തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ റിവ്യൂഹർജി നൽകില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനെതിരെ സർക്കാർ നിയമനിർമ്മാണം നടത്തുന്നതിനോ ഓർഡിനൻസ് കൊണ്ടുവരുന്നതിനോ ഉദ്ദേശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ദേവസ്വം ബോർഡിന് ഇക്കാര്യത്തിൽ സ്വതന്ത്ര തീരുമാനം കൈക്കൊള്ളാമെന്നും പിണറായി വിജയൻ പറഞ്ഞിട്ടുണ്ട്. ദേവസ്വം ബോർഡ് ഈ വിഷയത്തിൽ തീരുമാനം കൈക്കൊണ്ടാൾ അതിനെ എതിർക്കില്ലെന്ന സൂചനയാണ് മുഖ്യമന്ത്രി നൽകിയത്.

അതിനിടെ നിലയ്ക്കലിലും പമ്പയിലും വനിതകളെ ബസിൽ നിന്നും പിടിച്ചിറക്കിയ സംഭവത്തിലും മുഖ്യമന്ത്രി പ്രതികരണം നടത്തി. സ്ത്രീകളെ തടയുന്ന സ്ഥിതിയിലേക്ക് കര്യങ്ങൽ മാറിയാൽ അത് അനുവദിക്കില്ലെന്നും. നിയമം കൈയിലെടുക്കാൻ ആർക്കും അധികാരമില്ലെന്നും പിണറായി പറഞ്ഞു. ശബരിമല വിഷത്തിൽ പുരുഷനുള്ള എല്ലാ അവകാശങ്ങളും സ്ത്രീകൾക്കും ഉണ്ടെന്ന് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. അതിനാൽ തന്നെ ഇനി അത് മാറ്റിപ്പറയാനാകില്ല. വിധിക്കെതിരെ നിയമം ഉണ്ടാക്കാനൊന്നും സർക്കാരില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകില്ല. ദേവസ്വം ബോർഡ് ഹർജി നൽകുമോയെന്ന കാര്യം അവരോട് ചോദിക്കണമെന്നും മുഖ്യമന്ത്രി മറുപടി നൽകി.

ശബരിമലയിലേക്ക് പോകുന്നവരെ പരിശോധിക്കാൻ ആർക്കും അവകാശമില്ല. അങ്ങനെയുണ്ടായാൽ കർശന നടപടിയുണ്ടാകും. വിശ്വാസികൾക്ക് എപ്പോഴും അവരുടെ വിശ്വാസങ്ങൾക്ക് അനുസരിച്ച് കാര്യങ്ങൾ നടത്തണം. അതിന് തടസം വരുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ല. സാധാരണ ശബരിമലയിൽ പോകുന്നവർ ശാന്തമായി മടങ്ങി വരാറുണ്ട്. അതിന് ഭംഗം വരുന്ന എന്തെങ്കിലും ഉണ്ടാകുന്നത് സർക്കാർ അംഗീകരിക്കില്ല - മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീകളെ പിച്ചിച്ചീന്തുമെന്നും ഭരണഘടന കത്തിക്കുമെന്നുമൊക്കെ ഉത്തരവാദിത്വപ്പെട്ടവർ പറയാമോ എന്ന് ചിന്തിക്കണമെന്നും മുഖ്യമന്തി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതിനിടെ ശബരിമല വിവാദത്തിൽ സ്ത്രീപ്രവേശനം സംബന്ധിച്ച സർക്കാർ നിലപാട് കേരളമാകെ വിശദീകരിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ഇടതുനേതാക്കളും കൂട്ടത്തോടെ ഇറങ്ങാൻ തീരുാനിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗം നടത്തുന്നുണ്ട്.

23 ന് പത്തനംതിട്ടയിലും 24 ന് കൊല്ലത്തും മുഖ്യമന്ത്രി പ്രസംഗിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഈ യോഗങ്ങളിൽ പങ്കെടുക്കും. ഈ മാസം 30 നു മുൻപ് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ നടത്തും. ഈ ജില്ലാതല യോഗങ്ങൾക്കു പിന്നാലെ പഞ്ചായത്തുതലം വരെ പൊതുയോഗങ്ങൾ നടത്താനും എൽഡിഎഫ് നേതൃയോഗം തീരുമാനിച്ചു. സമരക്കാരുമായി ചർച്ചയ്ക്കുള്ള സാധ്യതയുണ്ടെങ്കിൽ അതും മുന്നണി പരിശോധിക്കും.

ജനാധിപത്യത്തിൽ ചർച്ചയ്ക്ക് എപ്പോഴും പ്രസക്തിയുണ്ട്. പന്തളം കൊട്ടാരവും തന്ത്രികുടുംബവുമായി സംസാരിക്കാമെന്നു മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്. അതിനോട് ആ നിലയ്ക്കുള്ള പ്രതികരണം അപ്പോഴുണ്ടായില്ല. അതുകൊണ്ട് ആ സാധ്യത അവസാനിച്ചുവെന്നല്ല എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. സുപ്രീംകോടതി വിധി വന്ന പശ്ചാത്തലത്തിൽ അതു നടപ്പാക്കേണ്ട കടമ സർക്കാരിനുണ്ടെന്നാണു യോഗം വിലയിരുത്തിയത്. കോടതി വിധിയുടെ മറവിൽ സർക്കാരിനെക്കുറിച്ചു തെറ്റിദ്ധാരണയുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള യുഡിഎഫിന്റെയും ബിജെപിയുടെയും ശ്രമം ഇടതുമുന്നണി ചെറുക്കും.