- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ തിരഞ്ഞെടുപ്പു കാലം തിരികെ വന്നെങ്കിൽ..! നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ എണ്ണവിലയുടെ കുതിപ്പു തുടങ്ങി; തുടർച്ചയായി രണ്ടാം ദിവസവും പെട്രോളിനും ഡീസലിനും രണ്ടാം ദിവസവും വില കൂട്ടി; പാചകവാതക വിലയും ഉയർന്ന നിരക്കിൽ
കൊച്ചി: മൂന്ന് മാസത്തിന് ശേഷമാണ് ഇന്നലെ ഇന്ത്യയിൽ ഇന്ധന വില കൂട്ടിയത്. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചായിരുന്നു വില ചാഞ്ചാട്ടമില്ലാതെ തുടർന്നത്. നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ എണ്ണവിലയിലും കുതിപ്പു തുടങ്ങി. ഇതോടെ നാട്ടുകാർ ആഗ്രഹിക്കുന്നത് ആ തിരഞ്ഞെടുപ്പു കാലം തിരികെ വന്നെങ്കിൽ.. എന്നാണ്. വരും ദിവസങ്ങളിലും തുടർച്ചയായി എണ്ണവില ഉയരുമെന്ന് ഉറപ്പാണ്. ഇതിനൊപ്പ പാചകവാതക വിലയിലും വർധനവ ഉണ്ടായത് ജനജീവിതം തീർത്തും ദുസ്സഹമാക്കി മാറ്റുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നു.
നാലര മാസത്തെ ഇടവേളയ്ക്കു ശേഷം പെട്രോൾ, ഡീസൽ വില വർധന പുനരാരംഭിച്ചതിനു പിന്നാലെയാണ് പാചകവാതക വിലയും കുത്തനെ കൂട്ടിയത്. ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന് ഇന്നലെ 50 രൂപ വർധിപ്പിച്ചതോടെ ഉപയോക്താക്കൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില നൽകേണ്ട സ്ഥിതിയായി. 956.50 രൂപയാണ് കൊച്ചിയിലെ പുതുക്കിയ നിരക്ക്. കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കു വർധനയാണിത്.
പെട്രോൾ, ഡീസൽ വില ഇന്നലെ കൂട്ടിയതിനു പിന്നാലെ ഇന്നും നിരക്ക് വർധിച്ചു. ഇന്ന് പെട്രോൾ ലീറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയും കൂടിയിട്ടുണ്ട്. ഇന്നലെ യഥാക്രമം 87, 85 പൈസവീതം കൂട്ടിയിരുന്നു. ഇതോടെ 2 ദിവസം കൊണ്ട് പെട്രോളിന് 1.74 രൂപയും ഡീസലിന് 1.69 രൂപയും കൂട്ടി.
രാജ്യത്ത് ഗാർഹിക സിലിണ്ടർ വില വർധിപ്പിക്കുന്നത് 5 മാസത്തെ ഇടവേളയ്ക്കുശേഷമാണ്. വാണിജ്യ സിലിണ്ടറിന് ഈ മാസം ഒന്നിന് 106 രൂപ വർധിപ്പിച്ചിരുന്നു. ഇതിന് ഇന്നലെ 8 രൂപ കുറച്ചതോടെ വില 2000.50 രൂപയായി. 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മാസങ്ങളായി ഇന്ധന, ഗാർഹിക പാചകവാതക വിലകളിൽ മാറ്റം വരുത്തിയിരുന്നില്ല.
ക്രൂഡ് വില 110 ഡോളർ വരെ ഉയർന്ന 2013-14 ൽ പാചകവാതകം ഗാർഹിക സിലിണ്ടർ വില 1241 രൂപ വരെ എത്തിയിട്ടുണ്ട്. എന്നാൽ പൊതുജനങ്ങൾക്ക് സബ്‌സിഡി ആശ്വാസമായിരുന്നതിനാൽ ഉപയോക്താവിന് ചെലവാക്കേണ്ടിയിരുന്നത് 414 രൂപ മാത്രമായിരുന്നു. യഥാർഥ വിലയുടെ പകുതിയിലധികം സബ്‌സിഡിയായി ലഭിച്ചിരുന്നു. 2020 ജൂലൈയിലാണ് പാചകവാതക സബ്‌സിഡി കേന്ദ്രസർക്കാർ നിർത്തലാക്കിയത്. പ്രധാനമന്ത്രി ഉജ്വല യോജന പ്രകാരമുള്ള 8 കോടി ഉപയോക്താക്കൾക്കു മാത്രമാണ് നിലവിൽ സബ്‌സിഡി ലഭിക്കുന്നത്. രാജ്യമാകെ പാചകവാതക ഉപയോക്താക്കൾ 30.53 കോടിയാണ്.
അതേസമയം റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ ഇന്ത്യ തിരുമാനിച്ചിട്ടുണ്ട്. എന്നിട്ടും വിപണിയിൽ വിലക്കുറവ് പ്രതിഫലിക്കാത്ത അവസ്ഥയിലാണ് കാര്യങ്ങൾ.
മറുനാടന് ഡെസ്ക്