മിസ് യൂണിവേഴ്‌സ് മത്സരത്തിനായി ലോകരാജ്യങ്ങളിൽനിന്നുള്ള സുന്ദരിമാർ ഫിലിപ്പിൻസിലെ മനിലയിൽ ഒത്തുചേർന്നു. നിറപ്പകിട്ടാർന്ന ബിക്കിനികളിൽ സൺഗ്ലാസ്സുകൾ ധരിച്ച് സുന്ദരിമാർ അരങ്ങുവാഴുന്ന ചിത്രങ്ങളാണ് ഇപ്പോൾ ലോകം ആഘോഷിക്കുന്നത്. ജനുവരി 30-നാണ് 65-ാമത് മിസ് യൂണിവേഴ്‌സ് മത്സരം. അതിന് മുന്നോടിയായി ഫിലിപ്പിൻസ് നാവിക ആസ്ഥാനത്ത് സുന്ദരിമാർ സന്ദർശനം നടത്തി.

ആഡംബര നൗകകളിൽ ആസ്വദിച്ചും ബിക്കിനിയണിഞ്ഞ് ബീച്ചുകളിൽ കറങ്ങിയും ലോകസുന്ദരി മത്സരം അവിസ്മരണീയമാക്കാനൊരുങ്ങുകയാണിവർ. ഹാപ്പിലൈഫ് എന്ന ത്രിതല യാട്ടിലാണ് സംഘം കറങ്ങാനിറങ്ങിയത്. ഫിലിപ്പിൻസിലെ മുൻ ഗവർണർ ലൂയി ഷാവിറ്റ് സിങ്‌സണിന്റെ ഉടമസ്ഥതയിലുള്ളതാണ് യാട്ട്. 1.4 കോടി ഡോളറോളം മുടക്കിയാണ് യാട്ട് മോടിപിടിപ്പിച്ചത്.

പ്രസിഡന്റ് റോഡ്രിഗോ ദുത്തേർത്തെയുടെ കൊലപാതക ഭരണം അരങ്ങേറുന്നതിനിടെയാണ് ലോക സുന്ദരി മത്സരത്തിനും ഫിലിപ്പിൻസ് വേദിയാകുന്നത്. കഴിഞ്ഞദിവസവും തെരുവിൽ ഒരാൾ പൊലീസിന്റെ വെടിയേറ്റ് മരിച്ചു. ദുത്തേർത്തെയുടെ കിരാതഭരണത്തിനെതിരെ ലോകമെങ്ങും പ്രതിഷേധമുയരുമ്പോൾ, ലോകസുന്ദരി മത്സരത്തിലൂടെ ഫിലിപ്പിൻസിന്റെ വേറിട്ടൊരു ചിത്രം നൽകാനാണ് അധികൃതരുടെ ശ്രമം.

ജൂലൈ ഒന്നിനുശേഷം ആറായിരത്തിലേറെപ്പേരാണ് വെടിയേറ്റ് മരിച്ചത്. മയക്കുമരുന്ന് കടത്തുകാരോ ഉപയോഗിക്കുന്നവരോ ആണ് മരിച്ചവരിലേറെയും. പത്തുലക്ഷത്തിലേറെപ്പേർ മയക്കുമരുന്ന് വ്യാപാരം അവസാനിപ്പിച്ചും ഉപയോഗം നിർത്തിയും കീഴടങ്ങുകയും അറസ്റ്റിലാവുകയും ചെയ്തു. അവസാനത്തെ മയക്കുമരുന്ന് കച്ചവടക്കാരൻ കൊല്ലപ്പെടുന്നതുവരെ താൻ ആക്രമണം തുടരുമെന്ന് ദുത്തേർത്തെ പ്രഖ്യാപിക്കുകയും ചെയ്തു.