കോഴിക്കോട്: കോഴിക്കോട് കോട്ടുളിയിൽ പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട്് പണം കവർന്ന കേസിൽ മുൻ ജീവനക്കാരൻ പിടിയിൽ. എടപ്പാൾ സ്വദേശിയായ സാദിഖി(22)നെയാണ് പൊലീസ് ഒരു ഹോംസ്റ്റേയിൽ നിന്ന് പിടികൂടിയത്. പെട്രോൾ പമ്പിൽനിന്ന് കവർന്ന അരലക്ഷം രൂപയിൽ ബാക്കിയുണ്ടായിരുന്ന 30000 രൂപയും ഇയാളിൽനിന്ന് കണ്ടെടുത്തു. ആഡംബര ജീവിതം നയിച്ചതു മൂലമുണ്ടായ കടം വീട്ടുന്നതിന് വേണ്ടിയാണ് സാദിഖ് മോഷണത്തിന് ഇറങ്ങിയത്.

വ്യാഴാഴ്ച പുലർച്ചെ 1.40-ഓടെയാണ് കോട്ടൂളിയിലെ നോബിൾ പെട്രോൾ പമ്പിൽ കവർച്ച നടന്നത്. കറുത്തവസ്ത്രമണിഞ്ഞ് മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് ജീവനക്കാരനെ മൽപ്പിടിത്തത്തിലൂടെ കീഴടക്കി കെട്ടിയിട്ട് പണം കവരുകയായിരുന്നു. സംഭവത്തിൽ പമ്പിലെ മുൻ ജീവനക്കാരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിലാണ് സാദിഖിലേക്ക് സംശയം നീണ്ടത്.

അന്വേഷണത്തിന്റെ ഭാഗമായി പമ്പിലെ മുൻജീവനക്കാരെയെല്ലാം പൊലീസ് ഫോണിൽ വിളിച്ചിരുന്നു. എന്നാൽ സാദിഖിന്റെ ഫോൺ മാത്രം സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതോടെയാണ് സംശമുള്ള വ്യക്തിയെന്ന നിലയിൽ യുവാവിനെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തത്. ഇതോടെ മോഷണത്തിന്റെ ചുരൾ അഴിയുകയായിരുന്നു.

പണത്തിന് ആവശ്യം വന്നതിനാലാണ് നേരത്തെ ജോലിചെയ്ത പമ്പിൽ തന്നെ മോഷണം നടത്താൻ തീരുമാനിച്ചതെന്നായിരുന്നു പ്രതിയുടെ മൊഴി. രാത്രി 12 മണി കഴിഞ്ഞാൽ ഒരുജീവനക്കാരൻ മാത്രമാണ് പമ്പിലുണ്ടാവുകയെന്നും പണം ഓഫീസിൽ സൂക്ഷിക്കുമെന്നും യുവാവിന് അറിയാമായിരുന്നു. വ്യാഴാഴ്ച രാത്രി 12 മണിയോടെ പമ്പിന് സമീപമെത്തി ഒരു മണിക്കൂറോളം കാത്തിരുന്നു. തുടർന്ന് മറ്റുജീവനക്കാർ മടങ്ങിയെന്ന് ഉറപ്പുവരുത്തിയതോടെയാണ് ഓഫീസിലിരുന്ന് പണം എണ്ണുകയായിരുന്ന ജീവനക്കാരനെ ആക്രമിച്ച് കവർച്ച നടത്തിയത്.

കറുത്ത വസ്ത്രം ധരിച്ചതും കവർച്ചയ്ക്കിടെ ഹിന്ദി സംസാരിച്ചതും അന്വേഷണത്തെ വഴിതെറ്റിക്കാൻ വേണ്ടിയായിരുന്നുവെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. മുഖംമൂടി അണിയുകയും കൈകളിൽ ഗ്ലൗസ് ധരിക്കുകയും ചെയ്തിരുന്നു.ഹിന്ദി സിനിമകളായിരുന്നു ഇതിന് പ്രചോദനം. പ്രത്യേകരീതിയിലുള്ള കറുത്ത കോട്ടാണ് പ്രതി ധരിച്ചിരുന്നത്. ഇതും പ്രതിയെ കണ്ടെത്തുന്നതിൽ നിർണായകമായി.

നേരത്തെ കോഴിക്കോട്ടെ ബേക്കറിയിലും സൂപ്പർമാർക്കറ്റിലും ജോലിചെയ്തിരുന്ന പ്രതി ആദ്യമായാണ് മോഷണം നടത്തുന്നതെന്നാണ് മൊഴി നൽകിയിരിക്കുന്നത്. രണ്ട് ലക്ഷത്തോളം രൂപവിലവരുന്ന ബൈക്കും വിലകൂടിയ മൊബൈൽഫോണുമാണ് യുവാവ് ഉപയോഗിക്കുന്നത്. ഇതിന്റെ വായ്പ തിരിച്ചടവിനായാണ് (ഇ.എം.ഐ) കവർച്ച നടത്തിയ പണത്തിൽ ഇരുപതിനായിരം രൂപ ചെലവഴിച്ചതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയുമായി പൊലീസ് പെട്രോൾ പമ്പിലെത്തി തെളിവെടുപ്പ് നടത്തി.