- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിരിയാണി ചെമ്പിൽ സ്വർണം കൊണ്ടുവന്നെന്ന് കേട്ടപ്പോഴാണ് താനും അറിഞ്ഞത്; മഴവെള്ളപ്പാച്ചിൽ പോലെ വന്നത് ജനങ്ങൾ തള്ളി; ഞങ്ങളുടെ ജീവിതം ജനങ്ങൾക്കു മുമ്പിലുള്ള തുറന്ന പുസ്തകമാണ്; വിഷയം കത്തിച്ചാൽ വിജയനെയും സർക്കാരിനെയും തകർക്കാമെന്ന് മോഹം; സ്വപ്നയുടെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ
തിരുവനന്തപുരം: സ്വപ്ന സുരേഷ് രഹസ്യ മൊഴി നൽകിയതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ ആ ആരോപണങ്ങളോട് നേരിട്ട് പ്രതികരിച്ചിരുന്നില്ല. ഇന്ന് വാർത്താ സമ്മേളനം നടത്തിയപ്പോഴാണ് ഇത് സംബന്ധിച്ച ചോദ്യം ഉയർന്നു വന്നത്. ഈ ആരോപണത്തിന് അദ്ദേഹം മറുപടി നൽകുകയും ചെയ്തു. ബിരിയാണി ചെമ്പിൽ സ്വർണം കടത്തിയെന്നത് അടക്കമുള്ള ആരോപണങ്ങൾക്ക് പരിഹസിച്ചു കൊണ്ടാണ് അദ്ദേഹം മറുപടി നൽകിയതും.
സ്വർണ്ണക്കടത്ത് ആരോപണം കൊണ്ടൊന്നും തന്റെ പൊതുജീവിതം തകരില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുൻപ് എന്തൊക്കെ കൊണ്ടുവന്നു. എന്നിട്ട് 99 സീറ്റാണ് കിട്ടിയത്. ബിരിയാണി ചെമ്പിൽ സ്വർണം കൊണ്ടുവന്നെന്ന് കേട്ടപ്പോഴാണ് താനും അറിഞ്ഞത്. വിഷയം കത്തിച്ചാൽ വിജയനെയും സർക്കാരിനെയും തകർക്കാമെന്ന് മോഹം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജീവിതം തുറന്ന പുസ്തകം ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മഴവെള്ളപ്പാച്ചിൽ പോലെ വന്നത് ജനങ്ങൾ തള്ളി. ഞങ്ങളുടെ ജീവിതം ജനങ്ങൾക്കുമുമ്പിൽ ഉള്ള തുറന്ന പുസ്തകമാണ്. അടച്ചിട്ട മുറിയിലെ ചർച്ച എന്ന സ്വപ്നയുടെ ആരോപണത്തെ സംബന്ധിച്ച് നേരത്തെ തന്നെ വിശദീകരിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വപ്ന വന്നപ്പോഴെല്ലാം കോൺസുൽ ജനറലും കൂടെയുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം പ്രതിപക്ഷ നേതാവ് മാധ്യമപ്രവർത്തകരോട് ഭീഷണി സ്വരത്തിൽ സംസാരിച്ചുവെന്ന് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പത്രസമ്മേളനത്തിൽ പങ്കെടുക്കുന്ന ആളെ ഇറക്കിവിടുമെന്ന് ഭീഷണി സ്വരത്തിൽ പറയുന്നത് ഇവിടെ ആദ്യമായി നടന്ന കാര്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസാരിക്കുന്ന ആളുടെ ഇഷ്ടത്തിനല്ലല്ലോ മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കുന്നത്. പ്രതിപക്ഷ നേതാവിനോട് അങ്ങനെ ചോദ്യം ചോദിച്ചപ്പോൾ അവിടെ ഉണ്ടായ മറുപടി ദൃശ്യമാധ്യമങ്ങളിൽ കണ്ടതാണ്. പത്രസമ്മേളനത്തിൽ പങ്കെടുത്ത ആളെ ഇറക്കിവിടുമെന്ന് ഭീഷണി സ്വരത്തിൽ പറയുന്നത് ഇവിടെ ആദ്യമായി നടന്ന കാര്യമായിരിക്കും. അതിന്റെ തുടർച്ചയായി, ചില കൈകൾ അറുത്തുമാറ്റും എന്ന് പറഞ്ഞുകൊണ്ടുള്ള അണികളുടെ ആക്രോശങ്ങളും വന്നിട്ടുണ്ട്.
ഇവിടെ രണ്ട് സമീപനം കൃത്യമായി കാണണം. തെറ്റായ ഒരു കാര്യം സംഭവിച്ചപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ അതിനെ തള്ളിപ്പറഞ്ഞ ഒരു സംസ്കാരം. അതിനെതിരെ കർക്കശമായ നടപടിയെടുക്കാൻ തയ്യാറായ ഭരണരീതി. എന്നാൽ നമ്മുടെ സംസ്ഥാനത്ത് ഇത്തരത്തിലുള്ള സമീപനം തന്നെയാണോ നേരത്തെ നടന്നിട്ടുള്ളത് എന്ന് ചിന്തിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
'മര്യാദക്കിരിക്കണം, അല്ലെങ്കിൽ ഇറക്കിവിടും' -എന്ന് ഒരു പത്രസമ്മേളനത്തിൽ കേട്ട വാചകമല്ലേ ഇത്? എനിക്ക് സുഖിക്കുന്ന ചോദ്യങ്ങളല്ലല്ലോ നിങ്ങളും ചോദിക്കുക. അതിന് ഞാൻ മറുപടി പറയാൻ ബാധ്യസ്ഥനാണല്ലോ. ചിലപ്പോൾ മറുപടി പറയാതിരിക്കാം. അതിനപ്പുറം ചോദിച്ച ആളോട് ഇങ്ങനെയാണോ പറയേണ്ടത്. അതാണോ രീതി. ചോദ്യങ്ങളെ ഭയപ്പെടുന്ന അവസ്ഥ ഉണ്ടാകരുതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ