- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കറുപ്പിനെ 'വെറുക്കുന്ന' പിണറായിസം; മാതൃഭൂമി ന്യൂസിലെ ദിവ്യ ജോസഫ് ധരിച്ചിരുന്ന കറുത്ത മാസ്‌ക് അഴിപ്പിച്ച് പകരം നീലനിറത്തിലുള്ളത് നൽകി സംഘാടകർ; മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫർ ബി. മുരളീകൃഷ്ണന്റെ കറുത്ത മാസ്‌കും അഴിപ്പിച്ചു; പ്രതിഷേധിച്ച കറുത്ത ഡ്രസ് ഇട്ട ട്രാൻസ് ജെന്ററുകളേയും വെറുതെ വിട്ടില്ല; കറുത്ത കാറിൽ ചീറിപ്പായുന്നവർ കറുപ്പിനെ ഭയക്കുമ്പോൾ
കൊച്ചി: മാധ്യമ ലോകത്തെ 'കറുത്ത' കരങ്ങൾക്ക് എപ്പോൾ വേണമെങ്കിലും മുഖ്യമന്ത്രിയുടെ അടുത്ത് എത്താം. ഇതിന് തെളിവായിരുന്നു മുട്ടിൽ മരം മുറിക്കാലത്തെ ഒരു ഫോട്ടോയിലെ ചർച്ച. ധർമ്മടത്തെ വീട്ടിൽ മുഖ്യമന്ത്രിക്ക് അടുത്ത് നിൽക്കാൻ കഴിയുന്ന മാധ്യമ സൗഹൃദം. ഇത്തരക്കാരുടെ കാപട്യങ്ങൾക്ക് കൂട്ടു നിൽക്കുന്ന മുഖ്യമന്ത്രിക്കും സർക്കാരിനും കേരളത്തിലെ പാവപ്പെട്ട ജോലിയെടുക്കുന്ന മാധ്യമ പ്രവർത്തകരോട് പുച്ഛമാണ്. ഈ പുച്ഛത്തെ കേരള പത്ര പ്രവർത്തക യൂണിയന് പോലും തള്ളിപ്പറയാൻ കഴിയുന്നില്ല. പിണറായിസത്തോട് ചേർന്ന് നിന്ന് അവർ മൗനത്തിലാണ്.
കേരളത്തിലെ പിണറായിക്ക് മുമ്പുള്ള എല്ലാ മുഖ്യമന്ത്രിമാരും ഉപയോഗിച്ചത് വെള്ളക്കാറാണ്. എന്നാൽ സുരക്ഷാ കാരണങ്ങളാൽ സാമ്പത്തിക പ്രതിസന്ധി ശ്ക്തമായ ഈ കാലത്ത് കറുത്ത കാർ ലക്ഷങ്ങൾ ചെലവിട്ട് വാങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരമാണ്. കറുത്ത കാറിലാണ് അതിന് ശേഷം പിണറായിയുടെ യാത്ര. അങ്ങനെ കറുത്ത കാറിൽ പോകുന്ന മുഖ്യമന്ത്രിക്ക് വേണ്ടിയാണ് കറുത്ത മാസ്‌കും കറുത്ത വസ്ത്രവും പൊലീസ് ഇന്നലെ നിരോധിച്ചത്. വിവാദങ്ങൾ കത്തി പടർന്നതിനാൽ ഇന്ന് കറുത്ത മാസ്‌കിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കില്ലെന്ന പൊതുവികാരവും ശ്ക്തമാണ്.
മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ കറുപ്പുനിറത്തെ വിലക്കി പൊലീസും സംഘാടകരും ചർച്ചകളിൽ നിറയുകയാണ്. മുഖ്യമന്ത്രി പങ്കെടുത്ത കലൂർ മെട്രോ സ്റ്റേഷനിലെ കാൻസർ സെന്റർ ഉദ്ഘാടനച്ചടങ്ങ് റിപ്പോർട്ട് ചെയ്യാനെത്തിയ റിപ്പോർട്ടറുടെയും ഫോട്ടോഗ്രാഫറുടെയും കറുത്ത മാസ്‌ക് അഴിപ്പിച്ചു. റോഡിലൂടെ കറുത്ത വസ്ത്രമണിഞ്ഞ് മെട്രോ സ്റ്റേഷനിലേക്ക് പോയ രണ്ട് ട്രാൻസ്ജെൻഡറുകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാധ്യമ പ്രവർത്തകരോട് മോശമായി പൊലീസ് ഇടപെട്ടിട്ടും ഇതിനിതെരെ പത്രപ്രവർത്തക യൂണിയൻ പ്രതികരിച്ചു പോലുമില്ല. വാർത്ത നൽകലുമായി ബന്ധപ്പെട്ട് കണ്ണൂരിൽ ശിവദാസൻ കരിപ്പാലിനെ മുഖ്യമന്ത്രിയുടെ ബന്ധു ഭീഷണിപ്പെടുത്തിയിട്ടും മൗനത്തിലാണ് അവർ. സിപിഎമ്മിന് പുറത്തുള്ള രാഷ്ട്രീയ പാർട്ടികളുമായുള്ള മാധ്യമ ലോകത്തിന്റെ വിഷയങ്ങളിലേക്ക് മാത്രം ചുരുങ്ങുകയാണ് കെ യു ഡബ്ല്യു ജെയുടെ ഇടപടെൽ.
മാതൃഭൂമി ന്യൂസ് റിപ്പോർട്ടർ ദിവ്യ ജോസഫ് ധരിച്ചിരുന്ന കറുത്ത മാസ്‌ക് അഴിപ്പിച്ച് പകരം നീലനിറത്തിലുള്ള മാസ്‌ക് നൽകിയത് സംഘാടകരായിരുന്നു. മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫർ ബി. മുരളീകൃഷ്ണന്റെ കറുത്ത മാസ്‌ക് അഴിക്കാൻ ആവശ്യപ്പെട്ടത് സെക്യൂരിറ്റി ഗാർഡാണ്. കേരളത്തിലെ പ്രശസ്തനായ മാധ്യമ ഫോട്ടോഗ്രാഫറാണ് മുരളീകൃഷ്ണൻ. അങ്ങനെ മുതിർന്ന മാധ്യമ പ്രവർത്തകന് പോലും കറുത്ത് മാസ്‌കിൽ മുമ്പോട്ട് പോകാനാകുന്നില്ല. വിവാദത്തിന് പിന്നാലെ കറുത്ത മാസ്‌കിൽ എതിർപ്പില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അപ്പോഴേക്കും കറുത്ത മാസ്‌ക് എല്ലാം അഴിച്ചു മാറ്റിയിരുന്നു.
മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്നതിനിടെ മെട്രോ സ്റ്റേഷനിലേക്കു പോകാൻ കറുത്ത വസ്ത്രമണിഞ്ഞെത്തിയ ട്രാൻസ്ജെൻഡർമാരെ പൊലീസ് തടഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി ട്രാൻസ്ജെൻഡറുകളായ കോട്ടയം സ്വദേശി അവന്തികയും കളമശ്ശേരി സ്വദേശി അന്നയും മാധ്യമപ്രവർത്തകർക്കു മുന്നിൽ പ്രതിഷേധിച്ചതോടെ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്കു മാറ്റുകയും ചെയ്തു. ഉച്ചയ്ക്കു രണ്ടു മണിയോടെയാണ് സംഭവം. സാധാരണക്കാരെ വലയ്ക്കുമ്പോഴും കരിങ്കൊടി കാട്ടേട്ടവർ മുഖ്യമന്ത്രിയെ അതു കാട്ടുകയും ചെയ്യുന്നു. മുഖ്യമന്ത്രിക്കായി സംസ്ഥാനത്തുടനീളം ഇന്നലെ മുതൽ ഏർപ്പെടുത്തിയ കനത്ത സുരക്ഷാ സംവിധാനം ജനത്തെ വലച്ചത് കുറച്ചൊന്നുമല്ല. പ്രധാനമന്ത്രിയുടെയും മറ്റും സന്ദർശനം ഉണ്ടാകുമ്പോൾ ഗതാഗതനിയന്ത്രണം മുൻകൂട്ടി അറിയിക്കുമെങ്കിൽ ഇന്നലെ കോട്ടയത്തും കൊച്ചിയിലും ഒരു മുന്നറിയിപ്പുമില്ലാതെയാണ് ജനങ്ങളെ മണിക്കൂറുകളോളം തടഞ്ഞിട്ടത്.
കനത്ത പ്രതിഷേധം നടക്കുന്നതിനാൽ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നു ഡിജിപി എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും നിർദ്ദേശം നൽകിയിരുന്നു. ഇന്റലിജൻസ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണിത്. നിലവിലുള്ള സെഡ് പ്ലസ് സുരക്ഷയ്ക്കു പുറമേ വാഹന വ്യൂഹത്തിൽ 7 ആയുധധാരികൾ അടക്കം 25 കമാൻഡോകളുടെ ദ്രുതകർമസേനയും ഓരോ റൂട്ടിലും പ്രാദേശിക സിഐയുടെ നേതൃത്വത്തിൽ മുൻകൂർ റോഡ് ക്ലിയറിങ് പാർട്ടിയും ഏർപ്പെടുത്തി. പ്രധാനമന്ത്രി വരുമ്പോൾ റോഡിന്റെ വശങ്ങളിൽ താൽക്കാലികമായി കെട്ടുന്ന ബാരിക്കേഡ് മാത്രമില്ല.
മുഖ്യമന്ത്രിക്കും ഗവർണർക്കുമാണു സംസ്ഥാനത്തു സെഡ് പ്ലസ് സുരക്ഷയുള്ളത്. കേന്ദ്രസംസ്ഥാന സുരക്ഷാ ഏജൻസികളുടെ റിപ്പോർട്ട് കണക്കിലെടുത്തു സുരക്ഷാ ഭീഷണി അവലോകനം ചെയ്താണ് ഏതു വിഭാഗത്തിൽ സുരക്ഷ നൽകണമെന്നു തീരുമാനിക്കുന്നത്. സുരക്ഷാ ഭീഷണിയില്ലെന്നു രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് നൽകിയാൽ അധിക സുരക്ഷ പിൻവലിക്കും. ഭീഷണിയുണ്ടെങ്കിൽ സുരക്ഷ വർധിപ്പിക്കും. പ്രധാനമന്ത്രിക്ക് എസ്‌പിജി (സ്‌പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്) സംരക്ഷണമാണെങ്കിൽ രാജ്യത്തെ പ്രധാന നേതാക്കൾക്കും മുഖ്യമന്ത്രിമാർക്കും സെഡ് പ്ലസ് സുരക്ഷയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ വ്യൂഹത്തിൽ അഡ്വാൻസ് പൈലറ്റ്, പൈലറ്റ്, എസ്‌കോർട്ട് 1, എസ്‌കോർട്ട് 2, ആംബുലൻസ്, സ്‌പെയർ വാഹനം, സ്‌ട്രൈക്കർ ഫോഴ്‌സ് എന്നിവയാണുള്ളത്. അഡ്വാൻസ് പൈലറ്റ് നൽകിയതു മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള ആവശ്യപ്രകാരമാണ്. മുഖ്യമന്ത്രിയുടെ പൊതുപരിപാടി നടക്കുന്ന സ്ഥലങ്ങളിൽ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും അഗ്‌നിശമന സേനയും മെഡിക്കൽ സംഘവും ഉണ്ടാകും. കേരള പൊലീസിന്റെ കമാൻഡോകളാണു സുരക്ഷാ സംഘത്തിലുള്ളത്. വാഹന വ്യൂഹത്തിൽ സാഹചര്യം കണക്കിലെടുത്ത് കമാൻഡോകളുൾപ്പെടെ 50 ഉദ്യോഗസ്ഥർ വരെയുണ്ടാകും.
ജില്ലകളിൽ എസ്‌പിമാരാണു മുഖ്യമന്ത്രിക്കും മറ്റു വിഐപികൾക്കും സുരക്ഷ ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നത്. മുഖ്യമന്ത്രി കടന്നുപോകുന്ന വഴികളിൽ ഇരുവശത്തും 100 മീറ്റർ അകലത്തിൽ പൊലീസുകാരെ വിന്യസിക്കും. പ്രധാന റോഡിലേക്ക് ഇടറോഡുകളിൽനിന്നുള്ള ഗതാഗതം നിയന്ത്രിക്കും. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിലെ സുരക്ഷാ നിയന്ത്രണം എസ്‌പിക്കായിരിക്കും. വേദിയും പരിസരവും 2 മണിക്കൂർ മുൻപു പൊലീസ് നിയന്ത്രണത്തിലാകും.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കെ സുരക്ഷാ സംവിധാനം പലപ്പോഴും എസ്‌കോർട്ട്, പൈലറ്റ് വാഹനങ്ങളിൽ ഒതുങ്ങിയിരുന്നു. തനിക്കും മന്ത്രിമാർക്കും പൈലറ്റും എസ്‌കോർട്ടും വേണ്ടെന്നായിരുന്നു 2016 ൽ അധികാരമേറ്റെടുത്തപ്പോൾ പിണറായിയും നൽകിയ നിർദ്ദേശം. അതിനെ സ്വാഗതം ചെയ്ത് ഇന്നത്തെ മന്ത്രി പി രാജീവ് അന്നു ഫേസ്‌ബുക്കിൽ ഇട്ട കുറിപ്പ് ഇന്നലെ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ