മുംബൈ: ശില്പാഷെട്ടിയുടെ ചിത്രമെടുത്ത ഫോട്ടോഗ്രാഫർമാർക്ക് ഹോട്ടൽ ജീവനക്കാരുടെ മർദ്ദനം. ശിൽപയും ഭർത്താവ് രാജ് കുന്ദ്രയും മുംബൈയിലെ ഒരു റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴായിരുന്നു സംഭവം.

ഭക്ഷണത്തിന് ശേഷം ഇരുവരും പുറത്തേക്കിറങ്ങാൻ ഒരുങ്ങുമ്പോൾ രണ്ട് ഫോട്ടോഗ്രാഫർമാർ ചിത്രങ്ങൾ പകർത്തുകയായിരുന്നു. ഇവരെ തടയാൻ ശിൽപ ശ്രമിച്ചതുമില്ല, മാത്രമല്ല ഇവർക്കായി ശിൽപാ പോസ് ചെയ്തതായും റിപ്പോർട്ടുണ്ട്. എന്നാൽ ഇരുവരും വാഹനത്തിൽ കയറിയതിനു പിന്നാലെ ഹോട്ടലിലെ ബൗൺസർമാർ ഇവരെ നന്നായി പെരുമാറി .ആക്രമണത്തിൽ രണ്ടു ഫോട്ടോഗ്രാഫർമാർക്കും സാരമായ പരിക്കേറ്റിട്ടുണ്ട്.

രാത്രിയിൽ നടന്ന സംഭവങ്ങളുടെ വീഡിയോ പുറത്തായതോടെ സോഷ്യൽ മീഡിയയിലും വൈറലായി. സംഭവത്തിൽ രണ്ടു പേർക്കെതിരേ ഖാർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ജീവനക്കാരാരായ രണ്ടു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഫ്രീലാൻസ് ഫോട്ടോഗ്രാഫർമാരായ സോനുവിനും ഹിമാംശു ഷിൻഡേയ്ക്കുമാണ് സാരമായ മർദ്ദനമേറ്റത്.

ഹോട്ടലിൽ നടന്ന സംഭവങ്ങൾ അനാവശ്യകരമായിരുന്നെന്ന് നടി ശില്പാ ഷെട്ടി പ്രതികരിച്ചു. ഇതിൽ തനിക്ക് നിരാശയുണ്ടെന്നും ട്വീറ്റ് ചെയ്തു. പാപ്പരാസികളും തന്റെ സുഹൃത്തുക്കൾ തന്നെയാണ്. അവരെ ഉപദ്രവിക്കരുതായിരുന്നെന്നും ശിൽപ പറഞ്ഞു. സംഭവത്തെ അപലപിക്കുന്നതായും അവർ പറഞ്ഞു.

ബോളിവുഡ് താരങ്ങളിൽ മിക്കവരും ബോഡിഗാർഡുമാരെ ഒപ്പം കൂട്ടുന്നവരാണ് . അതു കൊണ്ടു തന്നെ അവരുടെ ഇഷ്ടമില്ലാതെ അടുത്തു നിന്ന് ചിത്രം പകർത്തുന്നത് അനുവദിക്കാറില്ല. എന്നാൽ ഇവിടെ ഇടപെട്ടത് ഹോട്ടലിലെ ബൗൺസർമാരാണ്. ഇതാണ് വിവാദമായിരിക്കുന്നത്.