തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതിയെ ചൊല്ലി വിവാദം മുറുക്കുന്നതിനിടെ മറുപടിയുമായി മുഖ്യമന്ത്രി നിയമസഭയിൽ. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയുമായി മുന്നോട്ടു പോകും. പദ്ധതി ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി തുടങ്ങാൻ തടസ്സമാകുന്നതു സാമ്പത്തികമാണ്. ഇ. ശ്രീധരൻ ഉദ്ദേശിക്കുന്ന അതേ വേഗത്തിൽ സർക്കാരിനു നീങ്ങാൻ കഴിയുന്നില്ല. കേന്ദ്രാനുമതി കിട്ടിയതിനുശേഷം നിർമ്മാണം തുടങ്ങിയാൽ മതിയെന്നാണു സർക്കാരിന്റെ നിലപാട്. തിരക്കുണ്ടായിരുന്നതിനാലാണു ശ്രീധരൻ ആവശ്യപ്പെട്ടപ്പോൾ കാണാൻ കഴിയാതിരുന്നതെന്നും പിണറായി പറഞ്ഞു.

അതേസമയം, ഓടിച്ചത് ലൈറ്റ് മെട്രോയെ അല്ല ശ്രീധരനെ തന്നെയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനു വേണ്ടി ഇടതു സർക്കാർ കൗശലപൂർവം കരുക്കൾ നീക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. അതേസമയം, ലാഭത്തിലല്ലെന്നു കരുതി കെഎസ്ആർടിസി പൂട്ടുമോയെന്ന് കെ. മുരളീധരൻ എംഎൽഎ ചോദിച്ചു. വിഷയത്തിൽ അടിയന്തരപ്രമേയത്തിനു നോട്ടിസ് നൽകി സംസാരിക്കുകയായിരുന്നു ഇരുവരും.

അതേസമയം ലോകോത്തര നിലവാരത്തിൽ കൊച്ചി മെട്രോ നടപ്പിലാക്കിയ മെട്രോമാനെ സൈബർ ലോകത്തും അവഹേളിച്ചു കൊണ്ടിരിക്കയാണ് സിപിഎം അണികൾ. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിൽ പ്രോട്ടോകോൾ പ്രകാരം ആദ്യം ശ്രീധരനെ ഉൾപ്പെടുത്തിയില്ല. ശ്രീധരനെ പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിവാക്കിയത് സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയത് സിപിഎം സൈബർ സഖാക്കളാണ്. വിഷയം ശ്രദ്ധയിൽ പെടുത്തിയതോടെ പ്രധാനമന്ത്രിയുടെ ഓഫീസ് തെറ്റു തിരുത്തി. ശ്രീധരൻ വേദിയിലുമെത്തി. ഇതിന് സമാനമായി ഉമ്മൻ ചാണ്ടിയുടെ സർക്കാരിന്റെ കാലത്ത് ഡിഎംആർസിയെ ഒഴിവാക്കി ടെൻഡർ വിളിക്കാൻ നീക്കം നടത്തിയപ്പോഴും ഇടപെട്ടത് സിപിഎമ്മാണ്. അതിശക്തമായ വിമർശനവുമായി നിറഞ്ഞത് വി എസ് അച്യുതാനന്ദനായിരുന്നു. എന്നാൽ ലൈറ്റ് മെട്രോയിൽ ശ്രീധരൻ ഒഴിവാക്കപ്പെടുമ്പോൾ സൈബർ സഖാക്കൾ മൗനത്തിലാകുന്നു. ആരും ചർച്ചയാക്കുന്നില്ല. ഇതിനെതിരെ ചോദ്യം ചെയ്യലുകളുമായി നിറയുകയാണ് സോഷ്യൽ മീഡിയ. വിഎസിന്റെ മൗനവും ചോദ്യം ചെയ്യുന്നു.

മുഖ്യമന്ത്രിയെ കാണാൻ ജനുവരിയിൽ സമയം ചോദിച്ചെങ്കിലും ഇതുവരെ ലഭിച്ചില്ലെന്ന് ഏറെ വേദനയോടെയാണ് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ പങ്കുവച്ചത്. ഇതിൽ അഭിപ്രായ പ്രകടനത്തിന് പോലും ഇടതുപക്ഷ സൈബർ പോരാളികൾ തയ്യാറല്ല. സിപിഐ സെക്രട്ടറി കാനവും നിശബ്ദൻ. പ്രതിപക്ഷമായ കോൺഗ്രസും ഇതൊന്നും മിണ്ടുന്നില്ല. ശ്രീധരൻ എങ്ങനേയും പോയാൽ മതിയെന്നാണോ എല്ലാവരുടേയും ചിന്തയെന്നാണ് സോഷ്യൽ മീഡിയ ഉയർത്തുന്ന ചോദ്യം.

ലൈറ്റ് മെട്രോ പദ്ധതികളിലെ നിശ്ചലാവസ്ഥ അറിയിക്കാനായിരുന്നു മുഖ്യമന്ത്രിയോട് ശ്രീധരൻ സമയം ചോദിച്ചത്. സാധാരണ 24 മണിക്കൂറിനകം മുഖ്യമന്ത്രി സമയം അനുവദിക്കാറുള്ളതാണ്. രാഷ്ട്രീയമായി തിരക്കിലായതിനാലാവാം അദ്ദേഹം സമയം നൽകാതിരുന്നതെന്നു കരുതുന്നതായി ശ്രീധരൻ പറഞ്ഞു. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ റെയിൽ പദ്ധതികളിലേക്ക് ഇനി സർക്കാർ ക്ഷണിച്ചാലും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ലൈറ്റ് മെട്രോ പദ്ധതികളിൽ നിന്നു ഡിഎംആർസി പിന്മാറുകയാണെന്നറിയിച്ചു സർക്കാരിനു ഫെബ്രുവരി 16നു കത്തു നൽകി. തലശേരി മൈസൂരു റെയിൽപാത സാമ്പത്തികമായി പ്രായോഗികമല്ലെന്നു റിപ്പോർട്ട് നൽകിയതാവാം സർക്കാരിനു ഡിഎംആർസിയിൽ താൽപര്യം കുറയാനുള്ള കാരണമെന്നും ശ്രീധരൻ പറയുന്നു.

കോഴിക്കോടും തിരുവനന്തപുരത്തും ഡിഎംആർസി ആരംഭിച്ച ഓഫിസുകളുടെ പ്രവർത്തനം 15ന് അവസാനിപ്പിക്കും. 2012 ഏപ്രിൽ മുതൽ ഈ ഓഫിസുകൾ പ്രവർത്തിക്കുന്നു. 15 മാസമായി ലൈറ്റ് മെട്രോ പദ്ധതികളുടെ കാര്യത്തിൽ ഒന്നും നടക്കുന്നില്ല. പലവട്ടം ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതാണ്. ലൈറ്റ് മെട്രോകൾ ഡിഎംആർസി നിർമ്മിക്കണമെന്ന് ഉത്തരവിറക്കിയതല്ലാതെ ഇതിനു കരാർ ഒപ്പിട്ടില്ല. കരടു കരാർ സർക്കാരിനു നൽകിയിട്ടു 15 മാസം കഴിഞ്ഞു. കേരള റാപിഡ് ട്രാൻസിറ്റ് കോർപറേഷൻ ലിമിറ്റഡ് (കെആർടിസിഎൽ) ബോർഡ് യോഗത്തിൽ രണ്ടു പദ്ധതിയും ടെൻഡർ ചെയ്തുകൂടേ എന്ന് അഭിപ്രായമുയർന്നു.