഷേധിച്ചു. ഇതുവഴി ഏതാണ്ട് ഒരു ലക്ഷം കോടിയിലേറെ രൂപ കേന്ദ്രസർക്കാരിന് അധികവരുമാനം കിട്ടിയത്. ബേസിക് ഡ്യൂട്ടി ലിറ്ററിന് 1.20 രൂപയിൽ നിന്നും 8.48 രൂപയായി ഉയർത്തി. അഡീഷണൽ എക്സൈസ് ഡ്യൂട്ടി ലിറ്ററിന് 2.00 രൂപയിൽ നിന്നും 6.00 രൂപയായി ഉയർത്തി. സ്പെഷ്യൽ അഡീഷണൽ ഡ്യൂട്ടി ലിറ്ററിന് 6.00 രൂപയിൽ നിന്നും 7.00 രൂപയായി ഉയർത്തി. ഇതാണ് പെട്രോളിന്റെ വില വർദ്ധനവിന് കാരണം. എന്നിട്ട് ഒരിക്കൽപോലും നികുതി നിരക്ക് വർദ്ധിപ്പിക്കാത്ത സംസ്ഥാന സർക്കാരിന്റെ മേലിൽ കുറ്റം ചാർത്താനാണ് ശ്രമമെ്‌ന് തോമസ് ഐസക്കും പറയുന്നു.

എന്നാൽ ഇത്തരം ചർച്ചകൾക്ക് നിൽക്കാതെ ജിഎസ്ടിയിലേക്ക് പെട്രോളിനേയും ഡീസലിനേയും കൊണ്ടു വരാൻ തോമസ് ഐസക് ശ്രമിക്കണമെന്നാണ് പൊതു ആവശ്യം. ജിഎസ്ടി കൗൺസിൽ യോഗത്തിൽ ജനപക്ഷത്ത് നിന്ന് തോമസ് ഐസക് നിലപാട് എടുക്കണം. കേന്ദ്രസർക്കാരിനെ സമ്മർദ്ദത്തിലാക്കിയാൽ കാര്യം നേടിയെടുക്കാനാവുമെന്നും അഭിപ്രായം സോഷ്യൽ മീഡിയയിൽ സജീവമാണ്.