തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സർക്കാർ വിശദീകരിക്കാൻ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താസമ്മേളനത്തിൽ പ്രധാനമായും എടുത്തു പറഞ്ഞത് കേരളത്തിന്റെ സാമൂഹ്യ നവോത്ഥാനത്തെ കുറിച്ചായിരുന്നു. സാമൂഹികമായ മാറ്റം വരുമ്പോൾ അതിന് എല്ലാക്കാലത്തും പലരും എതിർപ്പു പ്രകടിപ്പിച്ചു എന്ന കാര്യവും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം ഉദാഹരിക്കാൻ പെൺകുഞ്ഞുങ്ങളെ മുതലയ്ക്ക് എറിഞ്ഞു കൊടുക്കുന്ന പ്രാകൃതമായ ഒരു ആചാരം നിലനിന്ന കാര്യവും അദ്ദേഹം ഓർമ്മപ്പെടുത്തുകയുണ്ടായി.

പെൺകുഞ്ഞുങ്ങളെ മുതലക്കെറിഞ്ഞു കൊടുക്കുന്ന ആചാരം ഈ നാട്ടിലുണ്ടായിരുന്നത് നിരോധിച്ചപ്പോഴും പെൺകുഞ്ഞിനെ മുതലക്ക് സ്ത്രീകളെറിഞ്ഞു കൊടുക്കുകയും മുതലകളെ വെടിവെയ്ക്കേണ്ട നില സൈന്യത്തിനു വരികയും ചെയ്ത നാടാണ് നമ്മുടേത്. ആൺകുഞ്ഞുങ്ങളുണ്ടാകാാൻ വേണ്ടി നടത്തിയ ഈ ആചാരം 1862ൽ നിർത്തലാക്കിയിട്ടും സ്ത്രീകൾ ആൺകുഞ്ഞുങ്ങളുണ്ടാകാൻ വേണ്ടി കുഞ്ഞുങ്ങളെ വീണ്ടും മുതലകൾക്ക് എറിഞ്ഞു കൊടുത്തു. അന്നത്തെ സേന ചെയ്തത് നാട്ടിലെ മുതലകളെ മുതുവൻ വെടിവെച്ച് കൊല്ലുക എന്ന നിലപാടായിരുന്നു എടുത്തത് എന്നുമായിരുന്നു മുഖ്യമന്ത്രി ഒാർമ്മപ്പെടുത്തിയത്.

മുഖ്യമന്ത്രി ഈ മുതലക്കഥ പറഞ്ഞതോടെ സൈബർ ഇടങ്ങളിലും ഇതേക്കുറിച്ച് ചർച്ചയായി. ചിലർ ട്രോളുകളായി എഴുതിയത് ഈ പ്രാകൃത ആചാരം സംരക്ഷിക്കപ്പെടാനും തെരുവിൽ ഇറങ്ങണമെന്നായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ട്രോൾ രൂപത്തിൽ കെ ജെ ജേക്കബ് എഴുതിയത് ഇങ്ങനെയാണ്:

''പെണ്ണുങ്ങളുടെ മുല കാണുക എന്ന വളരെ അത്യാവശ്യമുള്ള ഒരു കാര്യത്തിനുവേണ്ടി ഒരു നൂറ്റാണ്ട് പോരാടിയ ധീരന്മാരുടെ നാടാണ് ഇത്. മുതലകൾക്കു പെൺകുഞ്ഞുങ്ങളെ കൊടുക്കുന്ന സമ്പ്രദായം നിർത്തിക്കാൻ നോക്കി പരാജയപ്പെട്ട ഭരണാധികാരികൾ മുതലകളെ വെടിവച്ചു കൊല്ലുന്ന അവസ്ഥവരെയുണ്ടായി. നാട്ടിലെ സമ്പ്രദായങ്ങളോട് ഭരണാധികാരികൾ കാലാകാലങ്ങളായി പുലർത്തുന്ന അതിക്രൂരമായ നിലപാട് വിശ്വാസി സമൂഹം തിരിച്ചറിയണം എന്നും അത്തരക്കാരെ ഭരണം ഏൽപ്പിക്കുന്നത് വിശ്വാസത്തിനും ആചാരങ്ങൾക്കും ഗുണകരമാകുമോ എന്നും കൂടെ പരിശോധിക്കേണ്ടതുണ്ട് എന്നുമാണ് എന്റെ ഒരിദ്. മുതലകൾക്കൊപ്പം.' എന്നായിരുന്നു.

ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമ്പോൾ ഇത്തരം ഒരു ആചാരത്തിന്റെ ചരിത്രവും പരിശോധിക്കേണ്ടതുണ്ട്. 18ാം നൂറ്റാണ്ടിൽ തിരുവിതാംകൂറിലാണ് ഇത്തരമൊരു ആചാരം നിലനിന്നിരുന്നത്. മാതാപിതാക്കൾക്ക് പെൺകുട്ടികളുടെ എണ്ണം കൂടുമ്പോൾ അവരെ ഒഴുവാക്കാൻ വേണ്ടിയാണ് ആചാരമെന്ന നിലയിൽ ഈ പ്രാകൃതരീതി നിലനിന്നിരുന്നത്. പെൺകുഞ്ഞുങ്ങളെ ഒഴിവാക്കാൻ വേണ്ടി മുതലകൾ ഉള്ള കുളത്തിലോ പുഴയിലോ കുഞ്ഞുങ്ങളെ ഒഴിക്കു വിടുകയായിരുന്നു ചെയ്തിരുന്നത്. ആൺകുഞ്ഞുങ്ങൾ ഉണ്ടാകാതിരുന്നാൽ ശാപമായി കരുതിപ്പോന്ന കാലത്തായിരുന്നും ഈ ക്രൂരത അരങ്ങേറിയത്.

ഈ ക്രൂരമായി രീതി 1862ൽ അന്നത്തെ ബ്രിട്ടീഷ് ഭരണകൂടം നിരോധിച്ചു. എന്നിട്ടും സ്ത്രീകൾ ഈ രീതി തുടർന്നു പോന്നതോടെ ബ്രിട്ടീഷ് റസിഡന്റ് മുതലകളെ വെടിവെച്ച് കൊല്ലാൻ ഉത്തരവിടുകയാണ് ചെയ്തത്. ഈ കറുച്ച ചരിത്രമാണ് മുഖ്യമന്ത്രി ഇന്ന് വാർത്താസമ്മേളനത്തിൽ ഉദ്ധരിച്ചത്. സാമൂഹ്യ പരിഷ്‌ക്കരണ നടപടികളുടെ ഭാഗമായി സർക്കാർ കോടതി വിധി നടപ്പിലാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി മറ്റ് സംഘടനകൾ ഓർക്കേണ്ട കാര്യമാണ് ഇതെന്നാണ് വ്യക്തമാക്കിയത്.

മാറു മറയ്ക്കാൻ സമരത്തെ കുറിച്ചും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറയുകയുണ്ടായി. മാറു മറച്ചുകൊണ്ട് സ്ത്രീകൾ തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ എത്തിയപ്പോൾ അന്നത്തെ മാറ്റം അംഗീകരിക്കാത്ത ആളുകൾ തടയുകയാണ് ചെയ്തത്. എന്നാൽ, ഈ ചരിത്രം പിന്നീട് മാറിയെന്നം മുഖ്യമന്ത്രി ഓർമ്മപ്പെടുത്തുകയായിരുന്നു ചെയ്തത്.