തിരുവനന്തപുരം: അമേരിക്കയിലെ മയോ ക്ലിനിക്കിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചികിത്സയ്ക്കായി 29,82,039 രൂപ അനുവദിച്ച് സർക്കാർ. ജനുവരി 11 മുതൽ 26 വരെയുള്ള കാലയളവിലാണ് മുഖ്യമന്ത്രി മയോ ക്ലിനിക്കിൽ ചികിത്സ തേടിയത്. കഴിഞ്ഞ 30 ന് മുഖ്യമന്ത്രി സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് പൊതുഭരണം (അക്കൗണ്ട്‌സ്) വിഭാഗം പണം അനുവദിച്ചത്.

കേരളത്തിന്റെ ആരോഗ്യ മോഡൽ മികച്ചതാണെന്ന് വാദിക്കുന്ന വ്യക്തിയാണ് മുഖ്യമന്ത്രി. എന്തും എതും കേരളത്തിലെ ആശുപത്രികളിൽ ലഭ്യമാണെന്ന് അകാശപ്പെടുന്ന മുഖ്യമന്ത്രി. എന്നാൽ തന്റെ ചികിൽസയ്ക്ക് മുഖ്യമന്ത്രി പോകുന്നത് അമേരിക്കയിലാണ്. ചൈനയെ പിന്തുണയ്ക്കുകയും അമേരിക്കയെ വിമർശിക്കുകയും ചെയ്യുന്ന സിപിഎം നയം പോലും ഇക്കാര്യത്തിൽ മറക്കുന്നു. അങ്ങനെ ചികിൽസയ്ക്ക് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുമ്പോൾ അതും ഖജനാവിന്റെ ബാധ്യതയാകുന്നുവെന്നതാണ് വസ്തുത.

ജനുവരി 11 മുതൽ 26 വരെയുള്ള മുഖ്യമന്ത്രിയുടെ ചികിൽസക്കാണ് ഇത്രയും തുക ചെലവായത്. ചെലവായ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ 30-3-22 ൽ സമർപ്പിച്ച അപേക്ഷ പൊതുഭരണ വകുപ്പ് അകൗണ്ട്‌സ് വിഭാഗം പരിശോധിച്ചു. ഈ മാസം 13ന് മുഖ്യമന്ത്രിക്ക് ചെലവായ 29.82 ലക്ഷം അനുവദിച്ച് പൊതുഭരണ അക്കൗണ്ട്‌സ് വിഭാഗം ഉത്തരവിറക്കി. തുടർ പരിശോധനയിൽ ക്രമപ്രകാരമല്ലാതെയോ അധികമായോ തുക മാറി നൽകിയതായി കാണുന്ന പക്ഷം മുഖ്യമന്ത്രി പ്രസ്തുത തുക തിരിച്ച് അടക്കണം എന്നും ഉത്തരവിൽ നിഷ്‌കർഷിക്കുന്നു.

മുഖ്യമന്ത്രിയുടെ ചികിൽസക്ക് മാത്രം ചെലവായ തുകയാണിത്. വിമാന യാത്ര, മറ്റ് അനുബന്ധ ചെലവുകൾ എന്നിവക്ക് ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കുന്ന മുറക്ക് പൊതുഭരണ വകുപ്പ് തുക അനുവദിക്കും. ഭാര്യ കമല , പേഴ്‌സണൽ അസിസ്റ്റന്റ് സുനിഷ് എന്നിവർ അമേരിക്കൻ യാത്രയിൽ മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു. ഇവരുടെ ചെലവും സർക്കാർ ഖജനാവിൽ നിന്നാണ് വഹിക്കുന്നത്.

അമേരിക്കൻ യാത്ര കഴിഞ്ഞ് മുഖ്യമന്ത്രി ദുബായിലേക്കാണ് പോയത്. ഒരാഴ്ചത്തെ പരിപാടിക്ക് ശേഷമാണ് മുഖ്യമന്ത്രി ദുബായിൽ നിന്ന് സംസ്ഥാനത്ത് എത്തിയത്. ഇക്കാലയളവിൽ കാബിനറ്റ് മീറ്റിംഗിൽ മുഖ്യമന്ത്രി ഓൺലൈനായി ആണ് പങ്കെടുത്തത്. താമസിയാതെ മുഖ്യമന്ത്രി വീണ്ടും അമേരിക്കയിൽ ചികിൽസയ്ക്ക് പോകുമെന്നാണ് റിപ്പോർട്ട്. അങ്ങനെ വരുമ്പോൾ എല്ലാ വർഷവും മുഖ്യമന്ത്രിക്ക് അരക്കോടിയോട് അടുത്തുള്ള ചികിൽസാ ചെലവ് ഖജനാവിന് വഹിക്കേണ്ടി വരും.

ഖജനാവിൽ നിന്ന് പണം ഒഴുക്കുമ്പോഴും മുഖ്യമന്ത്രിയുടെ അസുഖ വിവരം പോലും പുറത്തു വിട്ടിട്ടില്ല. എല്ലാ രോഗത്തിനും ചികിൽസ കേരളത്തിൽ തന്നെ ഉള്ളപ്പോൾ എന്തിനാണ് അമേരിക്കൻ യാത്ര എന്ന ചോദ്യത്തിനും ആർക്കും ഉത്തരമില്ല.