തിരുവനന്തപുരം: കണ്ണൂരിൽ നടന്ന സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേരളാ മുഖ്യമന്ത്രി പിണരായി വിജയനവുമായി ഊഷ്മള ബന്ധം വെച്ചു പുലർത്തുന്ന നേതാവാണ്. ഇക്കാര്യം പറഞ്ഞു കൊണ്ടാണ് സ്റ്റാലിൻ സെമിനാറിൽ പങ്കെടുത്തു കൊണ്ട് സംസാരിച്ചതും. എന്നാൽ, ഈ സൗഹൃദം കൊണ്ട് കേരളത്തിന് എന്തെങ്കിലും നേട്ടമുണ്ടോ എന്ന ചോദ്യവും ഉയർന്നിരുന്നു. മുല്ലപ്പെരിയാറിലെ വിഷയത്തിൽ ഈ സൗഹൃദം ഫലിക്കുന്നില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.

കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ഉറ്റ സൗഹൃദമുണ്ടെങ്കിലും മുല്ലപ്പെരിയാറിലെ വെള്ളം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് രാഷ്ട്രീയ ആയുധമാണ്. പുതിയ അണക്കെട്ട് എന്ന ദീർഘകാല ആവശ്യം സ്റ്റാലിനു മുൻപാകെ ഉന്നയിക്കാൻ പോലും കേരള സർക്കാരിനു കഴിയുന്നില്ല. സ്റ്റാലിൻ പിണറായി ചർച്ചയും ഇതുവരെ നടന്നിട്ടില്ല.

ഇരുവരും ചെന്നൈയിൽ കൂടിക്കാഴ്ച നടത്തുമെന്നാണ് തമിഴ്‌നാട് ജലവിഭവ വകുപ്പ് ഒക്ടോബറിൽ അറിയിച്ചതെങ്കിലും മുല്ലപ്പെരിയാർ ബേബി ഡാം മരംമുറി വിവാദത്തെത്തുടർന്ന് ചർച്ചയ്ക്കുള്ള സാധ്യത മങ്ങി. മരം മുറിക്കാൻ അനുമതി നൽകിയ പിണറായിക്ക് നന്ദി അറിയിച്ച് കത്തയച്ച സ്റ്റാലിൻ പിന്നീട് മുല്ലപ്പെരിയാറിനെക്കുറിച്ച് മിണ്ടിയിട്ടില്ല.

തമിഴ്‌നാടിന്റെ അനുമതിയുണ്ടെങ്കിൽ, മുല്ലപ്പെരിയാറിൽ കേരളത്തിനു പുതിയ ഡാം നിർമ്മിക്കാമെന്ന് 2014 ലെ സുപ്രീംകോടതി വിധിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മേൽനോട്ട സമിതിക്ക് സമ്പൂർണ അധികാരം ലഭിച്ച സാഹചര്യത്തിൽ, അഭിപ്രായ ഐക്യത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാൻ മുഖ്യമന്ത്രിതല ചർച്ച വേണ്ടിവരും.

അതേസമയം മേൽനോട്ട സമിതിക്ക് ഡാം സുരക്ഷ നിയമ പ്രകാരമുള്ള അധികാരങ്ങൾ നൽകി സുപ്രീംകോടതി ഉത്തരവിറക്കിയത് രണ്ട് ദിവസം മുമ്പാണ്. മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്ക് ഡാം സുരക്ഷ നിയമ പ്രകാരമുള്ള അധികാരങ്ങൾ നൽകുന്നതിൽ കേരളവും തമിഴ്‌നാടും അനുകൂല നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണ് സുപ്രീം കോടതി ഉത്തരവ്. ദേശീയ ഡാം സുരക്ഷാ അഥോറിറ്റി പൂർണസജ്ജമാകുന്നത് വരെ ഡാം സുരക്ഷ നിയമപ്രകാരമുള്ള അധികാരങ്ങൾ മേൽനോട്ട സമിതിക്ക് നൽകി കൊണ്ടാണ് ഉത്തരവ്.

കേരള-തമിഴ്‌നാട് സംസ്ഥാനങ്ങളുടെ ഓരോ സാങ്കേതിക അംഗത്തെ ഉൾപ്പെടുത്തിയാണ് മേൽനോട്ട സമിതി പുനഃസംഘടിപ്പിച്ചത്. അടുത്ത മാസം 11ന് മേൽനോട്ട സമിതി തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ഉത്തരവിറക്കി. രണ്ട് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കാണ് സമിതിയുടെ നിർദേശങ്ങൾ നടപ്പാക്കാനുള്ള ചുമതല.

മുല്ലപ്പെരിയാറിൽ പുതിയ സുരക്ഷാ പരിശോധനയും സുരക്ഷാ ഓഡിറ്റും നടത്തണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അണക്കെട്ടിന്റെ ദൃഢത, ഘടന എന്നിവ സംബന്ധിച്ച വിഷയങ്ങൾ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതാണെന്നും ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ദേശീയ ഡാം സുരക്ഷാ അഥോറിറ്റി രൂപീകരണം അന്തിമമാകാൻ ഒരു വർഷമെടുക്കുമെന്ന് കേന്ദ്ര ജല കമ്മീഷനുവേണ്ടി അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയ കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് കോടതി ഉത്തരവ്.

മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരം നൽകുന്നതിനുള്ള ശുപാർശകൾ തയ്യാറാക്കുന്നതിൽ കേരളവും തമിഴ്‌നാടും തമ്മിൽ സമവായം ആയിരുന്നില്ല. സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തി സമിതിയെ പുനഃസംഘടിപ്പിക്കാൻ മാത്രമാണ് ധാരണ ആയതെന്ന് ഇരു സംസ്ഥാനങ്ങളും സുപ്രീംകോടതിയെ അറിയിച്ചിരുന്നു.