തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ ഏതു ഉന്നതനാണ് അതിന് പിന്നിൽ പ്രവർത്തിച്ചതെങ്കിലും രക്ഷപ്പെടില്ലെന്ന് വ്യക്തമാക്കി ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി പിണറായി. കേസന്വേഷണത്തിന്റെ ഗതിവിഗതികൾ പുരോഗമിക്കുമ്പോൾ ഇതുവരെ ഒന്നും പറയാതിരുന്ന മുഖ്യമന്ത്രി ഏറെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് കേസിന്റെ കാര്യത്തിൽ എന്തെങ്കിലും തുറന്നുപറയുന്നത്.

എത്ര വലിയ മീനായാലും വലയിൽ കുടുങ്ങുമെന്നും തെറ്റുചെയ്ത ആരെയും രക്ഷിക്കാൻ അനുവദിക്കില്ലെന്നുമാണ് പിണറായി ഇപ്പോൾ പ്രസ്താവിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ്, നാദിർഷാ തുടങ്ങി ഉന്നതരിലേക്കുവരെ അന്വേഷണം നീളുന്നതിനിടെയാണ് മുഖ്യമന്ത്രി ഇതാദ്യമായി കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നത്. കേസ് ഒതുക്കാൻ ശ്രമം നടക്കുന്നുവെന്നതു ഉൾപ്പെടെ ആരോപണത്തിന് ഇടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.

പൊലീസിന് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും അന്വേഷണം ശരിയായ ദിശയിൽ തന്നെയാണ് മുന്നോട്ടുപോകുന്നതെന്നും പിണറായി വ്യക്തമാക്കി. ഇതോടെ കേസിൽ ഉൾപ്പെട്ട വമ്പന്മാർ ഉൾപ്പെടെയുള്ളവർക്കെതിരെ സർക്കാർ ശക്തമായി നീങ്ങുമെന്ന നിലപാടുതന്നെയാണ് മുഖ്യമന്ത്രിയും വ്യക്തമാക്കുന്നത്.

ഇക്കാര്യത്തിൽ ആശങ്കവേണ്ടെന്നും സർക്കാർ ഇരകൾക്കൊപ്പം തന്നെയാണെന്നുമുള്ള സൂചനയുമായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം പുറത്തുവരുന്നത്. തെറ്റു ചെയ്ത ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ല. കേസന്വേഷണത്തിൽ പൊലീസിന് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട. അന്വേഷണം ശരിയായ ദിശയിൽ തന്നെയാണ് മുന്നോട്ടുപോകുന്നത്. എത്രവലിയ മീനായാലും വലയിൽ വീണിരിക്കും.- ഫേസ്‌ബുക്ക് പോസ്റ്റിൽ പിണറായി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ പൂർണരൂപം:

കൊച്ചിയിൽ ചലച്ചിത്രനടി ആക്രമിക്കപ്പെട്ട കേസിൽ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടു പോകുന്നത്.

തെറ്റ് ചെയ്ത ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ല. നടിയെ ആക്രമിച്ച പ്രതികളെ പൊലീസ് വൈകാതെ പിടികൂടിയിരുന്നു. അതിനു ശേഷവും പൊലീസ് ഈ കേസിന്റെ പിറകെയായിരുന്നു. കേസുകൾ അന്വേഷിക്കുന്നതിന് പൊലീസിന് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. അവർക്ക് ധൈര്യമായി മുന്നോട്ടുപോകാം. എത്ര വലിയ മീനായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പൊലീസിന്റെ വലയിൽ വീഴും. ഇക്കാര്യം വനിതാ സംഘടനാ നേതാക്കളുടെ യോഗത്തിൽ ഇന്ന് വിശദമായി സംസാരിച്ചു.