തിരുവനന്തപുരം: ലോകായുക്താ ഓർഡിനൻസ് അസാധുവാണിപ്പോൾ. അതുകൊണ്ടാണ് അടിയന്തര നിയമസഭാ സമ്മേളനം വിളിച്ച് ബിൽ അവതരിപ്പിക്കുന്നത്. തീയതിയും സമയവും എല്ലാം കുറിച്ചു കഴിഞ്ഞു. പുതുക്കൽ ഓർഡിനൻസിൽ ഒപ്പിടാതെ ഗവർണ്ണർ മുഹമ്മദ് ആരിഫ് ഖാനാണ് എല്ലാം ചെയ്തത്. ഇതിന് പിന്നാലെ പുതിയ ഇടപെടൽ കൂടി. ദുരിതാശ്വാസനിധിയുടെ ദുരുപയോഗം സംബന്ധിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ഫയൽ ചെയ്ത കേസിൽ ലോകായുക്ത വിധി വൈകരുതെന്നാവശ്യപ്പെട്ട് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിക്കും.

ഗവർണർ ഒപ്പിടാത്തതിനേത്തുടർന്ന് അസാധുവായ 11 ഓർഡിനൻസുകൾ നിയമമാക്കാൻ പ്രത്യേക സഭാസമ്മേളനം ചേരാനിരിക്കേ ഇടതുമുന്നണിക്കു തലവേദനയായി ലോകായുക്ത ഭേദഗതി ബിൽ മാറിയിട്ടുണ്ട്. ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ച് ഓർഡിനൻസ് പുറപ്പെടുവിച്ചപ്പോൾത്തന്നെ സിപിഐ. എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. 22-ന് ആരംഭിക്കുന്ന പ്രത്യേക നിയമസഭാസമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള ലോകായുക്ത ബിൽ തയാറാക്കുന്നതിനു മുമ്പ് വിശദമായ ചർച്ചവേണമെന്നാണു സിപിഐ. നിലപാട്. ഇതിനിടെയാണ് ഈ വിഷയം ഹൈക്കോടതിക്ക് മുമ്പിലേക്കുമുള്ളത്.

നേരത്തെ കെടി ജലീലിനെതിരെ ലോകായുക്ത വിധി പുറപ്പെടുവിച്ചു. എന്നാൽ ഇടതു സർക്കാർ അഞ്ചു വർഷം ഏതാണ്ട് പൂർത്തിയാക്കി അടുത്ത തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പും കഴിഞ്ഞ ശേഷമാണ് വിധി വന്നത്. അതുകൊണ്ട് തന്നെ മന്ത്രിസ്ഥാനത്ത് അധികാരമില്ലാതെ ഇരിക്കുമ്പോഴാണ് ജലീൽ രാജിവച്ചത്. ആ കോടതി വിധി നേരത്തെ വന്നിരുന്നുവെങ്കിൽ തെരഞ്ഞെടുപ്പിൽ പോലും സ്വാധീനം ചെലുത്തുമായിരുന്നു. സമാന സാഹചര്യം ഇപ്പോഴുമുണ്ട്. മുഖ്യമന്ത്രിയുടെ രാജി ഒഴിവാക്കാൻ വേണ്ടിയാണ് ഭേദഗതി ഓർഡിനൻസ് അവതരിപ്പിച്ചത്. ഇത് അസാധുവായ സാഹചര്യത്തിലാണ് പുതിയ നീക്കം.

ലോകായുക്തയിൽ പിണറായിയ്‌ക്കെതിരെ മാർച്ച് 18നു വാദം പൂർത്തിയായ കേസാണിത്. ഇതിനിടെ ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചുള്ള ഓർഡിനൻസ് നിലവിൽ വന്നു. തുടർന്ന് ഇതുസംബന്ധിച്ച ഹർജി ഹൈക്കോടതിയിലെത്തി. ലോകായുക്തയുടെ തീർപ്പ് തങ്ങളുടെ വിധിക്കു വിധേയമായിരിക്കുമെന്നു ഹൈക്കോടതി വ്യക്തമാക്കിയതോടെ തുടർനടപടികൾ നിലച്ചു. എന്നാൽ, ലോകായുക്ത നിയമ ഭേദഗതി ഓർഡിനൻസ് റദ്ദായ സാഹചര്യത്തിൽ ഇനി തടസ്സമില്ല. ഈ സാഹചര്യത്തിലാണ് ഹർജിക്കാരനായ കേരള സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ്.ശശികുമാർ കോടതിയെ സമീപിക്കുന്നത്.

അധികാര ദുർവിനിയോഗത്തിന്റെ പേരിൽ മുഖ്യമന്ത്രിയെയും മന്ത്രിസഭാംഗങ്ങളെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ജോർജ് പൂന്തോട്ടം മുഖേനയാണ് ലോകായുക്തയിൽ ഹർജി നൽകിയത്. ഹൈക്കോടതിയിൽ നിന്നും അനുകൂല വിധിയുണ്ടായാൽ ലോകായുക്തയ്ക്കും കേസിൽ വിധി പറയാം. ഈ സാഹചര്യം മനസ്സിലാക്കിയാണ് ശശികുമാർ കോടതിയെ സമീപിക്കുന്നത്. സർക്കാരിനെതിരെ നിരന്തര പോരാട്ടം നടത്തുന്ന വ്യക്തിയാണ് ശശികുമാർ. സർവ്വകലാശാലകളിലേയും മറ്റും അഴിമതി പൊതു സമൂഹത്തിൽ ചർച്ചയാക്കുന്നതും ശശികുമാറും കൂട്ടരുമാണ്. അതുകൊണ്ട് തന്നെ സമ്മർദ്ദത്തിലൂടെ ആർക്കും ശശികുമാറിനെ സ്വാധീനിക്കാൻ കഴിയില്ല.

കാലാവധി കഴിഞ്ഞ ഓർഡിനൻസുകളുടെ നിയമനിർമ്മാണത്തിനായി നിയമസഭ ചേരും മുൻപ് ലോകായുക്ത വിഷയത്തിൽ ധാരണയിലെത്താൻ സിപിഐയും സിപിഎമ്മും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി രണ്ട് പാർട്ടികളുടേയും നേതൃത്വം വിശദമായ ചർച്ച നടത്തും. ലോകായുക്ത നിയമത്തിൽ ഭേദഗതി വേണമെന്ന സിപിഎം ആവശ്യം സിപിഐ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ നിർദ്ദേശിക്കപ്പെട്ട രീതിയിൽ നിയമം ഭേദഗതി ചെയ്യാനാവില്ലെന്നാണ് സിപിഐ നിലപാട്. ലോകായുക്തയുടെ അഴിമതി വിരുദ്ധ മുഖം സംരക്ഷിച്ചുകൊണ്ട് വേണം നിയമഭേദഗതിയെന്നും സിപിഐ വാദിക്കുന്നു. ലോകായുക്ത വിധി പരിശോധിക്കാൻ നിയമ സംവിധാനം വേണമെന്നും സിപിഐ ആവശ്യപ്പെടും.

മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർക്കൊപ്പം റവന്യു മന്ത്രി കെ.രാജൻ, നിയമമന്ത്രി പി.രാജീവ് എന്നിവരും ഉഭയകക്ഷി ചർച്ചകളുടെ ഭാഗമാകും എന്നാണ് സൂചന. ലോകായുക്ത നിയമഭേദഗതിക്കെതിരെ തുടക്കം മുതൽ സിപിഐ ഉയർത്തിയത് കടുത്ത എതിർപ്പാണ്. മന്ത്രിസഭാ യോഗത്തിൽ ലോകായുക്തയുടെ ചിറകരിയാനുള്ള ഓർഡിനൻസിനെ ആദ്യം പാർട്ടി മന്ത്രിമാർ മിണ്ടാതെ അനുകൂലിച്ചു. പിന്നെ നേതൃത്വം വടിയെടുത്തോടെ എതിർപ്പ് ഉന്നയിച്ചു. അസാധുവായ ലോകായുക്ത ഓർഡിനൻസ് അടക്കം പാസ്സാക്കാൻ ബിൽ കൊണ്ട് വരാനിരിക്കെ എതിർപ്പ് ആവർത്തിക്കാനാണ് സിപിഐ നീക്കം.

നേരത്തെ ഭേദഗതിയിൽ ഭിന്നത കടുത്ത സമയത്തും വിഷയത്തിൽ ചർച്ച വേണമെന്ന് സിപിഎം സിപിഐയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അന്ന് സിപിഎം ചർച്ചയ്ക്ക് തയ്യാറായിരുന്നില്ല. ജനപ്രതിനിധികളെ അയോഗ്യരാക്കാനുള്ള 14 ആം വകുപ്പിൽ ഭേദഗതി കൊണ്ടുവരാനാണ് തീരുമാനത്തിലാണ് സിപിഐക്ക് എതിർപ്പ്. അഴിമതി തെളിഞ്ഞാൽ പൊതപ്രവർത്തകന് സ്ഥാനിത്തിരിക്കാൻ ആകില്ലെന്ന ലോകായുക്ത വിധി വീണ്ടും ഹിയറിങ് നടത്തി സർക്കാറിന് തള്ളാമെന്ന പുതിയ വ്യവസ്ഥയാണ് കൊണ്ടുവരുന്നത്. ഇതിൽ സിപിഐ ആവശ്യം പരിഗണിച്ച് എങ്ങിനെ മാറ്റം വരുമെന്നാണ് കണ്ടറിയേണ്ടത്.

നിലവിലുള്ള ലോകായുക്ത നിയമം അതേ പടി നിലനിർത്തിയാൽ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കെതിരായ കേസിലടക്കം വിധി നിർണ്ണായകമാണ്. മുഖ്യമന്ത്രിക്ക് രാജി വയ്‌ക്കേണ്ടിയും വരും. അധികാരസ്ഥാനത്തുള്ളവർക്കെതിരേ കുറ്റം തെളിഞ്ഞാൽ അവരെ പുറത്താക്കാൻ ലോകായുക്തയ്ക്കുള്ള അധികാരത്തിൽ വെള്ളം ചേർക്കുന്ന വ്യവസ്ഥയോടാണു പൊതുവേ എതിർപ്പുയർന്നത്. ബന്ധുനിയമനക്കേസിൽ ലോകായുക്ത വിധിയുടെ അടിസ്ഥാനത്തിലാണ് ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന കെ.ടി. ജലീലിനു രാജിവയ്ക്കേണ്ടിവന്നത്.

ലോകായുക്ത വിധിക്കെതിരേ അപ്പീൽ സാധ്യമല്ലെന്ന വ്യവസ്ഥയാണ് ഓർഡിനൻസിൽ ഭേദഗതി ചെയ്തത്. മന്ത്രിമാർക്കെതിരായ ലോകായുക്ത വിധി പരിശോധിച്ച് മുഖ്യമന്ത്രിക്കു തീരുമാനമെടുക്കാമെന്ന പുതിയ വ്യവസ്ഥയോടാണു സിപിഐയുടെയും എതിർപ്പ്.