ഗുരുഗ്രാം : പെട്രോളിയം ഉത്പന്നങ്ങൾ ജി.എസ്.ടി യുടെ പരിധിയിൽ കൊണ്ടുവരണമെന്ന് പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇതുസംബന്ധിച്ച ധാരണയിൽ എത്തണമെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

പ്രകൃതി ക്ഷോഭംമൂലം അമേരിക്കയിലെ എണ്ണയുത്പാദനം 13 ശതമാനം കുറഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണവില കുറയാൻ ഇത് അടക്കമുള്ളവയാണ് കാരണം. എന്നാൽ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുന്നതിന് വില നിർണയാവകാശം എണ്ണക്കമ്പനികൾക്ക് നൽകേണ്ടത് ആവശ്യമാണ്.

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള കോൺഗ്രസിന്റെ നീക്കത്തെ അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഭരണത്തിൽ ഉണ്ടായിരുന്ന കാലത്ത് അവർ ജനങ്ങളെ കൊള്ളയടിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ ബിജെപി ജനക്ഷേമം ലക്ഷ്യമാക്കിയാണ് പ്രവർത്തിക്കുന്നത്.
പെട്രോളിയം ഉത്പന്നങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുന്നതിനെയും അദ്ദേഹം ന്യായീകരിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി റോഡ്, റെയിൽവെ, കൃഷി, ജലസേചനം, കുടിവെള്ള വിതരണം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകൾക്കെല്ലാം വളരെ ഉയർന്ന വിഹിതമാണ് ബജറ്റിൽ നീക്കിവച്ചിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.