തൃശൂർ: ഗുരുവായൂർ ക്ഷേത്ര മതിൽക്കെട്ടിൽ പേരുള്ള ആദ്യ മുഖ്യമന്ത്രിയെന്ന ഖ്യാതി ഇനി കമ്മ്യൂണിസ്റ്റുകാരനായ പിണറായി വിജയന് സ്വന്തം. തെക്കേ ക്ഷേത്ര മതിലിൽ സ്ഥാപിച്ച പിണറായിയുടെ പേരുള്ള ഫലകമാണ് ഗുരുവായൂരിൽ പുതിയ വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പദ്ധതിയായ 'പ്രസാദ'ത്തിന്റെ ഭാഗമായി സ്ഥാപിച്ച 307 നിരീക്ഷണ ക്യാമറകളുടെ ഉദ്ഘാടനം കഴിഞ്ഞാഴ്ച
പിണറായി വിജയൻ നിർവഹിച്ചിരുന്നു.

ഊരാളുങ്കൽ സൊസൈറ്റിയാണ് നിരീക്ഷണ ക്യാമറകൾ ഇൻസ്റ്റാൾ ചെയ്തത്. ഇതിന്റെ ഉദ്ഘാടന ഫലകം തെക്കേ ക്ഷേത്രമതിലിൽ സ്ഥാപിച്ച ദേവസ്വം ബോർഡിന്റെ നീക്കത്തിനെതിരെയാണ് പ്രതിഷേധവുമായി വിശ്വാസികൾ രംഗത്തെത്തിയത്. ഗുരുവായൂരിൽ ക്ഷേത്രവുമായി ബന്ധപ്പെട്ട് മുമ്പും പല വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ ക്ഷേത്ര മതിൽകെട്ടിൽ ഫലകം വയ്ക്കുന്ന പതിവില്ല. ഇത് ക്ഷേത്ര മര്യാദകളുടെ ലംഘനമാണെന്നാണ് വിശ്വാസികളുടെ പക്ഷം.

ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാതിരുന്ന കടകംപള്ളി സുധാകരന്റെ പേരും ഫലകത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട് ദേവസ്വംബോർഡിന്റെ നടപടിക്കെതിരെ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ടി.വി ചന്ദ്രമോഹനും രംഗത്തെത്തി. ഗുരുവായൂരപ്പന്റെ ഭക്തനായ കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നിരവധി പദ്ധതികൾ അദേഹം ഗുരുവായൂരിൽ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. എന്നാൽ കരുണാകരന്റെ പേര്് ക്ഷേത്ര മതിൽക്കെട്ടിൽ എവിടെയും സ്ഥാപിക്കാൻ തയ്യാറായിട്ടില്ലെന്നും ടി വി ചന്ദ്രമോഹൻ പറഞ്ഞു.

എന്നാൽ വിവാദങ്ങൾ അനാവശ്യമാണെന്ന് ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ് പറഞ്ഞു. ശിലാഫലകം ക്ഷേത്ര മതിൽക്കെട്ടിൽ സ്ഥാപിച്ചതിൽ ക്ഷേത്ര മര്യാദകളുടെ ലംഘനമല്ല. നിരീക്ഷണ ക്യാമറകളുടെ ഉദ്ഘാടനം നടത്തിയ ഫലകമാണ് മതിൽക്കെട്ടിൽ സ്ഥാപിച്ചിരിക്കുന്നത്. ഇത് വച്ചതുകൊണ്ട് വിശ്വാസികൾക്ക് ക്ഷേത്രവും പരിസരവും ക്യാമറകളുടെ നിരീക്ഷണത്തിലാണെന്ന് ബോധ്യപ്പെടുത്താനാകുമെന്നും അദേഹം അവകാശപ്പെട്ടു.