കണ്ണൂർ: സിൽവർ ലൈൻ വിഷയത്തിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്താണ് കെ റെയിലിനോടുള്ള ജനങ്ങളുടെ മനോഭാവമെന്ന് മുരളീധരൻ നേരിട്ട് അനുഭവിച്ചതാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. ഇങ്ങനെയുള്ള കേന്ദ്രമന്ത്രിമാരുണ്ടായാൽ എന്താണ് സ്ഥിതിയെന്ന് ആലോചിച്ച് നോക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും ഒരു കേന്ദ്രമന്ത്രി ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെ പദ്ധതിയെ തകർക്കാൻ വേണ്ടി നാട്ടുകാരുടെ ഇടയിൽ ഇറങ്ങി പ്രവർത്തിക്കുമോ. ഇതു പോലെ നാട്ടുകാരുടെ കഠിനമായ എതിർപ്പ് വാങ്ങി പോകേണ്ട ഗതികേട് ഒരു മന്ത്രിക്ക് ഉണ്ടാകാൻ പാടുണ്ടോ. എന്തിനാണ് ഇവർ നാടിന്റെ താൽപര്യത്തിന് എതിരായി നിൽക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകൾ: എന്താണ് കെ റെയിലിനോടുള്ള ജനങ്ങളുടെ മനോഭാവമെന്ന് നമ്മുടെ കേന്ദ്രമന്ത്രിക്ക് നേരിട്ട് അനുഭവപ്പെട്ടിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. ഇങ്ങനെയുള്ള കേന്ദ്രമന്ത്രിമാരുണ്ടായാൽ എന്താണ് സ്ഥിതിയെന്ന് ആലോചിച്ച് നോക്ക്. ഏതെങ്കിലും ഒരു കേന്ദ്രമന്ത്രി ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെ പദ്ധതിയെ തകർക്കാൻ വേണ്ടി നാട്ടുകാരുടെ ഇടയിൽ ഇറങ്ങി പ്രവർത്തിക്കുമോ. ഇതു പോലെ നാട്ടുകാരുടെ കഠിനമായ എതിർപ്പ് വാങ്ങി പോകേണ്ട ഗതികേട് ഒരു മന്ത്രിക്ക് ഉണ്ടാകാൻ പാടുണ്ടോ. എന്തിനാണ് ഇവർ നാടിന്റെ താൽപര്യത്തിന് എതിരായി നിൽക്കുന്നത്.

ഞാൻ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ കണ്ടതാണ്. എത്ര ആരോഗ്യകരമായ സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. ഇത് ഞാൻ പരസ്യമായി പറഞ്ഞതാണ്. അങ്ങേയറ്റം ആരോഗ്യകരമായ സമീപനമായിരുന്നു. എങ്ങനെയാണ് അദ്ദേഹത്തിന്റെ കീഴിലുള്ള മന്ത്രിസഭയിലെ ഒരു അംഗം ഇത്തരത്തിലൊരു നിലപാട് സ്വീകരിക്കുന്നതെന്ന് മനസിലാകുന്നില്ല. ഇവിടെ സാമൂഹികാഘാത പഠനമാണ് നടക്കുന്നത്.

ഈ പഠനത്തിന്റെ ഭാഗമായാണ് കാര്യങ്ങൾ നിശ്ചയിക്കേണ്ടത്. ആ പഠനം നടക്കട്ടെയെന്ന് സുപ്രീംകോടതി വരെ പറഞ്ഞതാണ്. ഇക്കാര്യത്തിൽ മറ്റ് ആശങ്കകളൊന്നും നമ്മുടെ യഥാർത്ഥ വസ്തു ഉടമകൾക്കില്ല. ഭൂമി ഏറ്റെടുക്കേണ്ടി വന്നിൽ ആവശ്യമായ നഷ്ടപരിഹാരമാണ് അവർക്ക് നൽകുന്നത്. നാട് വികസിക്കണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. അവരുടെ വികാരത്തിന് എതിരായിട്ടാണ് കോൺഗ്രസും ബിജെപിയും നിൽക്കുന്നത്. വികസന പദ്ധതികൾ നടപ്പാക്കുക എന്നതാണ് സർക്കാരിന്റെ ചുമതല. ഇടതുപക്ഷ സർക്കാരും ആ നില തന്നെ സ്വീകരിക്കാൻ തന്നെയാണ് ഉദേശിക്കുന്നത്. സിൽവർ ലൈൻ നാടിന്റെ ഭാവിക്ക് ആവശ്യമാണ്. വരുംതലമുറയ്ക്ക് ഒഴിച്ച് കൂടാനാവാത്ത പദ്ധതിയാണ്. അതുകൊണ്ട് പദ്ധതി നടപ്പാക്കുക തന്നെ ചെയ്യും.

അതേസമയം കേരളത്തിലുള്ളത് നിക്ഷേപ സൗഹൃദ അന്തരീക്ഷമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. സർവ തല സ്പർശിയായ വികസനമാണ് കേരളം കണ്ടത്. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി അത്ര നല്ല നിലയിലല്ല. കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകുന്ന വിഹിതം വെട്ടി കുറയ്ക്കുന്നു. പ്രതിപക്ഷത്തിന് ശബ്ദിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്. കേരളത്തിന് അർഹമായ വിഹിതം നൽകണമെന്ന് പ്രതിപക്ഷം പറഞ്ഞോ. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാവുമെന്ന് സാധുക്കളായ ജനം വിശ്വസിച്ചു. അങ്ങനെ എംപിയായവർ പാർലമെന്റിൽ പോയി ഒന്നും സംസാരിച്ചില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കേരളത്തിൽ 62,000 കോടി രൂപയുടെ കിഫ്ബി പദ്ധതി തയ്യാറാക്കി കഴിഞ്ഞു. നാടിന്റെ വികസനത്തിന് ഒരു പക്ഷപാതവും എൽ ഡി എഫ് സർക്കാർ കാണിച്ചില്ല. പദ്ധതികൾ അനുവദിക്കുന്നതിൽ എൽ ഡി എഫ്, യു ഡി എഫ് എന്ന വേർതിരിവ് കണ്ടില്ല. ദേശീയ പാത വികസനത്തിന്റെ 25 ശതമാനം തുക സംസ്ഥാനം വഹിക്കണം. പ്രതിപക്ഷം എല്ലാറ്റിനെയും എതിർക്കുകയാണ്. പ്രതിപക്ഷ എതിർപ്പ് നോക്കിയല്ല സർക്കാർ പ്രവർത്തിക്കുക. ടൂറിസം വികസനത്തിൽ ജലപാത നിർണായകമാണ്.

നാടിനെ നവീകരിക്കുക എന്നതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ. യൂണിവേഴ്സിറ്റികളിൽ 1500 പുതിയ ഹോസ്റ്റൽ മുറികൾ ഉണ്ടാക്കും. 250 ഇന്റർനാഷണൽ ഹോസ്റ്റൽ മുറികളും പണിയും. നമ്മുടെ വിദ്യാഭ്യാസ കേന്ദ്രങ്ങൾ മെച്ചപ്പെടുമ്പോൾ വിദേശങ്ങളിൽ നിന്ന് കുട്ടികൾ പഠിക്കാൻ വരും. 20 ലക്ഷം പേർക്കെങ്കിലും തൊഴിൽ നൽകാൻ കഴിയും വിധമാണ് യുവാക്കൾക്കായി പദ്ധതികൾ ആവിഷ്‌കരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.