തിരുവനന്തപുരം: വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലെത്തിയ പിണറായി വിജയൻ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുകയാണ്. കേരളത്തിലെ ഇടതുപക്ഷ സർക്കാറിന് ഏറെ സന്തോഷം പകരുന്നതാണ് എൽഡിഎഫ് സർക്കാർ അധികാരത്തിലേറുന്ന മുഹൂർത്തമെന്നത് തർക്കമില്ലാത്തതാണ്. സർക്കാറിന്റേതായി നടപ്പിലാക്കാൻ ഉദ്ദേശിച്ച കാര്യങ്ങളും എല്ലാവർക്കും സന്തോഷം പകരുന്നതായിരുന്നു. ഇതിൽ പ്രധാനമായ ഒരു കാര്യം അനാവശ്യ ധൂർത്ത് കുറയ്ക്കുമെന്ന പ്രഖ്യാപനമായിരുന്നു. ഇതിന്റെ ഭാഗമായി, ചെലവു ചുരുക്കുന്നതിനായി മന്ത്രിമന്ദിരങ്ങൾ അനവശ്യമായി മോടി പിടിപ്പിക്കരുതെന്നും പുതിയ കാർ വാങ്ങരുതെന്നുമുള്ള നിർദ്ദേശം പിണറായി വിജയൻ നൽകിയിരുന്നു. ഈ തീരുമാനത്തെ എല്ലാവരും കൈയടികളോടെയാണ് സ്വീകരിച്ചതും. എന്നാൽ, സത്യപ്രതിജ്ഞയുടെ ഭാഗമായുള്ള നടപടികളിൽ ധൂർത്തുണ്ടെന്ന ആരോപണം വിവിധ കോണുകളിൽ നിന്നും ഉയർന്നു കഴിഞ്ഞു.

പിണറായി സർക്കാർ അധികാരത്തിലേറാൻ വേണ്ടി രാജ്ഭവനെ ഒഴിവാക്കി മുൻഗാമി വി എസ് അച്യുതാനന്ദന്റെ മാതൃകയാക്കി സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചത്. സെൻട്രൽ സ്റ്റേഡിയത്തിൽ തയ്യാറാക്കിയ വേദിയുടെ ചെലവും ഇന്ന് പത്രങ്ങളിൽ കോടികൾ മുടക്കിയുള്ള പരസ്യവും വന്നതോടെ പലരും നെറ്റിചുളിച്ചു തുടങ്ങിയിട്ടുണ്ട്. സാധാരണ ഗതിയിൽ ലളിതമായ രീതിയിൽ സത്യപ്രതിജ്ഞ നടത്തുന്നത് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിലാണ്. എന്നാൽ, ഇതിന് വ്യത്യസ്തമായി സെൻട്രൽ സ്‌റ്റേഡിയത്തിലേക്ക് വേദി മാറ്റിയപ്പോൾ അത് സർക്കാറിന് അധികബാധ്യതയായി. വേദിയൊരുക്കാനും മറ്റുമായി ഒരു കോടിയോളം രൂപ ചെലവിടേണ്ടി വന്നുവെന്നാണ് റിപ്പോർട്ട്.

സാധാരണ രാജ്ഭവനിൽ വച്ചാണ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യാറുള്ളതെങ്കിലും ഇക്കുറി വലിയ ജനപങ്കാളിത്തമാണ് എൽഡിഎഫ് നേതൃത്വം സത്യപ്രതിജ്ഞ ചടങ്ങിന് പ്രതീക്ഷിക്കുന്നത്. ഇതാണ് പരിപാടി രാജ്ഭവന് പുറത്തേക്ക് മാറ്റാൻ കാരണം. സെൻട്രൽ സ്റ്റേഡിയത്തിൽ വൈകിട്ട് നാലിനാണ് സത്യപ്രതിജ്ഞ. വേദിയുടെ മുൻഭാഗം നിയുക്ത മന്ത്രിമാർക്കും എംഎൽഎമാർക്കും വിശിഷ്ടാതിഥികൾക്കുമായി മാറ്റിവയ്ക്കും. ഉദ്യോഗസ്ഥ പ്രമുഖർക്കും മാദ്ധ്യമങ്ങൾക്കും പ്രത്യേകം ഇരിപ്പിടം ഉറപ്പുവരുത്തിയിട്ടുണ്ട്. ശേഷിക്കുന്ന എല്ലായിടത്തും പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകും. ആദ്യമെത്തുന്നവർക്ക് ഇരിപ്പിടങ്ങൾ ഉറപ്പുവരുത്താം. വേദിയുടെ മുൻനിരയിലും ഗ്യാലറിയിലും പന്തലിടും. തിരക്കുമൂലം സ്റ്റേഡിയത്തിൽ പ്രവേശിക്കാനാകാത്തവർക്ക് സത്യപ്രതിജ്ഞ കാണുന്നതിനായി നഗരത്തിൽ നാലിടത്ത് എൽഇഡി വാളുകൾ സ്ഥാപിക്കും.

ഇങ്ങനെയുള്ള സൗകര്യങ്ങൾ ഒരുക്കുമ്പോഴാണ് ഒരു കോടിയോളം ചിലവു വരിക. ഇത് ധൂർത്താണെന്നും അധിക ചെലവാണെന്നും ഇന്നലെ ചില ചാനൽ ചർച്ചകളിൽ അഭിപ്രായം ഉയർന്നിരുന്നു. കൂടാതെ ഇന്ന് സത്യപ്രതിജ്ഞയുടെ വിവരങ്ങൾ അടങ്ങിയ പരസ്യങ്ങൾ ചില ഡൽഹി പത്രങ്ങളിലെ മുൻപേജിൽ വന്നതാണ് വിമർശനങ്ങൾ കൂടുതൽ ശക്തമാകാൻ ഇടയാക്കിയത്. ദി ഇന്ത്യൻ എക്സ്‌പ്രസ്, ഹിന്ദുസ്ഥാൻ ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ പത്രങ്ങളുടെ ഡൽഹി എഡിഷനിലെ മുൻപേജിലാണ് പിണറായി സർക്കാർ അധികാരമേൽക്കുന്നു എന്ന് വ്യക്തമാക്കിയുള്ള പരസ്യം പ്രസിദ്ധീകരിച്ചത്. കോടികൾ മുടക്കി തന്നെയാണ് ഈ പത്രങ്ങൾക്ക് പരസ്യം നൽകിയത്. കേരളാ പിആർഡി വിഭാഗമാണ് ഇത്തരത്തിൽ ദേശീയ ദിനപത്രങ്ങളിൽ പരസ്യം നൽകിയത്.

കേരളത്തിലെ മലയാളം പത്രങ്ങളിലും പരസ്യങ്ങളുണ്ടെങ്കിലും ഫുൾപേജ് പരസ്യമില്ല. ചാനലുകൾക്കും അധികാരമേൽക്കുന്നതു കാണിച്ചുള്ള പരസ്യം നൽകിയിരുന്നു. കൂടാതെ ഡൽഹിയിലെ പത്രങ്ങൾക്ക് കോടികൾ മുടക്കി പരസ്യം നൽകുകയും ചെയ്തതോടെ സോഷ്യൽ മീഡിയയിൽ അടക്കം വിഷയം ചർച്ചയായിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ വൃന്ദമാണ് ആർക്കൊക്കെ പരസ്യം കൊടുക്കണമെന്നത് അടക്കമുള്ള കാര്യങ്ങൾ തീരുമാനിച്ചത്. ഇക്കാര്യത്തിൽ എൽഡിഎഫിന്റെ ഭാഗത്തു നിന്നും ഏതെങ്കിലും നിർദ്ദേശം ഉണ്ടായോ എന്ന കാര്യവും വ്യക്തമല്ല. എന്തുതന്നെയായാലും കോടികൾ മുടക്കി ദേശീയ പത്രങ്ങൾക്ക് പരസ്യം നൽകിയത് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഇത് ധൂർത്താണെന്ന വാദവും ശക്തമാണ്.

മന്ത്രിമന്ദിരങ്ങൾ മോടി പിടിപ്പിക്കേണ്ടെന്നും ധൂർത്ത് ഒഴിവാക്കുമെന്നും പ്രഖ്യാപിച്ചതിലൂടെ പിണറായി സർക്കാറിനുണ്ടായ നേട്ടത്തിൽ ഇത് കല്ലുകടിയായെന്ന് വാദിക്കുന്നവരും കുറവല്ല. നേരത്തെ ഡൽഹിയിലെ ആം ആദ്മി സർക്കാറിന്റെ പരസ്യങ്ങൾ മലയാളം പത്രങ്ങളിൽ വന്നിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും ചെയ്തു. എൽഡിഎഫ് സർക്കാറിന്റെ രാഷ്ട്രീയ എതിരാളികൾക്ക് വടി നൽകുന്നതായി പിആർഡി നൽകി പത്രപ്പരസ്യങ്ങളെന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന പൊതുവികാരം.

എൽഡിഎഫ് എംഎൽഎമാരുടെ പിന്തുണ നേടി പിണറായി വിജയൻ സർക്കാർ രൂപീകരിക്കാൻ ഗവർണറെ കണ്ട് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. സർക്കാരുണ്ടാക്കാൻ ഗവർണർ പിണറായിയെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ മന്ത്രിമാരുടെ എണ്ണം ചുരുക്കിയും പേഴ്‌സണൽ സ്റ്റാഫിന്റെ അംഗം 25 ആക്കി നിജപ്പെടുത്തുമെന്നുമുള്ള പിണറായി വിജയന്റെ പ്രഖ്യാപനം എല്ലാവരുടെയും കൈയടി നേടിയിരുന്നു.