തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് ഇനിയും സർക്കാർ കൂടുതൽ സമയം തേടുമോ? നടിയുടെ ആശങ്കകൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി നേരിട്ടു ഉറപ്പു നൽകിയ പശ്ചാത്തലത്തിൽ ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണം ഇനി എങ്ങനെ മുന്നോട്ടു പോകുമെന്നാണ് അറിയേണ്ടത്. ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതൽ സമയം കോടതിയിൽ സർക്കാർ ചോദിക്കാനാണ് സാധ്യത. അഭിഭാഷകരെ ചോദ്യം ചെയ്യണം എന്നത് അടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം എങ്ങനെ മുന്നോട്ടു പോകുമെന്നാണ് ഇനി അറിയേണ്ടതും.

കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു ആശങ്കയും വേണ്ടെന്ന് ആക്രമണത്തിനിരയായ നടിക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്. ആശങ്കകളെല്ലാം പരിഹരിക്കും. കേസിൽ സർക്കാർ നടിക്കൊപ്പം തന്നെയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി. നടി ഉന്നയിച്ച ആശങ്കകളും പരാതികളുമെല്ലാം നേരിട്ട് പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മൂന്നുപേജുള്ള നിവേദനം അതിജീവിത മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. ഈ നിവേദനത്തിലെ ആശങ്കകൾ പരിഹരിക്കണം എന്നതാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു. കൂടിക്കാഴ്ചയ്ക്കിടെ തന്നെ മുഖ്യമന്ത്രി ഡിജിപിയെയും എഡിജിപിയെയും ഫോണിൽ വിളിച്ചതായാണ് വിവരം. തന്റെ ഓഫീസിലേക്ക് ഇരുവരെയും വിളിച്ചു വരുത്തി. തുടർന്ന് കേസുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്തി. അന്വേഷണം സുതാര്യമായി മുന്നോട്ടുകൊണ്ടുപോകണം. വേഗത്തിൽ അന്വേഷണം പൂർത്തിയാക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

കേസിൽ തുടക്കം മുതൽ സർക്കാർ ചെയ്ത കാര്യങ്ങൾ മുഖ്യമന്ത്രി നടിയുമായുള്ള കൂടിക്കാഴ്‌ച്ചയിൽ വിശദീകരിച്ചിരുന്നു. എന്നും അതിജീവിതയ്ക്കൊപ്പമാണ് സർക്കാർ നിലകൊണ്ടത്. ആ നില തന്നെ തുടർന്നും ഉണ്ടാകും. ഇത്തരം കേസുകളിൽ എതിർപക്ഷത്ത് എത്ര ഉന്നതനായാലും നടപടി ഉണ്ടാകും. കോടതിയെ സമീപിക്കാൻ ഇടയായത് സർക്കാർ നടപടിയിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകളുടെ പേരിലല്ലെന്ന് അതിജീവിത പറഞ്ഞു.

കേസിൽ നടന്നിട്ടുള്ള ചില കാര്യങ്ങളിൽ കോടതിയുടെ അനുകൂല ഉത്തരവ് പ്രതീക്ഷിച്ചും അന്വേഷണത്തിന് കൂടുതൽ സമയം ലഭിക്കാനും വേണ്ടിയാണ് ഇത് ചെയ്തത്. കൂടെനിൽക്കുന്ന സർക്കാരിനും മുഖ്യമന്ത്രിക്കും അവർ നന്ദി പറഞ്ഞു. സർക്കാറിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. പോരാട്ടം ഇനിയും തുടരും. പോരാടാനും തയാറാണ്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ സംതൃപ്തയാണെന്നും നടി പറഞ്ഞു.

സർക്കാർ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പുതന്നു. അദ്ദേഹത്തെ കാര്യങ്ങൾ ധരിപ്പിക്കാൻ സാധിച്ചു. സർക്കാറിനെ വിശ്വസിക്കുകയാണ്. കേസിന്റെ സത്യാവസ്ഥ പുറത്തുവരണം. മന്ത്രിമാരുടെ വിമർശനത്തിൽ ഒന്നും പറയാനില്ലെന്നും അവർ കൂട്ടിച്ചേർത്തു. അതിവത കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നൽകിയ ഹരജിയുമായി ബന്ധപ്പെട്ട് വിവിധ കോണുകളിൽ നിന്നും പലതരത്തിലുള്ള പ്രതികരണങ്ങൾ ഉണ്ടായിരുന്നു. ഈ പ്രതികരണങ്ങൾ തന്നെ വേദനിപ്പിച്ചുവെന്ന് നടി പറഞ്ഞു. ആരുടെയും വായ മൂടിക്കെട്ടാൻ തനിക്കാകില്ല. അതുകൊണ്ടാണ് തന്റെ ആശങ്കകൾ നേരിട്ട് മുഖ്യമന്ത്രിയെ അറിയിക്കാനെത്തിയതെന്നും നടി വ്യക്തമാക്കി.

നടിയെ വിശ്വാസത്തിലെടുത്തു കൊണ്ടുള്ള അന്വേഷണം തന്നെയാണ് നടന്നിട്ടുള്ളത്. ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് മാത്രമാണ് ഇപ്പോൾ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കേണ്ടി വരുന്നതെന്നും നടി ഇപ്പോൾ ആരോപിക്കുന്ന കാര്യങ്ങളിൽ വസ്തുതയില്ലെന്നും ഡി.ജി.പി അനിൽകാന്ത് മുഖ്യമന്ത്രിയെ വിശദീകരിച്ചെന്നാണ് വിവരം.