തിരുവനന്തപുരം: '14 തവണ നികുതി കൂട്ടുകയും 4 തവണ കുറയ്ക്കുകയും ചെയ്തശേഷം, ഒരിക്കൽ പോലും നികുതി കൂട്ടാത്ത കേരളം പോലുള്ള സംസ്ഥാനത്തെ പ്രധാനമന്ത്രി വിമർശിക്കുന്നതു ഖേദകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിലപിക്കുന്നു. എന്നാൽ 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനു ശേഷം കേന്ദ്ര സർക്കാർ ഇന്ധനവില കൂട്ടിയതിലൂടെ കേരളത്തിനു പ്രതിമാസം ലഭിക്കുന്ന അധിക നികുതിവരുമാനം 20 കോടിയിലേറെ രൂപ എന്നതാണ് യഥാർത്ഥ വസ്തുത.

കേന്ദ്രം കൂട്ടുമ്പോൾ കേരളത്തിന്റെ നികുതിയും കൂടും. ഈ വരുമാനം വേണ്ടെന്ന് വയ്ക്കാൻ കേരളത്തിന് കഴിയും. ഈ തുക ഖജനാവിൽ എത്തുന്നതിൽ പിണറായിക്ക് സന്തോഷമാണ്. കാരണം കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി അത്രയേറെ രൂക്ഷമാണ്. ഇതിനൊപ്പം വിലക്കയറ്റവും. അതുകൊണ്ട് തന്നെ പെട്രോൾ വിലയിൽ കഴിയുന്ന ഇളവ് പൊതു ജനങ്ങൾക്ക് നൽകേണ്ടതുണ്ട്. എങ്കിൽ മാത്രമേ സമ്പദ് വ്യവസ്ഥ മെച്ചപ്പെടൂ. ഈ സാമാന്യ ധനതത്വശാസ്ത്രം കേരളം പാലിക്കുന്നില്ല. പകരം സർക്കാരിന്റെ വാർഷികാഘോഷങ്ങൾ പൊടിക്കാൻ ഖജനാവിലേക്ക് പെട്രോൾ-ഡീസൽ വിലയിലെ വരുമാന നേട്ടവും കരുത്താക്കുന്നു.

2014 ൽ പെട്രോളിന് മേലുള്ള ആകെ എക്സൈസ് തീരുവ 9.48 രൂപയായിരുന്നു. അത് ക്രമേണ 32.98 രൂപയായി വർദ്ധിപ്പിക്കുകയും നിലവിൽ 27.9 രൂപയായി കുറയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് പറയുന്ന മുഖ്യമന്ത്രി 2014ൽ കേരളത്തിന് പെട്രോളിൽ നിന്ന് കിട്ടിയ വരുമാനം എത്രയായിരുന്നുവെന്നും ഇപ്പോൾ അത് എത്രയാണെന്നും വിശദീകരിക്കുന്നില്ലെന്നതാണ് വസ്തുത. ഈ വരുമാന ഉയർച്ചയിലെ ഒരു ഭാഗം എല്ലാ സംസ്ഥാനങ്ങളും വേണ്ടെന്ന് വയ്ക്കണമെന്ന കേന്ദ്ര നിർദ്ദേശത്തെയാണ് ഫലത്തിൽ പിണറായി തള്ളുന്നത്.

പെട്രോൾ വില ഇനിയും വില കൂടിയാൽ വീണ്ടും സംസ്ഥാന സർക്കാരിന്റെ വരുമാനം കൂടും. സംസ്ഥാനത്തു പ്രതിദിനം 18 ലക്ഷം ലീറ്റർ ഇന്ധനമാണ് (പെട്രോളും ഡീസലും) വിൽക്കുന്നത്. തിരഞ്ഞെടുപ്പിനു ശേഷം മാർച്ച് പകുതി മുതലായി പെട്രോളിനു 10.89 രൂപയും ഡീസലിനു 10.52 രൂപയും കൂടി. ഇതോടെ പെട്രോൾ ലീറ്ററിനു ശരാശരി 2.60 രൂപയും ഡീസൽ ലീറ്ററിന് 1.97 രൂപയും അധിക വരുമാനം കേരളത്തിന് കിട്ടുന്നുവെന്നാണ് കണക്ക്. ഒരു ഘട്ടത്തിലും നികുതി കുറയ്ക്കാൻ കേരളം തയ്യറായിട്ടില്ല. മറിച്ച് നികുതി കൂട്ടിയില്ലെന്ന വാദം ഉയർത്തുകയാണ് പിണറായി സർക്കാർ.

നികുതി കൂട്ടാതെ തന്നെ വരുമാനം കൂടുന്ന സാഹചര്യമാണ് ഇന്ധന വില വർദ്ധനവുണ്ടാക്കുന്നത്. മുമ്പ് ഉമ്മൻ ചാണ്ടി അധികാരത്തിൽ ഇരുന്നപ്പോൾ വില കൂടുമ്പോൾ കേരളത്തിന് കിട്ടുന്ന അധിക വരുമാനം വേണ്ടെന്ന് വച്ച് മാതൃക തീർത്തിരുന്നു. ഇടതു പക്ഷത്തിന്റെ പ്രതിഷേധ ഫലമായിരുന്നു ഇതെല്ലാം. എന്നാൽ തുടർഭരണം കിട്ടി കേരളത്തെ എല്ലാ അർത്ഥത്തിലും ഭരിക്കുമ്പോൾ നികുതിയിലെ അധിക വരവ് വേണ്ടെന്ന് വയ്ക്കാൻ പിണറായിക്ക് കഴിയുന്നുമില്ല. കർണ്ണാടകവും തമിഴ്‌നാടും പോണ്ടിച്ചേരിയും എല്ലാം കാട്ടിയ മാതൃക കേരളം മാത്രം സ്വീകരിക്കുന്നില്ല. പെട്രോൾ വില 80 രൂപയിൽ നിന്ന് കുതിച്ചുയർന്ന ശേഷം കിട്ടിയ അധിക വരുമാനം കേരളം വേണ്ടെന്ന് വച്ചാൽ പോലും ഇന്ധന വില എട്ട് രൂപയോളം കുറയും.

അധിക തുക വേണ്ടെന്നുവച്ച് ഇന്ധന വില കുറയ്ക്കണമെന്നാണു രാഷ്ട്രീയ എതിരാളികൾ ആവശ്യപ്പെടുന്നതെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം സർക്കാർ അതേക്കുറിച്ച് ആലോചിക്കുന്നില്ല. എല്ലാ നികുതികളും കൃത്യമായി കിട്ടിയാൽപോലും ജിഎസ്ടി നഷ്ടപരിഹാരം അവസാനിക്കുന്നതുകാരണം പിടിച്ചുനിൽക്കാനാകാത്ത അവസ്ഥയാണെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തൽ. കഴിയുന്നത്ര സ്രോതസ്സുകളിൽനിന്ന് അധിക വരുമാനം കണ്ടെത്താനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. പൊലീസും മോട്ടർ വാഹന വകുപ്പും വാഹന പരിശോധന കർശനമാക്കിയതു പോലും ഇതിനാണ്.

കഴിഞ്ഞ 6 വർഷത്തിനിടെ ഒരു തവണ പെട്രോളിന് ഒരു രൂപ സംസ്ഥാന സർക്കാർ കുറച്ചിരുന്നു. ഇന്ധന വിലവർധന വഴി 2016-17 ൽ 700 കോടി രൂപ, 201718 ൽ 255 കോടി, 201819 ൽ 283 കോടി വീതം സർക്കാരിന് അധിക നികുതിവരുമാനം ലഭിച്ചിരുന്നു. 2019-20 ൽ അധിക വരുമാനമില്ല. 2020-21 ൽ അധികം കിട്ടിയതാകട്ടെ 952 കോടിയാണ്. ഈ വസ്തുതയെ ആണ് നികുതി കൂട്ടിയില്ലെന്ന സാങ്കേതിക ന്യായം പറഞ്ഞ് പിണറായി മറയ്ക്കുന്നത്.

'14 തവണ നികുതി കൂട്ടുകയും 4 തവണ കുറയ്ക്കുകയും ചെയ്തശേഷം, ഒരിക്കൽ പോലും നികുതി കൂട്ടാത്ത കേരളം പോലുള്ള സംസ്ഥാനത്തെ പ്രധാനമന്ത്രി വിമർശിക്കുന്നതു ഖേദകരമാണ്. സാമൂഹികക്ഷേമ ചെലവുകളുടെ ഗണ്യമായ ഭാഗം വഹിക്കുന്ന സംസ്ഥാനത്തിന്റെ സാമ്പത്തികനിലയെക്കുറിച്ചു ധാരണയുള്ള ഭരണാധികാരിയിൽനിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണ് ഈ വിമർശനം.'-ഇതാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

കഴിഞ്ഞ ആറു വർഷത്തിനിടയിൽ ഒരിക്കൽ പോലും കേരളം പെട്രോളിയം ഉത്പന്നങ്ങളുടെ മേലുള്ള വിൽപ്പനനികുതി വർദ്ധിപ്പിച്ചിട്ടില്ല എന്ന് വ്യക്തമാക്കട്ടെ. 2014 മുതലുള്ള കാലയളവിൽ കേന്ദ്രസർക്കാർ 14 തവണ പെട്രോളിയം ഉത്പന്നങ്ങളുടെ മേലുള്ള നികുതി വർദ്ധിപ്പിച്ചപ്പോൾ 4 തവണയാണ് നികുതിയിൽ കുറവു വരുത്തിയത്. കേന്ദ്രം വരുത്തുന്ന വർദ്ധന സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്ന അടിസ്ഥാന എക്സൈസ് ഡ്യൂട്ടി അല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 2014 ൽ പെട്രോളിന് മേലുള്ള ആകെ എക്സൈസ് തീരുവ 9.48 രൂപയായിരുന്നു. അത് ക്രമേണ 32.98 രൂപയായി വർദ്ധിപ്പിക്കുകയും നിലവിൽ 27.9 രൂപയായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഡീസലിന്റേത് 3.56 രൂപയിൽ നിന്നും 31.83 രൂപയായി വർദ്ധിപ്പിക്കുകയും നിലവിൽ 21.8 രൂപയായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

14 തവണ നികുതി വർദ്ധിപ്പിച്ച ശേഷം 4 തവണ കുറവ് വരുത്തുമ്പോൾ നികുതി വർദ്ധനവ് ഒരിക്കൽപോലും വരുത്താത്ത കേരളം പോലുള്ള സംസ്ഥാനത്തെ അസാന്ദർഭികമായി വിമർശിക്കുന്നത് ഖേദകരമാണ്. സാമൂഹ്യക്ഷേമ ചെലവുകളുടെ ഗണ്യമായ ഭാഗം വഹിക്കുന്ന സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക നിലയെക്കുറിച്ച് നല്ല ധാരണയുള്ള ഭരണാധികാരിയിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്തതാണ് ഇതെന്നുകൂടി വ്യക്തമാക്കുന്നുവെന്നാണ് പിണറായി പറയുന്നത്.

എന്നാൽ നികുതി കൂറയ്ക്കുന്നത് അധികമായി കിട്ടുന്ന വരുമാനം വേണ്ടെന്ന് വയ്ക്കാനുള്ള കേന്ദ്ര സർക്കാർ നീക്കമായിരുന്നു. പിണറായി സർക്കാരിനും വില കൂടുമ്പോൾ അധിക വരുമാനം ഉണ്ടാകുന്നുണ്ട്. അതിന്റെ കണക്കുകൾ കേരളം വിശദീകരിക്കുന്നില്ല.