- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റീൽ ബോംബുമായി അക്രമികൾ എത്തിയത് മുഖ്യമന്ത്രിയുടെ വീട്ടിന് തൊട്ടടുത്ത്; അവിടെ നിന്ന് ബോംബ് എറിഞ്ഞാലും പിണറായിയുടെ വീട്ടിൽ വീഴുമായിരുന്നു; എന്നിട്ടും ഡോഗ് സ്‌ക്വാഡിനെ കൊണ്ടു വരാത്ത പൊലീസ്; രേഷ്മയുടെ വീട്ടിലെ അക്രമം നാണക്കേടാകുന്നത് പൊലീസിന്; ക്ലിഫ് ഹൗസിലെ കല്ലിടലിനൊപ്പം മറ്റൊരു വിവാദം
കണ്ണൂർ: പിണറായിയിലെ നിജിൽ ദാസിന്റെ അറസ്റ്റിനെത്തുടർന്ന് ഇയാൾ ഒളിവിൽ താമസിച്ച പാണ്ട്യാല മുക്കിലെ വീടിനു നേരെയുണ്ടായ ആക്രമണവും ബോംബേറും പാർട്ടിക്കും പൊലീസിനും മറ്റൊരു വലിയ നാണക്കേടായി. മുഖ്യമന്ത്രിയുടെ വീട്ടിന് പുറകിലൂടെ പോയാൽ നൂറു മീറ്റർ ദൂരമാണ് ഈ വീട്ടിലേക്കുള്ളത്. ഇവിടെയാണ് സ്റ്റീൽ ബോംബ് ആക്രമണം നടന്നത്. എന്നാൽ പ്രതികളെ ഇതുവരെ പിടിക്കാനും പൊലീസിന് കഴിഞ്ഞിട്ടില്ല. അതീവ സുരക്ഷാ മേഖലയിൽ സ്റ്റീൽ ബോംബ് എത്തിയതാണ് പൊലീസിനെ ഞെട്ടിക്കുന്നത്.
കുറച്ചു ദിവസം മുമ്പ് മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിലെ മതിൽ ചാടിക്കടന്ന് യുവമോർച്ചാ പ്രവർത്തകർ കെ റെയിൽ കുറ്റി വീട്ടു വളപ്പിൽ സ്ഥാപിച്ചിരുന്നു. ഇതിലും വലിയ വീഴ്ചയാണ് സ്റ്റീൽ ബോംബുമായി മുഖ്യമന്ത്രിയുടെ വീട്ടിന് അടുത്ത് വരെ അക്രമികൾ എത്തിയത്. ഇതേ സ്ഥലത്ത് നിന്ന് ബോംബ് വേണമെങ്കിൽ മുഖ്യമന്ത്രിയുടെ വീട്ടിലേക്കും എറിയാവുന്നതാണ്. എന്നിട്ടും വീട് ആക്രമിച്ചവരെ ഇനിയും പൊലീസിന് പിടിക്കാനായിട്ടില്ല. അന്വേഷണം സിപിഎമ്മിലേക്ക് തിരിയാതിരിക്കാനാണ് ഇതെന്നും ആക്ഷേപമുണ്ട്.
ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടെ വീടിന് മുഴുവൻ സമയവും പൊലീസ് സുരക്ഷയുണ്ട്. മാത്രമല്ല, നൈറ്റ് പട്രോളിങ് ഉൾപ്പെടെ സദാസമയവും പൊലീസ് റോന്തുചുറ്റുന്ന മേഖലയുമാണ് ഇത്. അറസ്റ്റ് നടന്നതിനെത്തുടർന്ന് അക്രമത്തിനു സാധ്യതയുണ്ടെന്ന വിവരം രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പും നൽകിയിരുന്നു. എന്നിട്ടും ബോംബാക്രമണം നടന്നു.
രാത്രി എട്ടരയോടെയാണ് വീടിനു നേരെ ആക്രമണമുണ്ടായത്. ഒരു സംഘം വീട്ടിലെത്തി വീടിനു ചുറ്റുമുള്ള ജനൽച്ചില്ലുകളെല്ലാം അടിച്ചു തകർക്കുകയായിരുന്നു. തുടർന്ന് വീടിനു പുറത്തുണ്ടായിരുന്ന രണ്ട് ചൂരൽ കസേരകൾ മുറ്റത്തെ കിണറ്റിലേക്കു വലിച്ചെറിഞ്ഞു. ഇതിനു ശേഷമായിരുന്നു സ്റ്റീൽ ബോംബ് ആക്രമണം. രണ്ടു ബോംബുകളാണ് വീടിനു നേരെ എറിഞ്ഞത്.
ഒന്ന് വരാന്തയിലേക്കുള്ള കയറുന്ന പടിയിലും മറ്റൊന്ന് ചുമരിലും വീണാണ് പൊട്ടിയത്. ഉഗ്രസ്‌ഫോടന ശേഷിയുള്ള ബോംബുകളാണ് എറിഞ്ഞതെന്ന് രാത്രിയിൽ വീട്ടിൽ പരിശോധന നടത്തിയ ബോംബ് സ്‌ക്വാഡും സ്ഥിരീകരിച്ചു. വീട് ആക്രമിക്കാനുള്ള സ്റ്റീൽ ബോംബ് എവിടെനിന്നു അക്രമികൾക്ക് കിട്ടിയെന്നതാണ് ഉയരുന്ന ചോദ്യം.
രാത്രിതന്നെ ബോംബ് സ്‌ക്വാഡും രാവിലെ ഫൊറൻസിക് സംഘവും വീട് പരിശോധിച്ചെങ്കിലും ഡോഗ് സ്‌ക്വാഡിനെ കൊണ്ടുവരാത്തത് വീട് ആക്രമിച്ച കേസിലെ പ്രതികളെ സംരക്ഷിക്കാനെന്ന വാദവും പ്രശാന്തിന്റെ ബന്ധുക്കളിൽ ചിലർ ഉയർത്തുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ പിണറായി പാണ്ട്യാലമുക്കിലെ വസതിയുടെ പ്രധാന ഗേറ്റിൽ നിന്നും ഏകദേശം 200 മീറ്റർ ചുറ്റളവിലാണ് പൊലീസ് പിടികൂടിയ കേസിലെ മുഖ്യപ്രതിയും ആർ. എസ്. എസ് നേതാവുമായ നിജിൽദാസ് ഒന്നരമാസത്തിലേറെയായി താമസിച്ചിരുന്നത്. ഈ കാലയളവിൽ പലതവണ മുഖ്യമന്ത്രി കണ്ണൂർ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുകയും വീട്ടിൽ താമസിക്കുകയും ചെയ്തിട്ടുണ്ട്. പാർട്ടി കോൺഗ്രസിന് ശേഷം കഴിഞ്ഞയാഴ്‌ച്ചയാണ് അദ്ദേഹം തിരിച്ചു തിരുവനന്തപുരത്തേക്ക് മടങ്ങിയത്.
പാർട്ടികോൺഗ്രസ്, സർക്കാരിന്റെ ഒന്നാംവാർഷികം, പിണറായി പെരുമ സാംസ്‌കാരികോത്സവം മണ്ഡലത്തിലെ വിവിധ ഉദ്ഘാടനപരിപാടികൾ എന്നിവയിൽ എല്ലാം പങ്കെടുക്കാനായി ആണ് ദിവസങ്ങളോളം പിണറായിയിലെ വീട്ടിൽ മുഖ്യമന്ത്രി തങ്ങിയത്. വിഷുദിനത്തിലും മുഖ്യമന്ത്രി വീട്ടിലുണ്ടായിരുന്നു. മാവോയിസ്റ്റ് ഭീഷണിയുള്ളതിനാൽ കനത്ത പൊലിസ് സുരക്ഷയേർപ്പെടുത്തിയിരുന്നു മുഖ്യമന്ത്രിക്ക് കണ്ണൂരിൽ. എന്നിട്ടും പ്രതിയുടെ അയൽ വീട്ടിലെ താമസം പൊലീസ് അറിഞ്ഞില്ല. സിപിഎം പാർട്ടി ഗ്രാമമാണ് പിണറായി. ഇവിടെ പാർട്ടിക്കും രഹസ്യാന്വേഷണ സംവിധാനമുണ്ട്. എന്നിട്ടും പാർട്ടിക്കും ഇതൊന്നും അറിയാനായില്ല.
മുഖ്യമന്ത്രി നാട്ടിലുണ്ടെങ്കിലും ഇല്ലെങ്കിലും സ്ഥിരമായി ഇവിടെ ഒരു വണ്ടി പൊലിസ് കാവൽ ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞയാഴ്‌ച്ച ഇവിടെ കനത്ത പൊലിസ് സുരക്ഷയാണുണ്ടായിരുന്നത്. പിണറായി പഞ്ചായത്തിലെ ചില കേന്ദ്രങ്ങളിൽ ആർ. എസ്. എസ്, ബിജെപി കേന്ദ്രങ്ങൾ വളർന്നു വരുന്നത് നേരത്തെ സി.പി. എമ്മിൽ ചർച്ചയായിരുന്നു. മുഖ്യമന്ത്രിയുടെ വീടിനടുത്താണ് പുത്തൻങ്കണ്ടമെന്ന ആർ. എസ്. എസ് ഗ്രാമം. നേരത്തെ പിണറായി ഒന്നാം സർക്കാരിന്റെ വിജയാഹ്ളാദം നടക്കുന്നതിനിടെ പുത്തങ്കണ്ടത്തിനടുത്തുള്ള റോഡിൽ വെച്ചുണ്ടായ സംഘർഷത്തിൽ വാഹനം മറിഞ്ഞ് രവീന്ദ്രനെന്ന സി.പി. എം പ്രവർത്തകൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിനു ശേഷം കനത്ത ജാഗ്രതയാണ് പൊലിസ് ഇവിടെ പുലർത്തിയിരുന്നത്.
സിപിഎം പ്രവർത്തകനും ന്യൂമാഹി പുന്നോലിലെ മത്സ്യ തൊഴിലാളിയുമായ കെ ഹരിദാസനെ ബന്ധുക്കളുടെ മുന്നിലിട്ട് വെട്ടിക്കൊന്ന കേസിൽ ആർഎസ്എസ് തലശേരി ഖണ്ഡ് കാര്യവാഹക് പുന്നോൽ ചെള്ളത്ത് മടപ്പുരക്കടുത്ത പാറക്കണ്ടി വീട്ടിൽ നിജിൽ ദാസാണ് (38) വെള്ളിയാഴ്‌ച്ച പുലർച്ചെ ഒരുമണിയോടെ പിടിയിലാകുന്നത്. രഹസ്യവിവരമനുസരിച്ചു ഇയാളെ വീടുവളഞ്ഞാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടുന്നത്.
മറുനാടന് മലയാളി ബ്യൂറോ