തിരുവനന്തപുരം: മൂന്നോ നാലോ മാസം മുമ്പു പറഞ്ഞ വാക്കുകൾ മുഖ്യമന്ത്രി പിണറായി വിജയനെ തിരിഞ്ഞുകൊത്തുകയാണിപ്പോൾ. ഉമ്മൻ ചാണ്ടി സർക്കാരിന്റെ തനിനിറം ജനങ്ങൾ അറിഞ്ഞാൽ ആട്ടി പുറത്താക്കും എന്ന ഭയം കൊണ്ടാണ് വിവരാവകാശ നിയമം അട്ടിമറിക്കുന്ന വിജ്ഞാപനം ഇറക്കിയതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ പറഞ്ഞതായി റിപ്പോർട്ട് ചെയ്തത് സിപിഐ(എം) പത്രമായ ദേശാഭിമാനിയാണ്. 2016 മാർച്ച് 18നായിരുന്നു വാർത്ത റിപ്പോർട്ട് ചെയ്തത്. ഫെയ്‌സ് ബുക്ക് പോസ്റ്റിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു വാർത്ത. ഭരണഘടനയുടെ 19,21 അനുച്ഛേദങ്ങളുടേയും സുപ്രീംകോടതി വിധിന്യായങ്ങളുടേയും നിയമരൂപമായ 2005 ലെ വിവരാവകാശ നിയമത്തെ ഇത്തരത്തിൽ ദുർബലപ്പെടുത്തരുതെന്നായിരുന്നു പിണറായിയുടെ പഴയ നിലപാട്. അധികാരത്തിലെത്തിയപ്പോൾ വാക്ക് മാറ്റി.

മന്ത്രിസഭാ തീരുമാനങ്ങൾ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തേണ്ടതില്ലെന്ന് സർക്കാർ തീരുമാനത്തോടെ ഈ വാർത്തയും പഴയ ഫെയ്‌സ് ബുക്ക് പോസ്റ്റും ചർച്ചയാകുകയാണ്. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകണമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണറുടെ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാൻ സർക്കാർ ഒരുങ്ങുന്ന പശ്ചാത്തിൽ പിണറായിയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. മന്ത്രിസഭാ തീരുമാനങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാനാകില്ലെന്നും ഇതിന് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നുമാണ് സർക്കാൻ നിലപാട്. മന്ത്രിസഭാ തീരുമാനങ്ങൾ നടപ്പാക്കിയതിനു ശേഷം മാത്രമേ വിവരം പുറത്തുവിടൂ. രഹസ്യ സ്വഭാവമുള്ള വകുപ്പുകളുടെ വിവരങ്ങൾ പുറത്തുവിടാനാവില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ മുൻ സർക്കാരിന്റെ തീരുമാനത്തെ വിമർശിച്ച പിണറായിയുടെ നിലപാട് ഏറെ ചർച്ചയാവുകയാണ്. അധികാരത്തിലെത്തുന്നതിന് മുമ്പുള്ള നിലപാട് മാറ്റുന്നത് ആർക്ക് വേണ്ടിയെന്നാണ് ഉയരുന്ന ചോദ്യം. ഇതുമായി ബന്ധപ്പെട്ട് പിണറായി നേരത്തെ പോസ്റ്റിട്ട് ഫേസ്‌ബുക്ക് പേജ് നിലവിൽ ലഭ്യമല്ല.

മന്ത്രിസഭാ തീരുമാനങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്നും കഴിഞ്ഞ ജനവരി ഒന്നുമുതൽ ഏപ്രിൽ 12 വരെയുള്ള മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകണമെന്നും മുഖ്യ വിവരാവകാശ കമ്മീഷണർ ഉത്തരവിട്ടിരുന്നു. ഇക്കാലയളവിലെ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ലഭ്യമാക്കണമെന്ന വിവരാവകാശ പ്രവർത്തകൻ അഡ്വ. ഡി. ബി. ബിനുവിന്റെ അപേക്ഷയിലായിരുന്നു ഉത്തരവ്. വിവരങ്ങൾ നൽകിയതിന് ശേഷം ഇക്കാര്യങ്ങൾ രേഖാമൂലം വിവരാവകാശ കമ്മീഷനെ അറിയിക്കണമെന്നും മുഖ്യ വിവരാവകാശ കമ്മീഷണർ നിർദ്ദേശിച്ചിരുന്നു. പത്തു ദിവസത്തിനകം മന്ത്രിസഭായോഗ തീരുമാനങ്ങൾ അപേക്ഷകർക്ക് നൽകണമെന്ന ഉത്തരവ് നടപ്പായില്ലെന്ന് പരാതി ഉയർന്നതിനെ തുടർന്ന് മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസൺ എം.പോൾ താൻ നിലപാടിൽ ഉറച്ചു നിൽക്കുന്നതായി വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. വിവരങ്ങൾ നൽകിയിട്ടില്ലെന്ന പരാതി തനിക്ക് ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാൽ നിയമപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു

ഇതോടെയാണ് വിവരാവകാശ കമ്മീഷണർക്കെതിരെ കോടതിയ സമീപിക്കാൻ പിണറായി സർക്കാർ തീരുമാനിച്ചത്. ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് വിവരാവകാശവുമായി ബന്ധപ്പെട്ട വിഷയത്തിൽ പിണറായി കടുത്ത നിലപാടാണ് ഉയർത്തിയത്. എന്നാൽ അധികാരത്തിലെത്തിയപ്പോൾ ഇതെല്ലാം മറുന്നു. മന്ത്രിസഭായോഗ തീരുമാനങ്ങൾ പരസ്യമാക്കാൻ കഴിയില്ലെന്നും പിണറായി സർക്കാർ വിശദീകരിക്കുന്നു. തീരുമാനങ്ങൾ വിവരാവകാശ പരിധിയിൽ വരില്ലെന്നും നിലപാട് എടുക്കുന്നു. വകുപ്പുകളെ സംബന്ധിച്ച രഹസ്യ വിവരങ്ങളും മറ്റും ഇത്തരത്തിൽ പുറത്ത് വിടുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും സർക്കാർ വ്യക്തമാക്കി. പിണറായി വിജയൻ സർക്കാർ അധികാരമേറ്റ ശേഷം മന്ത്രിസഭായോഗ തീരുമാനങ്ങൾ പരസ്യപ്പെടുത്തുന്നില്ല എന്ന വിമർശനം ഉയർന്നിരുന്നു. മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രിമാർ നടത്തിയിരുന്ന വാർത്താ സമ്മേളനവും പിണറായി ഒഴിവാക്കിയിരുന്നു.

ഇതോടെയാണ് വിവരാവകാശം വഴി മന്ത്രിസഭായോഗ തീരുമാനങ്ങൾ വിവരാവകാശ പ്രവർത്തകർ ആരാഞ്ഞത്. സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷ സംബന്ധിച്ച പല തീരുമാനങ്ങളും മന്ത്രിസഭ കൈക്കൊള്ളും. ഇതെല്ലാം പുറത്ത് വിടാനാവില്ല. പ്രായോഗിക ബുദ്ധിമുട്ടുകളും നടപടി ക്രമങ്ങളിലെ സങ്കീർണതകളും ഇത്തരത്തിൽ വിവരങ്ങൾ നൽകുന്നതിന് തടസമാണെന്നും കമ്മിഷന് നൽകിയ വിശദീകരണ കുറിപ്പിൽ സർക്കാർ വ്യക്തമാക്കി. ഇതോടെ കഴിഞ്ഞ സർക്കാരിനെ വിമർശിച്ച പിണറായിയുടെ നിലപാടും ചർച്ചയാകുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ള ഉന്നതരുടെ പേരിലുള്ള വിജിലൻസ് അന്വേഷണം സംബന്ധിച്ച വിവരങ്ങൾ നൽകുന്നതു വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയ സർക്കാർ വിജ്ഞാപനം 'സുതാര്യത' പറയുന്ന മുഖ്യമന്ത്രിയുടെ ഒന്നാം തരം കാപട്യത്തിന് തെളിവാണെന്നായിരുന്നു പിണറായി വിമർശിച്ചത്. കേസുകളിലെ വിവരങ്ങൾ പുറത്തുവരാതിരിക്കാനാണെന്നും പറഞ്ഞിരുന്നു.

അന്ന് പിണറായിയുടെ ഫേസ്‌ബുക്ക് പേജിലെ മറ്റ് പരമാർശങ്ങൾ ഇങ്ങനെ - ഇവരുടെ പേരിൽ വിജിലൻസ് ഡയറക്ടർ ആസ്ഥാനത്തെ ടോപ് സീക്രട്ട് സെക്ഷൻ അന്വേഷിച്ചതോ, അന്വേഷണം നടത്തുന്നതോ ആയ ഒരു കേസിന്റെയും വിവരങ്ങൾ ഇനി വിവരാവകാശ നിയമപ്രകാരം ലഭിക്കില്ല, ഈ കേസുകളിൽ സിബിഐക്കോ ലോകായുക്ത തുടങ്ങിയ ഏജൻസികൾക്കോ വിജിലൻസ് നൽകുന്ന രേഖകളുടെ പകർപ്പും ലഭിക്കില്ല എന്നാണ് വാർത്ത. ഉന്നതരുടെ അഴിമതിക്കേസുകൾ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭിച്ചിരുന്ന സാഹചര്യം അടച്ചു കൊണ്ട്, തെരഞ്ഞെടുപ്പു കാലത്ത് സ്വന്തം കുറ്റകൃത്യങ്ങൾ ഒളിപ്പിച്ചു വെക്കാനാണ് ശ്രമിക്കുന്നതെന്നും പറഞ്ഞിരുന്നു.

എൽഡിഎഫ് അധികാരത്തിൽ എത്തിയതോടെ പ്രതിപക്ഷത്തായിരുന്നപ്പോൾ പറഞ്ഞ കാര്യങ്ങളിൽ നിന്നും പിണറായി പിന്നോട്ടു പോകുകയാണോ എന്ന സംശയമാണ് പലരും ഉന്നയിക്കുന്നത്. മുല്ലപ്പെരിയാർ വിഷയവും അതിരപ്പള്ളി പദ്ധതിയിലെ നിലപാടുകളും പലരും ചൂണ്ടിക്കാട്ടുന്നു. പിണറായി വിജയൻ മുഖ്യമന്ത്രി ആയപ്പോൾ മുൻകാലങ്ങളിലേതിൽ നിന്നും വ്യത്യസ്തമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ, കാര്യമായ തീരുമാനങ്ങൾ ഒന്നും കൈക്കൊള്ളാതിരുന്ന മന്ത്രിസഭാ യോഗത്തിന്റെ വിവരങ്ങൾ പോലും നൽകാനാവില്ലെന്ന നിലപാട് ഏറെ വിമർശനമാണ് ഉണ്ടാക്കുന്നത്. പിണറായി മുഖ്യമന്ത്രിയായ സമയത്ത് തന്നെ അദ്ദേഹത്തിന്റെ ഓഫീസിലെ വെബ്കാസ്റ്റിങ് സംവിധാനം നിർത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് കാബിനെറ്റ് യോഗ തീരുമാനങ്ങൾ വാർത്താസമ്മേളനങ്ങളിലൂടെ അറിയിക്കുന്ന പതിവുണ്ടാവില്ലെന്ന് വ്യക്തമാക്കിയതും. മുഖ്യമന്ത്രിക്ക് പകരം മറ്റാരെങ്കിലുമാകും വിവരങ്ങൾ വിശദീകരിക്കുക എന്നാണ് അറിയുന്നത്. പക്ഷേ അതും ഉണ്ടായില്ല. പിആർഒ പണി ചെയ്യണ്ടവരല്ല മന്ത്രിമാർ എന്നാണ് ഇതിന് പിണറായി നൽകുന്ന വിശദീകരണം.